കനത്ത ചൂടിനും ഉഷ്ണ തരംഗത്തിനും പിന്നലെ ഡൽഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടർന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അടുത്ത മണിക്കൂറുകളിൽ ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്ത് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്.
ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തേയും മഴ ബാധിച്ചു. വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിടുകയും ചിലത് മുടങ്ങുകയും ചെയ്തു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് വിമാനത്താവള അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥമൂലം വിമാനങ്ങൾ വൈകാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്ന് ടാറ്റയുടെ എയർ ഇന്ത്യയും അറിയിച്ചു.
ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടിമിന്നലിലും കാറ്റിലും കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസങ്ങൾക്ക് സാധ്യതയുണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മണിക്കൂറുകളിൽ 60-90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കുമെന്നും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
മഴക്ക് കാരണം എന്ത്?
വേനൽ കത്തുന്നതിനിടെ പെയ്ത മഴ വേനൽ മഴയല്ല. കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 47 ഡിഗ്രി വരെ ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള കാറ്റായ പശ്ചിമവാതം (western distrubance) ശക്തമായി. ഇത് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്തി. വടക്കു പടിഞ്ഞാറൻ രാജസ്ഥാൻ, പാകിസ്താൻ മേഖലകളിൽ ചക്രവാത ചുഴിയും രൂപപ്പെട്ടു. ഇതോടു ചേർന്ന് കിഴക്ക് – പടിഞ്ഞാറൻ ന്യൂനമർദ പാത്തിയും ഉണ്ട്. ഇവയെല്ലാം കനത്ത മഴക്കും കാറ്റിനും കാരണമായെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഈർപ്പമുള്ള കാറ്റ് പാകിസ്താൻ വഴി എത്തുമ്പോൾ തന്നെ ഇന്ത്യയുടെ കരഭാഗത്തെ വരണ്ട കാറ്റും സംഗമിക്കുന്നത് ശക്തിയേറിയ ഇടിമിന്നൽ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ജാഗ്രത തുടരണമെന്നും മെറ്റ്ബീറ്റ് വെതർ ആ മേഖലയിലുളളവരോട് നിർദ്ദേശിക്കുന്നു.