ഒരു വശത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നു, മറുവശത്ത് കാട്ടുതീ ആളിപടരുന്നു, 19 മരണം
ചിലിയിലെ മധ്യ തെക്കൻ മേഖലകളിലുണ്ടായ കാട്ടുതീയിൽ 19 മരണം. ന്യൂബിൾ,ബിയോബിയോ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50,000 ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഏകദേശം 20,000 ഹെക്ടർ പ്രദേശവും 250 വീടുകളും കത്തിനശിച്ചു. 24 പ്രദേശങ്ങളിലെ കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. തീവ്രതയേറിയ ഉഷ്ണതരംഗത്തിനിടെ വെള്ളിയാഴ്ചയാണ് രാജ്യത്ത് കാട്ടുതീ ആരംഭിച്ചത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിക്കുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. തെക്കേ അമേരിക്കൻ രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെയാണ് കാട്ടുതീ നാശം വിതച്ചത്. ഇതുവരെ 8,500 ഹെക്ടറിൽ കാട്ടുതീ പടർന്നുപിടിച്ചതായും സൈന്യവുമായി ഏകോപിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും ചിലിയൻ സുരക്ഷാ മന്ത്രി ലൂയിസ് കോർഡെറോ പറഞ്ഞു.
താപനില 38 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു
ശക്തമായ കാറ്റും കാലാവസ്ഥയും അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനം തടസപ്പെടുത്തി. പ്രദേശത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ശനി അർദ്ധരാത്രിക്ക് ശേഷമാണ് തീപിടിത്തത്തമുണ്ടായതെന്നും അതിനാൽ രക്ഷപെടാൻ സാധിക്കാതെ വീടുകളിൽ കുടുങ്ങി പ്പോയതായും പ്രദേശവാസികൾ പറഞ്ഞു. രാജ്യവ്യാപകമായി കത്തിനശിച്ച വീടുകളുടെ ആകെ എണ്ണം വ്യക്തമല്ലെങ്കിലും, ബയോബിയോയിലെ കോൺസെപ്ഷൻ മുനിസിപ്പാലിറ്റി 253 വീടുകൾ നശിച്ചതായി റിപ്പോർട്ട് ചെയ്തു.
English Summary : Strong winds and weather conditions hampered the firefighters' rescue efforts.