ഉത്തർപ്രദേശിൽ 54 പേർ മരിച്ചത് ഉഷ്ണ തരംഗം മൂലമല്ലെന്ന് അന്വേഷണസമിതി

ഉത്തർപ്രദേശിലെ ബല്ലിയയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിച്ചത് ഉഷ്ണ തരംഗം മൂലമല്ലെന്ന് അന്വേഷണ സമിതി അംഗം. ഞായറാഴ്ച മാത്രം 11 പേർ മരിച്ചിരുന്നു. 400 ഓളം പേർ ചികിത്സയിലാണ്. തീവ്ര ഉഷ്ണ തരംഗമാണ് മരണകാരണമെന്നാണ് ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ള ഡോക്ടർ എ കെ സിംഗാണ് അമിത ചൂടുകാരണമാണ് മരണം എന്ന വാദം തള്ളിക്കളഞ്ഞത്. മരിച്ചവരിൽ പലരുടെയും പ്രാഥമിക രോഗ ലക്ഷണം നെഞ്ചുവേദനയാണ്. ഇത് ഉഷ്ണതരംഗം ബാധിച്ചതിന്റെ ലക്ഷണമല്ല. അതുകൊണ്ട് പ്രഥമ ദൃഷ്ട്യാ മരണകാരണം അമിത ചൂട് കാരണം ആണെന്ന് പറയാൻ കഴിയില്ല.

സമീപ ജില്ലകളിലും ഇത്തരം രോഗം കാണുന്നുണ്ട് എന്നാൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോക്ടർ എ കെ സിംഗ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മരണങ്ങൾ വെള്ളവുമായി ബന്ധപ്പെട്ടതാകാം എന്നും അദ്ദേഹം പറഞ്ഞു. വെള്ളം മൂലം ആണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യം പരിശോധിക്കാൻ കാലാവസ്ഥാ വകുപ്പും വരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം യുപിയിൽ 54 പേർ മരിച്ചത് അമിത ചൂടുകാരണം ആണെന്ന് പറഞ്ഞതിന് പിന്നാലെ ബല്ലിയയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ സ്ഥലം മാറ്റി. മരണങ്ങളെ കുറിച്ച് കൃത്യമായ വിവരം കിട്ടാതെ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനാണ് സ്ഥലം മാറ്റിയത് എന്ന് യുപി ആരോഗ്യ മന്ത്രി ബ്രജേഷ് പഥഗ് പറഞ്ഞു. ബല്ലിയയിലെ സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മരണകാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് എന്ന് സമാജവാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ചൂടിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കനക്കുകയാണ്. ഉഷ്ണ തരംഗത്തിൽ ബീഹാറിലും യുപിയിലും ആയി 98 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലുമാണ്.

Leave a Comment