കേരളത്തില്‍ മഴ കുറഞ്ഞു; നാളെ ചിലയിടങ്ങളില്‍ വെയില്‍ കാണാം, ഇനി മഴ എപ്പോള്‍ മുതല്‍

പ്രതീക്ഷിച്ചതു പോലെ ജൂലൈ 3 മുതല്‍ ശക്തമായിരുന്ന മഴ ഇന്ന് വൈകിട്ടോടെ കുറഞ്ഞു. ജൂലൈ 3 മുതല്‍ 8 വരെയാണ് കേരളത്തില്‍ അതിശക്തമോ തീവ്രമോ ആയ മഴ മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചരുന്നത്. ഇന്ന് രാവിലെയും കേരളത്തില്‍ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ മഴ കുറയുമെന്നായിരുന്നു ഞങ്ങളുടെ പ്രവചനം. 

കാലവര്‍ഷക്കാറ്റ് അന്തരീക്ഷത്തിന്റെ 4 കി.മി ഉയരത്തില്‍ വരെ ശക്തികുറയാതെ നിന്നതാണ് ഇന്ന് കേരളത്തില്‍ മഴ കുറയാതിരിക്കാന്‍ കാരണമായത്. തീരദേശങ്ങളിലായിരുന്നു കിഴക്കന്‍ മേഖലയെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിച്ചത്. രാത്രിയോടെ കാറ്റിന്റെ ഗതിയില്‍ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും തുടര്‍ന്ന് മഴ കുറയുമെന്നുമായിരുന്നു ഇന്ന് രാവിലെ Metbeat Weather ന്റെ പ്രവചനം. 

മഴകുറഞ്ഞു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതര്‍ ്‌സ്‌റ്റേഷനിലെ ഡാറ്റ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ കാസര്‍കോട്ടെ ബയാറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 9.8 സെ.മി മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. 
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച രണ്ടാമത്തെ സ്റ്റേഷന്‍. പെരിങ്ങോമില്‍ 8.6 സെ.മി മഴ ലഭിച്ചു. കണ്ണൂരില്‍ 7 സെ.മി ഉം മട്ടന്നൂരില്‍ 6.7 ഉം കോഴിക്കോട്ട് 7.5 ഉം എറണാകുളം ഓടക്കാളി 6.9 ഉം കളമശ്ശേരി, ആലുവ എന്നിവിടങ്ങളില്‍ 6.5 ഉം സെ.മി മഴ ലഭിച്ചു. മറ്റു സ്‌റ്റേഷനുകളിലെല്ലാം മഴ ഇതിലും കുറവാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഴ ലഭ്യത ഇന്ന് കുറവാണ്.

നാളെ മുതല്‍ വെയില്‍ തെളിയും
കാലവര്‍ഷ പാത്തിയെന്ന മണ്‍സൂണ്‍ ട്രഫ് തെക്ക് നോര്‍മല്‍ പൊസിഷനിലാണുള്ളത്. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ ഇപ്പോഴും ന്യൂനമര്‍ദ പാത്തി തുടരുന്നുണ്ട്. ഇത് വടക്കന്‍ കേരളത്തില്‍ നാളെയും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് കാരണമാക്കിയേക്കും. രാജസ്ഥാന് സമീപമുള്ള ചക്രവാതച്ചുഴി നാളെ മുതല്‍ കര്‍ണാടക മുതല്‍ ഗുജറാത്ത് വരെയുള്ള തീരദേശത്തും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനത്തും മഴക്ക് കാരണമാകും. കേരളത്തില്‍ നാളെ വെയില്‍ തെളിയുമെന്നാണ് നിരീക്ഷണം. എന്നാല്‍ കേരളം മുഴുക്കെ വെയിലാണെന്നും നാളെ ഒരിടത്തും മഴ ലഭിക്കില്ല എന്നുമല്ല ഇതിനര്‍ഥം. ഒറ്റപ്പെട്ട മഴ നാളെയും തുടരും. എന്നിരുന്നാലും വെയില്‍ ചിലയിടങ്ങളില്‍ കാണാം എന്നര്‍ഥം. ഇനി അടുത്ത മഴ ഇപ്പോഴത്തെ നിരീക്ഷണത്തില്‍ വ്യാഴം രാത്രി മുതലാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസം സാധാരണ മഴ ലഭിച്ച ശേഷം വീണ്ടും ദുര്‍ബലമാകും. കാലാവസ്ഥാ അപ്‌ഡേഷനുകള്‍ ഓരോ ആറു മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്താലേ കൃത്യത കൂടുകയുള്ളൂ എന്നതിനാല്‍ പതിവായി ഞങ്ങളുടെ വെബ്‌സൈറ്റുകളായ metbeat.com, metbeatnews.com  എന്നിവ സന്ദര്‍ശിക്കുക. കാലാവസ്ഥാ വാര്‍ത്തകള്‍ വായിച്ചു മനസിലാക്കുക. കാലാവസ്ഥാ വാര്‍ത്തയി്ല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശരിയായി മനസിലാക്കുകയും വേണം.

Leave a Comment