India weather 29/11/23 : ന്യൂനമർദ്ദം ശക്തിപ്പെട്ടു; ഒരേ രേഖയിൽ മൂന്നു സിസ്റ്റങ്ങൾ
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിന് സമീപത്തായി കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area- LPA) ഇന്ന് ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure) മാറി. ഇന്നു രാത്രിയോ നാളെ പുലർച്ചെയോ ഇത് തീവ്ര ന്യൂനമർദ്ദം (Depression) ആയി മാറാൻ സാധ്യത ഏറെയാണ് . തുടർന്ന് ഡിസംബർ രണ്ടോടുകൂടെ മിഗ്ജോം (cyclone michaung ) ചുഴലിക്കാറ്റ് ആയി മാറും.
ഭൂമധ്യരേഖ പ്രദേശത്തിനും ( Equatorial region) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇടയിലായി മൂന്നിടങ്ങളിൽ weather system രൂപപ്പെട്ടിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ( south east bay of Bengal) ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദവും ശ്രീലങ്കയ്ക്ക് സമീപം 1.5 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴിയും (cyclonic circulation ) തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മറ്റൊരു ചക്രവാത ചുഴിയുമാണ് ( cyclonic circulation ) രൂപപ്പെട്ടത്. ഇവ മൂന്നും ഏതാണ്ട് ഒരേ രേഖയിലാണ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനെ തമിഴ്നാട് തീരത്തേക്ക് എത്തിക്കാൻ ഇവ കാരണമാകും.
തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ഇതുമൂലം അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാം. ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തമിഴ്നാട് തീരത്തേക്ക് എത്താൻ സാധ്യത കൂടുതലാണെന്നാണ് പുതിയ കാലാവസ്ഥാ മോഡലുകൾ പറയുന്നത്. അങ്ങനെയെങ്കിൽ തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിക്കാം. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയും ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിക്കും.
കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ഇന്നും സാധ്യതയുള്ളത്. ഡിസംബർ ആദ്യവാരത്തോടെ കേരളത്തിൽ വീണ്ടും മഴ തിരികെയെത്താൻ സാധ്യതയുണ്ട്.