സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ചൂട് ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ചില നടപടികൾ കൈകൊള്ളുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

Maneesha M.K
2 mins mins read

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

പുറത്തിറങ്ങിയാൽ കുട കൈയ്യിൽ കരുതണം ഇല്ലെങ്കിൽ പണികിട്ടും.കാരണം പുറത്തെ വെയിലിൻ്റെ ചൂട് നമ്മളെ തളർത്തും. കഴിയുന്നതും നല്ല വെയിലുള്ള സമയങ്ങളിൽ  പുറത്തിറങ്ങാതിരിക്കുക. ഈ ചൂടിൽ നിന്ന് രക്ഷനേടാൻ നമ്മളാൽ കഴിയുന്ന നടപടികൾ സ്വീകരിക്കുക. ചൂട് ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ചില നടപടികൾ കൈകൊള്ളുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(Kerala Disaster Management Authority). ഈ വര്‍ഷം ആദ്യത്തെ ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പാണിത്. അവർ  പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ ഓരോന്നും പാലിച്ചാൽ ചൂടിൽ നിന്നും രക്ഷനേടാൻ ഒരു പരിധിവരെ നമുക്ക് സാധിക്കും. ചൂട് കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(Disaster Management Authority)പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ

* 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്തെ വെയിലിൻ്റെ ചൂട് നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക. കിടപ്പ് രോഗികളും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇവർക്ക് സൂര്യാഘാതം എളുപ്പത്തിലേൽക്കാൻ സാധ്യത കൂടുതലാണ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാനും ശ്രദ്ധിക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ശുദ്ധജലം കുടിക്കുന്നത് അത്യുത്തമം

. മദ്യം, കാപ്പി, ചായ, സ്പ്രൈറ്റ് പോലുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക, കറുപ്പ് കളർ വസ്ത്രം കഴിയുന്നതും ഒഴിവാക്കുക

* പുറത്തിറങ്ങുമ്പോൾ ചെരുപ്പിടാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഇടയ്ക്കിടെ കുടിക്കുക

* തീപിടുത്തങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. അതിനാൽ മാർക്കറ്റുകളിലും മാലിന്യകേന്ദ്രങ്ങളിലും പ്രത്യേകം ശ്രദ്ധ വേണം. കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക.

* കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കുക. വനം വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുക

* വിദ്യാലയങ്ങളിൽ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ ലഭ്യമാക്കുക, ജനൽവാതിലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക. മാത്രമല്ല ഗ്രൗണ്ടിൽ നിന്നുള്ള അസംബ്ലികളും, മറ്റ് പരിപാടികളും ഒഴിവാക്കുക

.സ്‌കൂളിൽ നിന്നും  കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടു പോകുമ്പോൾ 11 മണി മുതൽ 3 മണി  വരെയുള്ള ചൂട് നേരിട്ട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള എല്ലാ സംവിധാനവും നടപ്പാക്കുക. പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* ⁠ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാക്കുക.

* നിർമാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ, തുടങ്ങി പുറത്ത് നിന്ന് ജോലികളിൽ ഏർപ്പെടുന്നവർ സമയം ക്രമീകരിക്കുക. വിശ്രമം ഉറപ്പ് വരുത്തുക.

* വളർത്തു മൃഗങ്ങളെ പുത്തിറക്കുമ്പോൾ ശ്രദ്ധിക്കുക

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ (Pets) പാർക്ക് ചെയ്ത കാറുകളിലോ മറ്റോ ഇരുത്തി പോകരുത്.

 * കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* തലചുറ്റലോ മറ്റോ  അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും ആശുപത്രിയിലേക്ക് പോവുകയോ ചെയ്യുക.

ഈ മുന്നറിയിപ്പുകൾ അനുസരിച്ചാൽ ഒരു പരിധിവരെ വെയിലിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. 

English Summary : Avoid direct exposure to the sun's heat between 11 am and 3 pm. Bedridden patients, the elderly, pregnant women, and children should be especially careful about this.