എൽ നിനോ : ആഗോള അരിവില 45% കൂടി; ഇന്തോനേഷ്യയിൽ ജവാൻ കിസാൻ ആകും

എൽ നിനോ : ആഗോള അരിവില 45% കൂടി; ഇന്തോനേഷ്യയിൽ ജവാൻ കിസാൻ ആകും

എൽ നിനോയെ തുടർന്ന് ഇന്തോനേഷ്യയിൽ വരൾച്ച രൂക്ഷമാകുന്നതിനിടെ നെൽ കൃഷിയിൽ കർഷകരെ സഹായിക്കാൻ സൈന്യം രംഗത്ത് . ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോഡോയാണ് സൈനികർക്ക് കർഷകരെ സഹായിക്കാൻ ഉത്തരവ് നൽകിയത്. ചില പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇവിടങ്ങളിൽ നെല്ല് കൃഷി തുടങ്ങാനാണ് തീരുമാനം. ഇതിനായി കർഷകരെ സഹായിക്കാൻ സൈന്യം പാടത്ത് എത്തും.

തെക്കൻ ഏഷ്യയിൽ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ഇപ്പോൾ നെല്ല് ഉൽപാദനം. നെല്ലിന് വില വർധിക്കുകയും ചെയ്യുന്നുണ്ട്. ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. സാധാരണ ഒക്ടോബറിൽ ആണ് ഇന്തോനേഷ്യൽ നെല്ല് വിളവെടുപ്പ്. വരണ്ട കാലാവസ്ഥയാണ് ഈ സമയം ഉണ്ടാകുക.

ഇത്തവണ വിളവെടുപ്പ് കഴിഞ്ഞപ്പോൾ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഉള്ള കുറഞ്ഞു. കഴിഞ്ഞവർഷം 31.53 ദശലക്ഷം ടൺ ലഭിച്ചെങ്കിൽ ഇത്തവണ 30.9 ദശലക്ഷം ടൺ ആയി കുറഞ്ഞു. കഴിഞ്ഞദിവസം മധ്യ ജാവയിലും മറ്റും പ്രസിഡന്റ് വിദോഡോ സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ് സൈന്യത്തോട് കർഷകരെ സഹായിക്കാൻ ഇറങ്ങാൻ ഉത്തരവ് നൽകിയത്. പ്രസിഡന്റിന്റെ യൂട്യൂബ് ചാനലിൽ ആണ് ഇത് സംബന്ധിച്ച വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.

ചില പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതിനാൽ അവിടങ്ങളിൽ നെല്ല് കൃഷിക്കായി നാം കർഷകരെ സഹായിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എൽനിനോയെ തുടർന്നാണ് മഴ കുറഞ്ഞത് എന്നും ഞാറു നട്ട പാടത്തിനു സമീപത്ത് നിന്ന് പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു. എൽ നിനോ തെക്കു കിഴക്കൻ ഏഷ്യയിൽ വരണ്ട , ചൂടുള്ള കാലാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇവിടങ്ങളിൽ കൃഷിയെ കാലാവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്.

കൂടുതൽ ശമ്പളത്തിനായി യുവാക്കൾ ഫാക്ടറി ജോലികളിലും മറ്റും ഏർപ്പെടുന്നതോടെ കാർഷിക മേഖലയിൽ തൊഴിലാളികളെ കിട്ടാൻ പ്രയാസമാണെന്ന് സൈനിക വക്താവ് പറഞ്ഞു. കർഷകർക്ക് ഭൂമിയുണ്ടെങ്കിലും അവിടെ കൃഷി ചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ തൊട്ടടുത്ത സൈനിക യൂനിറ്റുകളിൽ നിന്ന് കൃഷി സ്ഥലങ്ങളിലേക്ക് ആവശ്യമായ സൈനികരെ അയക്കും എന്നും അദ്ദേഹം വെളിപ്പെടുത്തി.

ബസുമതി അരിയുടെ ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ഇന്ത്യയും ഈയിടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉൽപാദനം കുറഞ്ഞതോടെയും വിപണിയിൽ വില കുതിച്ചു കയറുന്നതുമാണ് കാരണം. ആഗോള വിപണിയിൽ അരിവില 45% വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും കൂടുതൽ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.

ഇന്തോനേഷ്യയിൽ കഴിഞ്ഞമാസം കൃഷിവകുപ്പും സൈന്യവും തമ്മിൽ കാർഷിക മേഖലയിൽ ഇടപെടലുകൾ നടത്തുന്നതിന് കരാറിൽ ഒപ്പ് വച്ചിരുന്നു . നേരത്തെയും സൈന്യത്തിന്റെ ഇടപെടൽ മൂലം രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുവെന്ന് കാർഷിക മന്ത്രാലയം പറഞ്ഞു. ഈ വർഷം 3.5 ദശലക്ഷം ടൺ അരിയാണ് ഇൻഡോനേഷ്യ ഇറക്കുമതി ചെയ്തത്. ലോകത്ത് അരി ഇറക്കുമതി കൂടുതൽ ചെയ്ത രാജ്യങ്ങളിൽ ഒന്നായി ഇന്തോനേഷ്യ ഇതോടെ മാറി.

© Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment