കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വ മുതൽ ചൂടിന് നേരിയ തോതിൽ ആശ്വാസമാകും. ഏപ്രിൽ 20ന് ശേഷം ചൂട് വീണ്ടും കുറയും. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിലെ മെറ്റ്ബീറ്റ് വെതർ ഫോർകാസ്റ്റിൽ സൂചിപ്പിച്ചിരുന്നു. കാറ്റിന്റെ പാറ്റേണിൽ മാറ്റം വന്നു തുടങ്ങിയതാണ് ചൂടിന് ആശ്വാസമാകാൻ കാരണം. ഇന്ന് രാവിലെ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരുന്നു. എന്നാൽ ഇവ മഴക്ക് അനുകൂലമല്ല. അതേസമയം, അടുത്ത ദിവസങ്ങളിൽ കേരളത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടെയുള്ള മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലകൾ വനമേഖലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കാത്ത ചെറിയ മഴക്ക് ഇന്നും നാളെയും സാധ്യതയുണ്ട്. കൂടുതലും വനമേഖലകളിലാണ് മഴ സാധ്യതയുള്ളത്.
വിൻഡ് പാറ്റേണിൽ വരുന്ന മാറ്റങ്ങൾ ചൂടുവായു കേരളത്തിന് മേലെ എത്തുന്നത് കുറക്കും എന്നതിനാൽ ഏപ്രിൽ 20 മുതൽ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങളുടെ സീനിയർ വെതർ ഫോർകാസ്റ്റ് കൺസൽട്ടന്റ് അഭിലാഷ് ജോസഫ് പറഞ്ഞു.
24 മുതൽ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വേനൽ മഴ ലഭിക്കാനാണ് സാധ്യത. മെയ് മാസത്തിലും മഴ സാധാരണയേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് Metbeat Weather നിരീക്ഷണം. അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു.
ചെറുപുഴ , മാലോം, പുളിങ്ങോം , പൈതൽമല, കുറ്റ്യാടി കിഴക്ക് മുതൽ പടിഞ്ഞാറേത്തറ വരെ, ഉറുമി പദ്ധതി പ്രദേശം, കോറോം, കക്കയം അടിവാരം , ദേവാല, കരുവാരകുണ്ട് , അമ്പലപ്പാറ, അട്ടപ്പാടി
കരപ്പാറ, മലയാറ്റൂർ മുതൽ എടമലക്കുടി,
പമ്പ, കോന്നി, പൈനാവ്, പൂഞ്ഞാർ , മുണ്ടക്കയം പീരുമേട്
വെഞ്ഞാറമൂട് , പാലോട് , വിതുര, പൊൻമുടി നെടുമങ്ങാട് .