രാജ്യത്ത് 64 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് യു.എ.ഇ

ദുബൈ: ആരോഗ്യകരവും സുസ്ഥിരവുമായ വികസനം ലക്ഷ്യം വച്ച് രാജ്യത്ത് 64 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ യു.എ.ഇ തയാറെടുക്കുന്നു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) ആണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക, കാലാവസ്ഥാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള രാജ്യത്തിന്റെ നിലപാടുകളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ (COP28) ആതിഥേയത്വം വഹിക്കാനുള്ള യുഎഇയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് നടപടി.
ഫെഡറല്‍, ലോക്കല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയുമെല്ലാം സഹകരിച്ച് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ആരംഭിക്കും. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുക, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി, എന്‍വയോണ്‍മെന്റ് ഏജന്‍സി – അബുദാബി, ദുബൈ മുനിസിപ്പാലിറ്റി, എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി ഷാര്‍ജ (ഇ.പി.എ.എ), അജ്മാന്‍ മുനിസിപ്പാലിറ്റി ആന്റ് ആസൂത്രണ വകുപ്പ്, പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവെയ്ന്‍ മുനിസിപ്പാലിറ്റി, ഫുജൈറ എന്‍.വി എന്നിവയെല്ലാം യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. യൂറോപ്യന്‍ യൂണിയന്‍, കാനഡ, യു.കെ, സിംഗപ്പൂര്‍, കുവൈറ്റ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മികച്ച മാതൃകകള്‍ ഉള്‍ക്കൊണ്ടായിരിക്കും 64 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുക.

അഷറഫ് ചേരാപുരം

Leave a Comment