ഏറെക്കുറെ ഇന്നലത്തെ പാറ്റേണിൽ തന്നെയായിരിക്കും ഇന്നും ഇടിയോടുകൂടിയ മഴ ലഭിക്കുക. കൊല്ലം, ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് മഴ സാധ്യതയുണ്ട്. എറണാകുളം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ മഴ ലഭിക്കും. കൂടാതെ കോഴിക്കോട് ജില്ലയിൽ കക്കയം, തുഷാരഗിരി ഭാഗങ്ങളിലും മലപ്പുറം ജില്ലയിൽ നിലമ്പൂരും, പാലക്കാട് ജില്ലയിൽ അട്ടപ്പാടി, ആനക്കട്ടി, കോങ്ങാട്, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിലും അങ്കമാലി, ആലപ്പുഴ, കോലഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നിവിടങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
ഇടുക്കി, കുമളി, കോന്നി, റാന്നി, അടൂർ, പമ്പ, കോട്ടയം ജില്ലയുടെ മിക്ക ഭാഗങ്ങളും മഴ സാധ്യത പ്രദേശങ്ങളാണ്. തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെയ്യാറ്റിൻകര, വിതുര, പൊന്മുടി, കല്ലമ്പലം തുടങ്ങി മിക്ക ഭാഗങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴക്കുo സാധ്യതയുണ്ട്.
പാരിപ്പള്ളി അച്ഛൻകോവിൽ കൊട്ടാരക്കര തെന്മല എന്നിവിടങ്ങളിലും മഴ ലഭിക്കും. ദക്ഷിണേന്ത്യയിൽ ഒരു പ്രാദേശിക ന്യൂനമർദ്ദ പാത്തി (Local Trough) രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നത്.തിരുപ്പൂർ, ഈറോഡ്, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ച മുതൽ അർദ്ധരാത്രി വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോയമ്പത്തൂർ നഗരത്തിൽ ചെറിയതോതിലും വടക്കൻ കോയമ്പത്തൂരിൽ നല്ല മഴയിൽ ലഭിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് 1 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് വേനൽ മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. സാധാരണയായി 38.1 എം എം മഴ ലഭിക്കേണ്ടിടത്ത് 33.7 mm ആണ് ലഭിച്ചത്. കണ്ണൂർ ജില്ലയിൽ തീരെ മഴ ലഭിച്ചിട്ടുമില്ല. മലയോര ജില്ലകളായ പത്തനംതിട്ട വയനാട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത് . കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ തീരെ മഴ ലഭിച്ചില്ല. ലക്ഷദ്വീപിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവാണ് ലഭിച്ചത്.