ഡൽഹിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ താപനില ഉയരുകയാണ്. നരേല, പീതാംപുര എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. അയനഗര്‍ റിഡ്ജ് എന്നീ പ്രദേശങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസും, പാലം മേഖലയില്‍ 43.8 സഫിദർജംഗ് മേഖലയില്‍ 42.9 ഡിഗ്രി സെല്‍ഷ്യസും വരെ ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളിലെ ഈ മാസങ്ങളിലെ ശരാശരി താപനിലയേക്കാൾ മൂന്ന് ഡിഗ്രിയോളം കൂടുതലാണ് നിലവിലെ സാഹചര്യമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഇങ്ങനെ പല മേഖലയിലും താപനില ഉയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ശക്തമായ കാറ്റിനൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

25 ശതമാനത്തിനും 74 ശതമാനത്തിനുമിടയിലാണ് ഡൽഹിയിലെ അന്തരീക്ഷ ആർദ്രത. പകല്‍ സമയത്ത് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ ഉപരിതല കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്. പ്രദേശത്ത് രാത്രിയില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉഷ്ണക്കാറ്റിന്റെ ദുരിതം രണ്ട് ദിവസം രൂക്ഷമാകുമെന്നും മെയ് 24 മുതൽ അതിന് ശമനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. പശ്ചിമവാതത്തിന്റെ സ്വാധീനമാണ് ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസം നൽകുക. അടുത്ത നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി . മഞ്ഞുമൂടിയ കാലാവസ്ഥയ്ക്കും ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്.

Leave a Comment