ചാവുകടൽ കടലല്ല, തടാകമാണ്

ചാവുകടൽ മരിക്കുകയാണോ ? ഭാഗം – 2

ഡോ: ഗോപകുമാർ ചോലയിൽ

കാലാവസ്ഥാപരമായി സ്ഥിരപ്രകൃതം നിലനിന്നിരുന്ന ഇടങ്ങളിലാണ് സംസ്കാരങ്ങൾ രൂപം കൊണ്ടിട്ടുള്ളതെന്ന് വികസന ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. ചാവുകടൽ സ്ഥിതിചെയ്യുന്ന നാറ്റൂഫിയാൻ (Natufian) മേഖലയിൽ നിലനിന്നിരുന്ന കാലാവസ്ഥ ഏറെക്കുറെ സ്ഥിരസ്വഭാവം ഉള്ളതായിരുന്നു. നാറ്റൂഫിയാൻ സംസ്‌കൃതി എന്നറിയപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മ ഈ പ്രദേശത്താണ് വികാസം പ്രാപിച്ചത്. എന്നാൽ, കാലാവസ്ഥ എക്കാലവും ഒരേപ്രകൃതത്തോടെ നിലനിന്നിരുന്ന ഒന്നായിരുന്നില്ലതാനും. തീവ്രവ്യതിയാനഘട്ടങ്ങളും സൗമ്യഘട്ടങ്ങളും ഇടകലർന്നതായിരുന്നു കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങൾ.
ദക്ഷിണ പശ്ചിമേഷ്യയിൽ ഇസ്രയേലിനും ജോർദാനും ഇടയിലായി ജൂഡിയ മലനിരകൾ, ട്രാൻസ്‌ജോർഡാനിയൻ പീഠഭൂമി എന്നിവയുടെ മധ്യത്തിലാണ് ചാവുകടൽ സ്ഥിതിചെയ്യുന്നത്. “മരണത്തിന്റെ കടൽ ” എന്നർഥം വരുന്ന അറബി വാക്കിൽ നിന്നാണ് “ചാവുകടൽ” എന്ന പേരിന്റെ ഉത്ഭവം. ലോകത്തിലെ ഏറ്റവും കൂടുതൽ ലവണത്വമുള്ള ജലമാണ് ചാവുകടലിലേത്.

ചാവുകടൽ കടലല്ല
‘കടൽ’ എന്ന് വിശേഷിപ്പിക്കുന്നുണ്ടങ്കിൽ പോലും യഥാർത്ഥത്തിൽ ചാവുകടൽ ഒരു തടാകമാണ്. ചാവുകടലിലെ ജലത്തിന്റെ ഭൂരിഭാഗവും എത്തിച്ചേരുന്നത് ജോർദാൻ നദിയിൽ നിന്നാണ്. ചില ഇനം ബാക്ടീരിയ ഒഴികെ മറ്റൊരു ജൈവസാന്നിധ്യത്തിനും ചാവുകടലിലെ കടുത്ത ലവണരസത്തെ അതിജീവിക്കാനാവില്ല. ജോർദാൻ നദിയിലൂടെയോ, മറ്റു ചെറു ജലപ്രവാഹങ്ങളിലൂടെയോ ചാവുകടലിൽ എത്തപ്പെടുന്ന മത്സ്യങ്ങൾ കടലിലെ ലവണ രസത്തെ അതിജീവിക്കാനാവാതെ അതിവേഗം ചത്തൊടുങ്ങുന്നു.
ഈ പ്രത്യേകതയാണ് “ചാവുകടൽ ” എന്ന പേരുലഭിക്കുവാൻ കാരണം. ചാവുകടൽ തീരത്ത് ലവണാഭിമുഖ്യമുള്ള വളരെ ചുരുക്കം സസ്യങ്ങൾ മാത്രമാണ് വളരുന്നത്. അത്യധികമായ ലവണാംശംമൂലം തടാകത്തിലെ ജലത്തിന് ഉയർന്ന സാന്ദ്രതയുള്ളതിനാലാണ് അതിൽ നീന്താനിറങ്ങുന്നവർ പൊന്തിക്കിടക്കുന്നത്.

