തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ നാളെയും ശക്തമായ മഴക്ക് സാധ്യത

തമിഴ്‌നാട്ടിലെ കനത്ത മഴ നാളെയും തുടരും. ചെന്നൈ മേഖലയിൽ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 11 സെ.മി വരെയാണ് മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രൂപം കൊണ്ട അന്തരീക്ഷച്ചുഴിയാണ് ശക്തമായ മഴക്ക് കാരണമായത്.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റ് കടലിനും കരയ്ക്കും മുകളിലായി കറങ്ങുന്ന സ്ഥിതിയാണ് തുടർച്ചയായ മഴക്കും വെള്ളക്കെട്ടുകൾക്കും കാരണമായത്. ചെന്നൈയിൽ ഉൾപ്പെടെ ആറു ജില്ലകളിൽ സ്‌കൂളുകൾക്കും ഇന്ന് അവധി നൽകിയിരുന്നു. ചൊവ്വാഴ്ച സ്‌കൂൾ അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെയില്ലെങ്കിലും ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തു അവധി നൽകാൻ തദ്ദേശ ഭരണകൂടങ്ങൾക്ക് നിർദേശമുണ്ട്. ഇന്ന് ചെന്നൈ, ചെങ്കൽപട്ട്, വെല്ലൂർ, റാണിപേട്ട്, തിരുവള്ളൂർ ജില്ലകളിലാണ് സ്‌കൂളിന് അവധി നൽകിയത്. 1996 ന് ശേഷം ജൂണിൽ ശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ സ്‌കൂളിന് അവധി നൽകുന്നത് ഇപ്പോഴാണ്.

മഴ തുടരും, ഓറഞ്ച് അലർട്ട്
ചൊവ്വാഴ്ചയും 13 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാഞ്ചീപുരം, ചെങ്കൽപ്പട്ട്, കടലൂർ, പെരമ്പല്ലൂർ, തിരുച്ചി എന്നീ ജില്ലകളിലാണ് നാളെയും (ചൊവ്വ) ശക്തമായ മഴക്ക് സാധ്യതയുള്ളത്. ചെന്നൈക്കും സമീപ ജില്ലകൾക്കും അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് നൽകി.

നഗരം ഇരുട്ടിൽ
ചെന്നൈയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. കാലവർഷം തമിഴ്‌നാട് മുഴുക്കെ വ്യാപിച്ച സാഹചര്യത്തിൽ ചെന്നൈ കോർപറേഷനിലെ ക്രമീകരണങ്ങളെ കുറിച്ച് മന്ത്രി പി.കെ ശേഖർ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. കഴിഞ്ഞ ദിവസം വരെ ചെന്നൈയിൽ 40 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്. ഇതിനിടെയാണ് ശക്തമായ മഴ എത്തിയത്.

Leave a Comment