കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കും

കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കും

അടിക്കടി ഉണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ വളരെയധികം ബാധിച്ചു കൊണ്ടിരിക്കുകയാണ്.കാലാവസ്ഥ മാറ്റം കേരളത്തിലെ കാർഷിക രംഗത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് മുതിർന്ന കാലാവസ്ഥ നിരീക്ഷകർ എഴുതുന്ന ലേഖന പരമ്പര metbeatnews.com തുടങ്ങുന്നു.

ഭാഗം 1
Dr gopakumar cholayil

കാര്‍ഷിക മേഖലക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും പെട്ടെന്ന് കാര്‍ഷിക മേഖലയില്‍ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രതയനുസരിച്ച് അന്തരീക്ഷ താപനസാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയെന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതല്ല കാര്‍ഷിക മേഖലയുടെ പ്രാധാന്യം. മറിച്ച്, ജനലക്ഷങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന ഒരു വ്യവസ്ഥിതി കൂടിയാണത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകട ലക്ഷണങ്ങളായ അന്തരീക്ഷ താപനില വര്‍ധനവ്, ക്രമരഹിതമായ മഴ, വരള്‍ച്ച, പ്രളയം, അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ എന്നിങ്ങനെ പലരൂപത്തിലും ഭാവത്തിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ ഇത്തരം പ്രകൃത്യാലുള്ള മാറ്റങ്ങളെല്ലാം തന്നെ ഏറ്റവുമധികം പിടിച്ചുലയ്ക്കുന്നത് കാര്‍ഷിക മേഖലയെയാണ്. മഴയുടെ അളവ്, അന്തരീക്ഷ താപനില, വിളകള്‍, മണ്ണ്, പരിചരണ മുറകള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായതിനാല്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാര്‍ഷിക മേഖലയെ പൊതുവെ എപ്രകാരം ബാധിക്കുമെന്ന് തിട്ടപ്പെടുത്തുക ദുഷ്‌കരമാണ്.

ചൂടും കാര്‍ഷിക വിളയും

അന്തരീക്ഷ താപത്തോട് വ്യത്യസ്ത വിളകള്‍ക്ക് വ്യത്യസ്തമായ പ്രതികരണ സ്വഭാവമാണുള്ളത്. ലോക ജനസംഖ്യയുടെ സിംഹഭാഗവും ഉഷ്ണമേഖലയില്‍ ആയതിനാലും അവിടങ്ങളിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലും കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

വിത്തും വളവും മാത്രം പോര, കാലാവസ്ഥ കനിയണം

മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളില്‍ അതിജീവനം തേടുന്നതോ, വ്യാപകമാകുന്നതോ ആയ കൃമികീടരോഗബാധകള്‍, കളകള്‍, മണ്ണിന്റെ വൃദ്ധിനാശം, നിയന്ത്രണാധീതമായ ജനസംഖ്യാ വര്‍ധനവ് തുടങ്ങിയ ഘടകങ്ങള്‍ ഉഷ്ണമേഖല രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെയും അതുവഴി അവിടുത്തെ ജനജീവിതത്തെയും സാരമായി ബാധിക്കും.
വിത്ത്, വളം, പരിചരണം തുടങ്ങിയ കാലാവസ്‌തേതര ഘടകങ്ങള്‍ അനുകൂലമായാല്‍ പോലും കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കില്‍ അത് വിളവില്‍ ഗണ്യമായ കുറവ് വരുത്താറുണ്ട്.

കാലാവസ്ഥയിലെ അസാധാരണവും പ്രവചനാതീതവുമായ മാറ്റങ്ങള്‍ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഉദാഹരണമായി, 2007 ലെ ശക്തമായ കാലവര്‍ഷം മൂലം കേരളത്തില്‍ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തിന്റെ നെല്ലറയെന്ന വിശേഷിപ്പിക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. സാധാരണ ഹെക്ടറിന് അഞ്ച് ടണ്‍ വരെ വിളവ് ലഭിക്കാറുണ്ടായിരുന്ന കൃഷിയിടങ്ങളില്‍ നിന്ന് അത്തവണ ഹെക്ടറിന് ശരാശരി മൂന്ന് ടണ്‍ വിളവ് മാത്രമാണ് ലഭിച്ചത്.

നീണ്ടുനിന്ന് പെയ്ത മഴ രണ്ടാംവിള ഇറക്കുന്നതിനും കാലതാമസം വരുത്തി. 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലക്കേല്‍പ്പിച്ച ആഘാതങ്ങള്‍ വലുതാണ്. നെല്‍കൃഷി മേഖല പാടെ നശിപ്പിക്കപ്പെടുകയാണ് ഇത്തരം സാഹചര്യങ്ങളില്‍. 2021 ജനുവരി മാസത്തില്‍ പെയ്ത അസ്വാഭാവികമായ മഴ ചിലയിടങ്ങളില്‍ നെല്‍കൃഷിയെയും ഇടുക്കി ജില്ലയിലെ വട്ടവട പ്രദേശത്തെ പച്ചക്കറി കൃഷി, മറയൂരിലെ കരിമ്പ് കൃഷി എന്നിവയ്ക്ക് ഗണ്യമായ തോതില്‍ ആഘാതമേല്‍പിച്ചു.

പ്രധാനമായും കാര്‍ഷികാധിഷ്ഠിത സമ്പത് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ജനസംഖ്യയുടെ 52 ശതമാനത്തോളം, കൃഷിയും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ 76 ശതമാനത്തോളമാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, കാര്‍ഷികോല്പാദനം, അന്തരീക്ഷ താപനില, മണ്‍സൂണ്‍ മഴ എന്നിവയാല്‍ നിയന്ത്രിതമാണ്.

ഉത്തരേന്ത്യയില്‍ രണ്ടാം വിളക്കാലത്താണ് അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവ് പ്രകടമാവുന്നത്. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് വര്‍ദ്ധനവ് ഗോതമ്പുത്പാദനത്തില്‍ നാല് മുതല്‍ അഞ്ച് ദശലക്ഷം ടണ്‍ വരെ കുറയാന്‍ കാരണമാകുന്നു. ഓരോതരം വിലകളിലും സമ്മിശ്ര പ്രതികരണമാണ് കാലാവസ്ഥ മാറ്റം വഴി പ്രകടമാകുന്നത്. മഴയുടെ ലഭ്യതക്കനുസരിച്ച് ജലലഭ്യത കൂടുകയോ കുറയുകയോ ചെയ്യാം. താപനിലാ വര്‍ദ്ധനവ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും വര്‍ധിച്ചു വരുന്ന ഭക്ഷ്യവശ്യം നിറവേറ്റുന്നതിനും ആവശ്യമായ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തുടരും

(മുതിർന്ന കാലാവസ്ഥ ശാസ്ത്രഞ്ജനും , കാർഷിക സർവകലാശാല മുൻ സയിന്റിഫിക് ഓഫിസറും ആണ് ലേഖകൻ )

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment