കാലവർഷം സജീവം: ഗുജറാത്തിലും പ്രളയം

ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഈ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫ് സജീവമായി നിലനിൽക്കുന്നതുമാണ് കനത്ത മഴക്കും പ്രളയത്തിനും ഇടയാക്കിയത്. പാക്കിസ്ഥാനിലെ കറാച്ചിയിലും പ്രണയസമാന സാഹചര്യം നിലനിൽക്കുകയാണ്.
66 ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.


കഴിഞ്ഞ 24 മണിക്കൂറില്‍ മഴക്കെടുതിയില്‍ ഏഴ് പേര്‍ മരിച്ചു. ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍ മരണസംഖ്യ 63 ആയി. 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 468 പേരെ രക്ഷപ്പെടുത്തി. നവസാരിയിൽ വീടുകൾ വെള്ളത്തിനടിയിലാണ്. അടുത്ത അഞ്ചു ദിവസം പല ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
അഹമ്മദാബാദ് നഗരത്തിൽ ഞായറാഴ്ച രാത്രി 219 മില്ലിമീറ്റർ മഴ പെയ്തു. പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. അടിപ്പാതകളിലും റോഡുകളിലും വെള്ളം കയറി. സാധ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നല്‍കി.

സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ എയര്‍ ലിഫ്റ്റ് ചെയ്തു. 

Leave a Comment