കേരളത്തിൽ വീണ്ടും വേനൽ മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങുന്നു

കേരളത്തിൽ വീണ്ടും വേനൽ മഴ സജീവമാകുന്നു. തെക്കേ ഇന്ത്യയിൽ വേനൽമഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഒരുങ്ങുന്നതാണ് കാരണം. ഇപ്പോൾ തെക്കൻ ജില്ലകളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷമാറ്റം ഉണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ദക്ഷിണേന്ത്യയിൽ പ്രാദേശിക ന്യൂനമർദ പാത്തി രൂപപ്പെടുന്നതാണ് കാരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാനങ്ങൾക്കാണ് മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും മെറ്റ്ബീറ്റ് വെതർ നിർദേശിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കേണ്ടത്.

മഴക്ക് കാരണം ന്യൂനമർദ പാത്തി, ഗതിമുറിവ്
തെക്കൻ തമിഴ്‌നാട് മുതൽ കേരളത്തോട് ചാരി ഉൾനാടൻ കർണാടക വഴി വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണിത്. ഇതോടൊപ്പം കാറ്റിന്റെ ഗതിമുറിവും ഉണ്ടാകും. ഇത് ഇടിമിന്നലോടെ മഴ നൽകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. വടക്കൻ കേരളത്തിലും മഴ പ്രതീക്ഷ നൽകുന്ന അന്തരീക്ഷ മാറ്റമാണ് സംജാതമാകുന്നത്. നാളെ (ചൊവ്വ) തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വരണ്ട കാലാവസ്ഥ തുടരും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടെ ഇടിയോടെ മഴ സാധ്യതയുണ്ട്. ഈ അന്തരീക്ഷസ്ഥിതി അടുത്ത നാലു ദിവസം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഈർപ്പ സാന്നിധ്യം ബുധൻ മുതൽ വെള്ളിവരെ ഉണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതർ സ്ഥാപകനും എം.ഡിയുമായ വെതർമാൻ കേരള പറഞ്ഞു. കേരളത്തിലും പെട്ടെന്നുള്ള ശക്തമായ ഇടിമിന്നൽ അടുത്ത ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

മിന്നൽ ട്രാക്ക് ചെയ്യാം, മെറ്റ്ബീറ്റ് വെതറിലൂടെ
മിന്നൽ എത്ര അകലെയാണെന്നതും എന്തെല്ലാം സുരക്ഷ സ്വീകരിക്കണമെന്നും തൽസമയം അറിയാൻ metbeatnews.com വെബ്‌സൈറ്റിലെ സ്പാർക് മിന്നൽ റഡാർ നിങ്ങളെ സഹായിക്കും. വെബ്‌സൈറ്റിന്റെ ഇടതുഭാഗത്തെ ലൈറ്റ്‌നിങ് സ്‌ട്രൈക് മാപ് വഴി ഇതറിയാനാകും. കേരളത്തിലെ മാത്രമല്ല ലോകത്തെ എവിടെയുമുള്ള മിന്നൽ ഭൂപടത്തിൽ സെലക്ട് ചെയ്യുന്നത് അനുസരിച്ച് ട്രാക്ക് ചെയ്യാൻ കഴിയും. മെറ്റ്ബീറ്റ് വെതർ ആപ്പിലും ഈ സംവിധാനം നിലവിലുണ്ട്.

LIGHTNING STRIKE MAP


ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment