ഇറ്റലിയിൽ പ്രളയം, മണ്ണിടിച്ചിൽ 8 മരണം

ഇറ്റലിയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലും എട്ടു മരണം. അഞ്ചു പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ഇഷിയയിൽ ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു പേരെ കാണാതായതായി വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ കാംപാനിയ ഗവർണർ പറഞ്ഞു.
ദുരന്തത്തെ തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേപ്പിൾ കടലിടുക്കിലെ ശക്തമായ മഴയിലാണ് ഇറ്റലിയിൽ പ്രളയമുണ്ടായത്. ഇഷിയ തുറമുഖ നഗരത്തെ പ്രളയം സാരമായി ബാധിച്ചു. ഇറ്റാലിയൻ തീരത്തോട് ചേർന്ന് നേപ്പിൾ നഗരത്തിന് പടിഞ്ഞാറായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അടിയന്തര സഹായമായി 40 ലക്ഷം ഡോളർ പ്രഖ്യാപിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഇഷിയയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സർക്കാർ കണക്കനുസരിച്ച് 15 വീടുകൾ പൂർണമായും തകർന്നു. 160 പേരെ മാറ്റിപാർപ്പിച്ചു. കഴിഞ്ഞ 20 വർഷത്തിലെ ഏറ്റവും വലിയ മഴയാണ് പെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു.

Leave a Comment