ഹിന്നാംനോർ: ദക്ഷിണ കൊറിയയിൽ കാർ പാർക്കിങ്ങിൽ വെള്ളം കയറി 7 മരണം

പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഹിന്നാംനോര്‍ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയില്‍ കനത്ത മഴക്കും പ്രളയത്തിനും കാരണമായി. ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ കാര്‍ പാര്‍ക്കിങ്ങില്‍ കുടുങ്ങിപോയവരാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് മരിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ ഇവര്‍ പൊടുന്നനെയുണ്ടായ മഴയില്‍ വെള്ളം കയറി അകപ്പെടുകയായിരുന്നു.
കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും മുങ്ങി. അപ്പാര്‍ട്‌മെന്റിലെ കാറുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ അധികൃതരോട് പറഞ്ഞിരുന്നുവെന്ന് താമസക്കാര്‍ പറഞ്ഞതായി യൊന്‍ഹാപ് വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസുള്ള പുരുഷനെയും 50 വയസുള്ള സ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റിസോര്‍ട്ടുകള്‍ തകര്‍ന്നു. ഹിന്നാംനോര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ തെക്കന്‍, കിഴക്കന്‍ തീരങ്ങളിലായി 10 പേര്‍ മരിച്ചിട്ടുണ്ട്. ബുസാനിലും ഉള്‍സാനിലും നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ മുങ്ങുകയും കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ഈയിടെ കനത്ത മഴയും കടുത്ത ചൂടും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മഴയും പ്രളയവുമുണ്ടായത്. തലസ്ഥാനമായ സിയോളിലും പ്രളയമുണ്ടാകുകയും എട്ടു പേര്‍ മരിക്കുകയും ചെയ്തു.

Leave a Comment