തടാകം മെലിയുന്നു

സമുദ്രനിരപ്പിൽ നിന്ന് വളരെ താഴ്ന്ന് സ്ഥിതിചെയ്യുന്ന തടാകമാണ് ചാവുകടൽ. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ സമുദ്രനിരപ്പിൽ നിന്ന് 400 മീറ്ററോളം താഴ്ന്നാണ് ചാവുകടലിലെ ജലനിരപ്പ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ, 1960 കളുടെ തുടക്കം മുതൽ ജോർദാനും ഇസ്രയേലും , ജോർദാൻ നദിയിലെ ജലം ഇതര ആവശ്യങ്ങൾക്ക് വേണ്ടി കൂടുതലായി തിരിച്ച് വിടാനാരംഭിച്ചതോടെ ജലനിരപ്പ് വീണ്ടും താഴ്ന്നു. 2010 ഓടെ ജലനിരപ്പ് മൂന്ന് മീറ്ററോളം താഴ്ന്നു. തുടർന്നും ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണപ്പെടുന്നത്. ജലനിരപ്പ് ഇത്രയേറെ താഴുന്നതിന് മുൻപ് തടാകത്തിന് ഉദ്ദേശം 80 കിലോമീറ്റർ നീളവും 18 കിലോമീറ്റർ വീതിയും ഉണ്ടായിരുന്നു. ബൈബിൾ കാലഘട്ടം മുതൽ ക്രിസ്താബ്ദ്ധം എട്ടാം നൂറ്റാണ്ട് വരെ തടാകത്തിന്റെ ഉത്തരഭാഗങ്ങളിൽ ജനങ്ങൾ നിവസിച്ചിരുന്നു. അന്നും, ഇന്നത്തേക്കാൾ താഴന്ന നിരപ്പിലാണ് തടാകത്തിന്റെ ജലോപരിതലം സ്ഥിതി ചെയ്തിരുന്നത്. 1896 ൽ സമുദ്രനിരപ്പിൽ നിന്ന് 389 മീറ്റർ താഴ്ചയിൽ സ്ഥിതിചെയ്തിരുന്ന ജലോപരിതലം 1930 കൾക്ക് ശേഷം 400 മീറ്ററോളം താഴ്ചയിൽ ഏതാനും ദശകങ്ങൾ തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുകമൂലം അതിന്റെ രൂപഭാവങ്ങൾ തന്നെ വ്യതിയാനപ്പെട്ടു. 1960 കൾക്കുശേഷം ചാവുകടലിന്റെ ഉപരിതല വിസ്തീർണ്ണത്തിൽ മൂന്നിലൊന്ന് കുറവ് വന്നിട്ടുണ്ട്. ഓരോ വർഷവും ഒരു മീറ്റർ എന്ന തോതിൽ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്.
തടാകത്തിന്റെ തെക്കൻ മേഖലകൾ ഉപ്പളങ്ങൾ നിറഞ്ഞ പ്രദേശമായി രൂപാന്തരം പ്രാപിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ തടാകത്തിന്റെ ഉത്തരമേഖലകളിൽ മാത്രമാണ് ചാവുകടൽ അതിന്റെ സ്വത:സിദ്ധരൂപത്തിൽനിലനിൽക്കുന്നത്.

കാരണം കാലാവസ്ഥ വ്യതിയാനം
കാലാവസ്ഥാ വ്യതിയാന പരിണതഫലമായി തീക്ഷ്‌ണ കാലാവസ്ഥാപ്രഭാവങ്ങൾ സർവ്വസാധാരണമാവുമ്പോൾ അവ തടാകങ്ങളുടെ ഭാവിയെ എപ്രകാരം ബാധിക്കുന്നുവെന്ന കാര്യം അവഗണിച്ചു കൂടാത്തതാണ്.
ജലശോഷണത്തിന്റെ പ്രധാന കാരണം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണെങ്കിലും മനുഷ്യ പ്രേരിത ഘടകങ്ങളും അതിന് ആക്കം കൂട്ടുന്നുണ്ട്. ജോർദാൻ നദിയിൽ നിന്നുള്ള വെള്ളം ഇതര ആവശ്യങ്ങൾക്ക് തിരിച്ച് വിടുന്നതും നദിയിലെ ധാതുഖനനവുമാണ് ഈ പറഞ്ഞ മനുഷ്യപ്രേരിത ഘടകങ്ങൾ. ശോഷണ പാതയിൽ ചാവുകടൽ തനിച്ചല്ല. ബൊളീവിയയിലെ പൂപോ (Poopo) തടാകം, മധ്യ -പശ്ചിമാഫ്രിക്കയിലെ ഛാഡ് (chad) തടാകം, കാസ്പിയൻ തടാകം എന്നിവയും അന്തരീക്ഷതാപനം ഉയരുന്നതുമൂലമുള്ള അതിരൂക്ഷമായ ബാഷ്പീകരണ പ്രക്രിയയിൽ പ്പെട്ട് കടുത്ത ജലശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്.
സമുദ്രങ്ങൾ, അന്തരീക്ഷം മുതലായവ ചൂട് പിടിക്കുന്നതിനേക്കാൾ വളരെയേറെ വേഗത്തിലാണ് താപനസാഹചര്യങ്ങൾ തടാകങ്ങളെ ബാധിക്കുന്നത്. അധികരിച്ച തോതിലുള്ള ബാഷ്പീകരണം തടാകങ്ങൾ വറ്റിവരളുന്ന പ്രക്രിയക്ക് ആക്കം കൂട്ടുന്നു.

