കേരളത്തിൽ മഴ അടുത്ത 3 ദിവസം കൂടി കുറഞ്ഞ നിലയിൽ തുടരും. വെള്ളി മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഒറ്റപ്പെട്ട മഴ വ്യാപിക്കുമെങ്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മഴ ഈ ആഴ്ച കുറവായിരിക്കും. ജൂൺ 1 മുതൽ മഴ വീണ്ടും സാധാരണ രീതിയിൽ തിരികെ എത്തും എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
ഒറ്റപ്പെട്ട മഴ തുടരും
ഇന്നലെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടർന്നു. മധ്യ കേരളത്തിലെ വിവിധ വെതർ സ്റ്റേഷനുകളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറവായിരുന്നു. കൊച്ചി നേവൽ ബേസിൽ 13.9, അരൂക്കുറ്റി 12.1, എറണാകുളം 11.3 സെ.മീ മഴ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം 78 എം.എം, ചേർത്തല 72, കുന്നംകുളം 65, 21 ലക്കുടി 62 എം.എം മഴ ലഭിച്ചു. ഇന്ന് ഇന്നലെ അപേക്ഷിച്ച് മഴ കുറയാനാണ് സാധ്യത. ആലപ്പുഴ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ മഴക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിലെ കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ഞങ്ങളുടെ വെതർ മാൻ പറയുന്നു.