കനത്ത മഴ തുടരുന്നു , മഴക്കെടുതികളും

കാലവർഷം തുടങ്ങിയെന്ന് സ്ഥിരീകരണമില്ലെങ്കിലും കേരളത്തിൽ ഭീതി വിതച്ച് മഴ തകർത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.
അതിനിടെ, പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ മരം കടപുഴകി വീണു. പുലർച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിൻ സഹായത്തോടെ എടുത്ത് മാറ്റി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതകുരുക്കുണ്ടായി.
മഴ ശക്തമാകുമ്പോൾ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

Leave a Comment