മഴ കുറവ്, വെള്ളത്തിനും പ്രത്യേകത

മരു പ്രകൃതമാർന്ന ഭൂപ്രദേശത്താണ് ചാവുകടൽ സ്ഥിതിചെയ്യുന്നത്. തൽപ്രദേശത്ത് ലഭിക്കുന്ന മഴ വളരെ ശുഷ്ക്കവും ക്രമരഹിതവുമാണ്. ഈ പ്രദേശത്ത് പ്രതിവർഷം ലഭിക്കുന്ന മഴ ഏകദേശം 65 മില്ലീ മീറ്റർ ആണ്. സമുദ്രനിരപ്പിൽ നിന്ന് വളരെയേറെ താഴ്ന്ന് സ്ഥിതിചെയ്യുന്നതിനാലും എല്ലാ വശങ്ങളും കരയാൽ ചുറ്റപ്പെട്ടതിനാലും ശൈത്യകാലത്ത് പോലും ജലം ഉറയുന്നതരത്തിൽ കഠിനമായ തണുപ്പനുഭവപ്പെടുന്ന നിലയിലേക്ക് താപനില താഴാറില്ല. ശരാശരി 14 മുതൽ 17 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ് ജനുവരി മാസത്തിൽ അനുഭവപ്പെടാറുള്ള താപനില. വേനൽ മാസങ്ങളിലെ താപനിലയാകട്ടെ, കഠിനവുമാണ്. 34 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 51 ഡിഗ്രി സെന്റിഗ്രേഡ് വരെ പരിധിയിൽ താപനില അനുഭവപ്പെടാറുണ്ട്. ബാഷ്പീകരണം മൂലം പ്രതിവർഷം ഏകദേശം 1.4 മീറ്ററോളം ജലനിരപ്പ് താഴാറുണ്ട്. ബാഷ്പീകരണം നടക്കുമ്പോൾ കട്ടിയേറിയ ബാഷ്പാവരണം തടാകത്തിന് മീതെ കാണപ്പെടാറുണ്ട്. മേഖലയിലെ ആർദ്രതാമാനത്തിൽ വിവിധ ഋതുക്കളിൽ പ്രകടമായ വ്യതിയാനം കാണപ്പെടുന്നില്ല.
തടാകത്തിന്റെ അടിഭാഗത്തട്ടിലേക്ക് പോകുംതോറും ലവണത്വം വർധിച്ചുവരുന്നു. തന്മൂലം തടാകത്തിലെ ജലം ലംബദിശയിൽ രണ്ട് വിഭിന്ന പ്രകൃതങ്ങളിൽ നിലകൊള്ളുന്നു. 1970 കളുടെ അവസാനം വരെ ഇതേ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഉപരിതലം മുതൽ 40 മീറ്ററോളം ആഴം വരുന്ന ഉപരിമേഖലയിലെ താപനില 19 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 37 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ്. ലവണത്വമാകട്ടെ, 300 പി പി ടി (Parts Per Thousand) യിൽ താഴെ. ഈ മേഖലയിലെ ജലവിതാനം പ്രധാനമായും സൾഫേറ്റുകൾ, ബൈകാർബണേറ്റുകൾ എന്നിവയാൽ സമ്പന്നമാണ്. 