കേരളത്തിൽ വിവിധ കാലാവസ്ഥ സാഹചര്യങ്ങളുടെ സ്വാധീനം മൂലം ഇപ്പോൾ ലഭിക്കുന്ന മഴ ഈ മാസം 18 വരെ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത പാലിക്കണം. അടുത്തദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്നുമുതൽ മഴ കൂടുതൽ സജീവമാകും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ കാസർകോട്, ഇടുക്കി ജില്ലകളിൽ പ്രത്യേക ജാഗ്രത വേണ്ടിവരും. മഴക്കെടുതികൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കുക. ഈ ജില്ലകളിൽ റൂറൽ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് ഉചിതമാണ്.
മൾട്ടിപ്പിൾ വെതർ സിസ്റ്റം
ഒഡിഷക്കും ആന്ധ്രക്കും ഇടയിൽ ന്യൂനമർദം നില നിൽക്കുന്നു. കേരളത്തിന് കുറുകെ കിഴക്ക് – പടിഞ്ഞാറ് ദിശയിൽ കാറ്റിന്റെ ഖണ്ഡ ധാര ( shear zone) രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇതു പ്രകാരം കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മഴ ശക്തമായി തുടരും. മറ്റു ജില്ലകളിലും ന്യൂനമർദ്ദ സ്വാധീനം മൂലം മഴ സജീവമാകും. ചൊവ്വ, ബുധൻ കേരളത്തിൽ പരക്കെ മഴ സാധ്യതയുണ്ട്.
ജാഗ്രത തുടരണം
തുടർച്ചയായി മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിതമായ അകലവും വേഗതയും ഉറപ്പുവരുത്തുക. ജലാശയങ്ങളിലോ തോട്ടിലോ അരുവിയിലോ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും സുരക്ഷിതമല്ല. കുത്തൊഴുക്ക്, മലവെള്ളപാച്ചിൽ പെട്ടെന്ന് ജലനിരപ്പ് കൂട്ടും. മലയോരങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത. നഗരങ്ങളിൽ അപ്രതീക്ഷത വെള്ളക്കെട്ടുകൾക്കും സാധ്യത. കുട്ടികൾ വെള്ളക്കെട്ടുകൾക്ക് സമീപം പോകുന്നില്ലെന്ന് മുതിർന്നവർ ശ്രദ്ധിക്കുക. സർക്കാർ ഏജൻസികളും മറ്റും നൽകുന്ന നിർദേശങ്ങൾ പിന്തുടരുക.