ഭീകര പ്രളയമോ മുണ്ടക്കൈ പോലുള്ള ദുരന്തങ്ങളോ ഉണ്ടായാൽ ഗാഡ്ഗിലിനെ കേരളം ഓർക്കും, പിന്നീട് മറക്കും

പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം എന്നു തന്നെ പറയാം. മറ്റൊരർഥത്തിൽ, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്.

Maneesha M.K
2 mins mins read

ഭീകര പ്രളയമോ മുണ്ടക്കൈ പോലുള്ള ദുരന്തങ്ങളോ ഉണ്ടായാൽ ഗാഡ്ഗിലിനെ കേരളം ഓർക്കും, പിന്നീട് മറക്കും

സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന ഓരോ പ്രകൃതി ദുരന്തമുണ്ടാവുമ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരേ ഒരു വിഷയമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. പ്രളയം മുതൽ ഏറ്റവും ഒടുവിലായി മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് പിന്നാലെയും ആ പേര് പലവട്ടം കേട്ടു. ദിവസങ്ങളോളം ചർച്ചകൾ നീണ്ടുനിന്നു. കേരളത്തിൻ്റെ പലഭാഗങ്ങളിലും ഇതിൻ്റെ പേരിൽ പ്രതിഷേധങ്ങൾ നടന്നു. വർഷങ്ങളായി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന മുറവിളി വിവിധ ഭാഗങ്ങളിൽനിന്നുയരുന്നുണ്ട്. പ്രകൃതി ദുരന്ത ഘട്ടങ്ങളിൽ ഇത് നടപ്പാക്കണമെന്ന മുറവിളി വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുകയും പിന്നീട് അവ എങ്ങോട്ടെന്നില്ലാതെ മായുകയും ചെയ്യും. പിന്നീട് ഭീകര ഉരുൾപെട്ടലോ ഭീകര പ്രളയമോ വരുമ്പോൾ മാത്രം നാമത് ചർച്ചചെയ്യും. വീണ്ടും പ്രതിഷേധങ്ങൾ അരങ്ങേറും. 

ഗാഡ്ഗിൽ പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണ റിപ്പോർട്ട്

പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം എന്നു തന്നെ പറയാം. മറ്റൊരർഥത്തിൽ, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. 

1767851195W.webp  Madhav Gadgil | Photo: Mathrubhumi

കേരളത്തിലെ പല ദുരന്ത പശ്ചാത്തലങ്ങളിലും ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പുകൾ കൂടുതൽ പ്രസക്തമാവുകയാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടിന്റെ പേരിൽ ഗാഡ്കിൽ കേരളത്തിൽ ഒരു വിവാദ പുരുഷനുംകൂടിയായിരുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷിക്കാതെ കേരളത്തിന് ഒരു പുനർനിർമാണവും സാധ്യമാകില്ലെന്ന നിലപാടിൽ ഗാഡ്കിൽ ഉറച്ച്‌നിന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ആളുകൾ തെരുവിലിറങ്ങി

പശ്ചിമട്ടത്തെ ലോകപൈതൃകസമിതിയുടെ പട്ടികൾ ഉൾപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ നിബന്ധനകൾക്കനുസൃതമായി പശ്ചിമഘട്ട വിദഗ്ദസമതി റിപ്പോർട്ട് തയ്യാറാക്കാൻ 2010 മാർച്ച് നാലിനാണ് യുപിഎ സർക്കാർ ഗാഡ്കിൽ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. 2011 ഓഗസ്റ്റ് 30ന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര സർക്കാർ ഇത് പുറത്തുവിടാൻ തയ്യാറായിരുന്നില്ല. എന്നാൽ 2012-ൽ കോടതി വിധിയിലൂടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് പുറത്തുവിടാൻ നിർബന്ധിതരായത്.

2012 ജൂലായിയിൽ പശ്ചിമഘട്ടം ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടതോടെ ഗാഡ്ഗിൽ സമിതിയുടെ കണ്ടെത്തലുകൾ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. ഇതോടെ ജനരോഷം ഉയർന്നു. മലയോര ജനതയുടെ ജീവനും സ്വത്തിനും നടപടികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആളുകൾ തെരുവിലിറങ്ങി. ഗാഡ്ഗിലിനെതിരെയും ജനരോഷമുയർന്നു. ചില രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും പിന്തുണ പ്രതിഷേധക്കാർക്ക് ലഭിച്ചു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ പശ്ചിമഘട്ട പ്രദേശങ്ങളിൽനിന്ന് കർഷകർ വ്യാപകമായി കുടിയിറക്കപ്പെടുമെന്ന ആശങ്കയാണ് ഉയർന്നത്. 

പ്രതിഷേധങ്ങൾ രൂക്ഷമായതോടെ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആസൂത്രണ കമ്മിഷൻ അംഗം കസ്തൂരി രംഗൻ അധ്യക്ഷനായി മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഗാഡ്ഗിൽ സമിതി ശുപാർശകളെ കസ്തൂരി രംഗൻ സമിതി തത്വത്തിൽ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും പരിസ്ഥിതി ലോലമെന്ന് വിലയിരുത്തിയ മേഖലകളിൽ കാതലായ മാറ്റങ്ങൾ ഇവർ മുന്നോട്ട് വെച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ വെള്ളംചേർത്തുവെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രംഗനെതിരെയും വിമർശനങ്ങളുയർന്നിരുന്നു. 

പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്  വലിയ ദുരന്തമാണ്. അതിന് നിങ്ങൾ  വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും ആവശ്യമില്ല, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കുതന്നെ മനസ്സിലാകും”. എന്നാണ് മാധവ് ഗാഡ്‍ഗില്‍ പത്തുവര്‍ഷം മുന്‍പ് പറഞ്ഞ വാക്കുകൾ. ഇത് സത്യമാവാൻ അധികം നാൾ വേണ്ടി വരില്ല എന്നു കൂടി അദ്ദേഹം ഓർമിപ്പിക്കുന്നു.

English Summary : As the protests intensified, the central government appointed another committee headed by Planning Commission member Kasthurirangan to examine the Gadgil Committee report and submit a special report.