40 മീറ്റർ മുതൽ ഏകദേശം 100 മീറ്റർ വരെ പരിവർത്തന മേഖലയാണ് (transition zone ). ഈ മേഖലയിൽ ജല താപനില ഏറെക്കുറെ സുസ്ഥിരമായി 22 ഡിഗ്രി സെന്റിഗ്രേഡിൽ നിലകൊള്ളുന്നു. ലവണത്വം 332 പി പി ടി യോളം. ഹൈഡ്രജൻ സൾഫൈഡ്, മഗ്നീഷ്യം, പൊട്ടാസിയം , ക്ലോറിൻ , ബ്രോമിൻ തുടങ്ങിയ മൂലകങ്ങളുടെ ഉയർന്ന സാന്ദ്രതയും ഈ മേഖലയുടെ പ്രത്യേകതയാണ്. പരിവർത്തന മേഖലക്ക് താഴെയുള്ള ആഴമേറിയ മേഖലയിലെ ജലത്തിൽ സോഡിയം ക്ലോറൈഡിന്റെ അധിക സാന്നിധ്യമാണ് പ്രത്യേകത. ഉപ്പ് അവസാദ രൂപത്തിൽ തടാകത്തിന്റെ അടിത്തട്ടിൽ അടിഞ്ഞ് കൂടിക്കിടക്കുന്നു. സോഡിയം ക്ലോറൈഡിന്റെ വർദ്ധിതസാന്നിധ്യം മൂലം അത്യധികം സാന്ദ്രതയേറിയ അഗാധജലം തടാകത്തിന്റെ അടിത്തട്ടിനോട് ചേർന്ന് സ്ഥിരമായി നിലകൊള്ളുന്നതിനാൽ അതിന് ഒരു ഫോസിൽ പ്രകൃതം ഉള്ളതായി വിലയിരുത്തപ്പെടുന്നു. 1960 കളുടെ അവസാനം വരെ തടാകത്തിലെ ജലവിതാനത്തിന്റെ പ്രകൃതം മേല്പറഞ്ഞ വിധത്തിലായിരുന്നു. എന്നാൽ, തടാകത്തിലേക്കുള്ള ഏകജാലവാഹിനിയായ ജോർദാൻ നദിയിലെ ജലത്തിന്റെ വരവിൽ കുറവുണ്ടായതോടെ മുകൾ ജലവിതാനത്തിന്റെ ലവണ സ്വഭാവം ക്രമേണ വർദ്ധിക്കാനിടയായി. പുറമെ, അന്തരീക്ഷതാപനവർദ്ധനവ് മൂലം ബാഷ്പീകരണ തോത് ഏറാൻ ഇടയായതും ഉപരിതല ജലത്തിലെ ലവണത്വം വർധിക്കുന്നതിനിടയായി. എഴുപതുകളുടെ അവസാനമായപ്പോഴേക്കും ഉപരിതലജലം കൂടുതൽ ലവണസമ്പന്നവും സാന്ദ്രതയേറിയതുമായി. എന്നാൽ, അഗാധവിതാനങ്ങളിലെ ജലത്തെ അപേക്ഷിച്ച് ചൂടേറിയതായതിനാൽ, ഉപരിതലജലം മേൽഭാഗത്തു തന്നെ നിലകൊണ്ടു. 1978-79 ൽ അനുഭവപ്പെട്ട അതിശൈത്യത്തിൽ, ഉപരിതലജലം തണുക്കുകയും തുടർന്ന് താഴെത്തട്ടിലേക്ക് താഴുകയും ചെയ്തു. ഇതിനെ തുടർന്നാണ് ചാവുകടലിലെ ജല വിതാനത്തിൽ ലംബതലത്തിലുള്ള മിശ്രണം (over tuning) ആരംഭിച്ചത്.
ചാവുകടൽ എന്ന പേരിന്റെ ഉത്ഭവം ക്രിസ്തുവിന് മുൻപ് 323 വർഷം മുതൽ 30 വർഷം വരെ നീളുന്ന Hellenistic കാലഘട്ടത്തിലേക്ക് വരെ നീളുന്നു. ബൈബിൾ സൂചന പ്രകാരം അബ്രഹാമിന്റെ കാലഘട്ടത്തിലും ചാവുകടൽ പരാമർശമുണ്ട്. ചാവുകടലിലെ ജലത്തിൽ വൻ തോതിൽ ലവണ നിക്ഷേപം അടങ്ങിയിട്ടുണ്ട് എന്ന് സൂചിപ്പിച്ചല്ലോ? പുരാതന കാലം മുതൽക്കുതന്നെ പ്രസ്തുത ലവണനിക്ഷേപം വേർതിരിച്ചെടുക്കാനുള്ള പ്രക്രിയകൾ അനുവർത്തിച്ചിരുന്നു. ജലത്തിൽ ലയിച്ച പൊട്ടാസിയം, മഗ്നീഷ്യം, കാൽസ്യം റൈഡ്, ബ്രോമിൻ, ഇതര രാസവസ്തുക്കൾ എന്നിവ വേർതിരിച്ചെടുക്കുന്ന ഫാക്ടറികൾ തടാകതീരത്ത് ധാരാളമായുണ്ടായിരുന്നു. ഇതിന് വേണ്ടി തടാകത്തിലെ ജലം തീരദേശങ്ങളിൽ നിർമ്മിച്ച ചെറുതടങ്ങളിലേക്ക് തിരിച്ചുവിട്ട് കെട്ടിനിർത്തി ബാഷ്പീകരണ വിധേയമാക്കിയിരുന്നു. ഈ പ്രക്രിയ വഴി തടാകത്തിലെ ജലനിരപ്പ് കൂടുതൽ താഴാനിടയായി. തടാകത്തിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു പോകാതെ നിലനിർത്തി സംരക്ഷിക്കുന്നത്തിന്റെ ഭാഗമായി ഇസ്രായേൽ -ജോർദാൻ എന്നീ രാജ്യങ്ങൾ ജോർദാൻ നദിയിലെ ജലഉപഭോഗം കുറക്കുന്നതോടൊപ്പം ചാവുകടലിലേക്ക് കൂടുതൽ ജലം എത്തിക്കുവാനുള്ള പദ്ധതികളും നിർദ്ദേശിക്കപ്പെട്ടു. ചെങ്കടലിൽനിന്ന് കനാൽ വഴി ജലമെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അതിലൊന്ന്. എന്നാൽ, രണ്ട് വിഭിന്ന ജലസ്രോതസ്സുകളിൽ നിന്നും എത്തിച്ചേരുന്ന വ്യത്യസ്ത ഗുണങ്ങളുള്ള ജലം കൂടിക്കലർന്ന് സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഈ പദ്ധതിയെ ആശങ്കയിൽ നിർത്തി.
അത്യധികം ലവണ സമ്പന്നമായ ജലത്തിൽ മുങ്ങാതെ പൊങ്ങിക്കിടക്കുമെന്ന സവിശേഷത മൂലം ധാരാളം ജനങ്ങൾ ചാവുകടൽ സന്ദർശിക്കുവാൻ എത്താറുണ്ട്. കൂടാതെ, വിവിധ ലവണങ്ങളാൽ സമ്പന്നമായ തടാകത്തിലെ ജലത്തിന് ചില രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഉപഭോഗം, ബാഷ്പീകരണം എന്നിവ വഴി തടാകത്തിൽ നിന്നുമുണ്ടാകുന്ന കനത്ത ജലനഷ്ടം മൂലം വെളുത്ത നിറത്തിൽ ലവണാവശിഷ്ടങ്ങൾ അടിഞ്ഞ്കൂടിയ കര കൂടുതൽ താഴേക്ക് തെളിഞ്ഞു കാണുന്ന രീതിയിൽ ആണ് ഇപ്പോൾ തടാകം നിലകൊള്ളുന്നത്. ഈ മേഖലയിൽ ബാഷ്പീകരണം അതിശക്തമാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ തടാകത്തിലുണ്ടായിരുന്ന ജലനിരപ്പ് പുനഃസൃഷ്ടിക്കണമെങ്കിൽ 700 ദശലക്ഷം ഘനമീറ്റർ ജലം ആവശ്യമാണ്. മഴ, വെള്ളപ്പൊക്കം എന്നിവ വഴി മുൻകാലങ്ങളിൽ പ്രതിവർഷം 300 ദശലക്ഷം ഘനമീറ്റർ ജലം തടാകത്തിൽ എത്തിച്ചേരുമായിരുന്നു. എന്നാൽ, സമീപകാലങ്ങളിൽ ഇപ്രകാരം എത്തിച്ചേരുന്ന ജലം 100 ദശലക്ഷം ഘനമീറ്റർ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ചാവുകടലിലെ 35 ശതമാനം ജലശോഷണത്തിനും കാരണം ഖനനപ്രക്രിയയാണ്. ഖനനപ്രക്രിയക്ക് അളവിലേറെ ജലം ഉപയോഗിക്കപ്പെടുന്നതും ചാവുകടലിലേക്കുള്ള ഏക ജലവാഹിനിയായ ജോർദാൻ നദിയിലെ ജലം ഇതര ആവശ്യങ്ങൾക്കായി വഴിതിരിച്ച് വിടുന്നതും വഴി തടാകത്തിലെ ജലനിരപ്പ് ദ്രുതഗതിയിൽ താഴ്ന്നുകൊണ്ടിരിക്കുന്നു. തുടർന്ന്, തടാകത്തിന് സമാന്തരമായി തീരദേശങ്ങളിൽ വിള്ളലുകൾ രൂപം കൊള്ളൂകയും അവ ക്രമേണ ഒന്നിച്ച് ചേർന്ന് ചെറുഗർത്തങ്ങൾ (sinkholes) ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ചാവുകടലിലെ ജലശോഷണത്തിന്റെ സൂചനയും സൂചകങ്ങളുമാണ് ഈ ചെറുഗർത്തങ്ങൾ. ഖനനപ്രക്രിയ പരിമിതപെടുത്തുകയും ജോർദാൻ നദിയിലെ ജലം ഇതരആവശ്യങ്ങൾക്ക് നൽകുന്നത് വെട്ടിക്കുറച്ച് കൂടുതൽ ജലം ചാവുകടലിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ തടാക സംരക്ഷണം ഉറപ്പാക്കാനാവൂ. എന്നാൽ, ഇസ്രായേൽ, ജോർദാൻ, ലബനോൻ, സിറിയ എന്നീ രാജ്യങ്ങളിലെ ജനസമൂഹങ്ങളുടെ ഏക ജലാശ്രയം ജോർദാൻ നദിയാണ് എന്നിരിക്കെ ചാവുകടൽ ജലനിരപ്പ് താഴുന്നത് തടയുവാനുള്ള പ്രവർത്തനങ്ങൾ ഏറെ പ്രായോഗിക തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
ഭൂമിയിലെ അതിവിരളമായ പാരിസ്ഥിതിക സംഘടനകളിലൊന്നാണ് ചാവുകടൽ. കടുത്ത ലവണ സാന്നിധ്യം മൂലം ചാവുകടലിൽ ജൈവസാന്നിധ്യം ഇല്ല എന്നുതന്നെ പറയാം. എന്നാൽ, അതിസമ്പന്നമായ ലവണസാന്നിധ്യം തന്നെയാണ് ഒരർത്ഥത്തിൽ ചാവുകടലിന്റെ ജീവനെടുക്കുന്നത്. ഖനനത്തിന് പുറമെ, ചൂട് ഏറി വരുന്നതും, മഴ കുറയുന്നതുമായ കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ ചാവുകടൽ നാൾക്കുനാൾ ക്ഷയോന്മുഖമായിവരുകയാണ്. നദീജലം വഴിയുള്ള ഏക പരിപോഷണ മാർഗം കൂടി ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ വരുന്ന പക്ഷം ചാവുകടൽ “ചത്തകടൽ ” ആവാൻ അധികകാലമൊന്നും വേണ്ടിവരില്ല.
ജൈവസാന്നിധ്യമോ, പരീസ്ഥിതിക പ്രാധാന്യമോ ആവാസവ്യൂഹങ്ങളോ ഇല്ലാത്തതിനാൽ ചാവുകടൽ നിലനിർത്തണം എന്ന് മുറവിളിക്കുവാൻ അധികമാരും കണ്ടേക്കില്ല. പക്ഷെ, ഒന്നോർക്കണം. ചാവുകടൽ ഒന്നേയുള്ളു. പകരം വയ്ക്കാനില്ലാത്ത ആ സവിശേഷ ഭൂവിഭാഗം കഥകളിലെ കടൽ മാത്രമായി നാമാവശേഷമാകാതിരിക്കട്ടെ.
(അവസാനിച്ചു)

(കാലാവസ്ഥ വ്യതിയാന ശാസ്ത്രജ്ഞനും കോളമിസ്റ്റുമാണ് ലേഖകൻ)


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment