India weather forecast 22/12/23 : ഉത്തരേന്ത്യയിൽ ശൈത്യം തുടരും; കേരളത്തിൽ തണുപ്പ് എപ്പോഴെത്തും?
കേരളവും തമിഴ്നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരണ്ട കാലാവസ്ഥയും ശൈത്യവും തുടരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 4 മുതൽ 8 ഡിഗ്രി വരെയാണ്. എന്നാൽ കേരളത്തിൽ ഇന്നലെയും ഒറ്റപ്പെട്ട മഴ ലഭിച്ചു. കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള തീരക്കടലിൽ രൂപപ്പെട്ട കാറ്റിന്റെ ചുഴി ( wind circulation) ആണ് മഴക്ക് കാരണം.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ വൈകിട്ടു രാത്രിയുമായി മഴ ലഭിക്കാൻ കാരണം ഈ കാറ്റ് കറക്കമാണെന്ന് വെതർമാൻ കേരള പറഞ്ഞു. കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്കും ഇടയിൽ ചക്രവാത ചുഴി ( cyclonic circulation ) രൂപപ്പെട്ടിട്ടുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ കിഴക്കൻ കാറ്റിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും കരയിൽ പ്രവേശിക്കുന്നില്ല.
തെക്കൻ തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിൽ മഴ സാധ്യതയുണ്ട്. തുലാവർഷ കാറ്റ് (north east monsoon wind) വിട വാങ്ങാത്തതിനാൽ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ഇനിയും തുടരും. ഈ കാറ്റിന്റെ സ്വാധീനം മൂലമാണ് ശൈത്യം കേരളത്തിൽ എത്താത്തത്. തുലാവർഷക്കാറ്റ് വിട വാങ്ങുന്നതോടെയേ ശൈത്യക്കാറ്റ് കേരളത്തിൽ എത്തുകയുള്ളൂ. ജനുവരി രണ്ടാം വാരത്തിനു ശേഷം കൂടുതൽ തണുപ്പ് കേരളത്തിൽ എത്താനാണ് സാധ്യത.
ഈ മാസം 31 ന് തുലാവർഷ സീസണിലെ ഔദ്യോഗിക മഴ കണക്ക് അവസാനിക്കും. ജനുവരി ആദ്യവാരം ലഭിക്കുന്ന മഴ ശീതകാല മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക. ജനുവരി, ഫെബ്രുവരി മാസത്തെ മഴയാണ് ശീതകാല മഴയായി കണക്കാക്കുക.
ഉത്തരേന്ത്യയിൽ തണുപ്പ് കൂടുകയാണ്. കഴിഞ്ഞ ദിവസം 6 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടായിരുന്ന ഡൽഹിയിൽ ഇന്നലെ 5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബ്, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ്. പഞ്ചാബ്, ഹരിയാന, അസം, മേഘാലയ, മിസോറം , നഗാലാന്റ്, മണിപൂർ, ത്രിപുര സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞും തുടരും .