ഇന്നല്ല യഥാർഥ വിഷു ; മാർച്ച് 20-21 – വസന്ത വിഷുവം

ടി.കെ ദേവരാജൻ

മാര്‍ച്ച് 21 -സമരാത്രദിനം എന്ന് സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ നാം പഠിക്കുന്നതാണ്. സൂര്യന്റെ വടക്കോട്ടുള്ള അയനചലനത്തിനിടയില്‍ ഭൂമധ്യരേഖക്ക്  മുകളില്‍ എത്തുന്ന ദിവസമാണത്. വസന്ത വിഷുവം (Vernal equinox) എന്നാണതിനെ വിളിക്കുക. ഇതേ പോലെ തെക്കോട്ടുള്ള അയനചലനത്തില്‍ ഭൂമധ്യരേഖക്ക് മുകളിലെത്തുന്നത് സെപ്തംബര്‍ 22 നാണ്. ശരത് വിഷുവം. (Autumnal equinox).  എന്നാല്‍ ലീപ്പ് ഇയര്‍ വരുന്നതിനനുസരിച്ച് ഇവ ഒരുദിവസം മാറിവരാം. ഈ വര്‍ഷം വസന്തവിഷുവം മാര്‍ച്ച് 20 ന് ആയിരുന്നു.

സമരാത്രദിനം എന്നാല്‍ ഭൂമിയില്‍ എല്ലായിടത്തും (ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൊഴികെ) രാവും പകലും
12 മണിക്കൂര്‍ ആകുന്ന ദിവസമാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനങ്ങള്‍ക്ക്. ഭൂമിയില്‍ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച്  നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് ഈ ദിവസങ്ങളില്‍ ആണ്. മാര്‍ച്ച് 21 ന് ശേഷം സൂര്യന്‍ അല്പാല്പമായി വടക്കോട്ട് നീങ്ങിയാവും ഉദിക്കുക. ജൂണ്‍ 22 ആകുമ്പോള്‍  23.5 ഡിഗ്രി എന്ന പരമാവധി സ്ഥാനത്തെത്തും. പിന്നെ സൂര്യന്‍ ഓരോദിവസവും ക്രമേണ തെക്കോട്ട് നീങ്ങുന്നതായി തോന്നും. സെപ്തംബര്‍ 22 ന് നേരെ കിഴക്ക്. ഈ യാത്ര വീണ്ടും തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ പരമാവധി തെക്ക് -23.5 ഡിഗ്രി- എത്തും.മാര്‍ച്ച് 21 മുതല്‍ സെപ്തംബര്‍ 22 വരെ ഉത്തരാര്‍ധഗോളത്തില്‍ പകല്‍ കൂടുതലായിരിക്കും. ഉഷ്ണകാലവും. ജൂണ്‍22 നാണ്  പകലിന് ഏറ്റവും ദൈര്‍ഘ്യമുണ്ടാവുക. അവിടെ സെപ്തംബര്‍22 മുതല്‍ മാര്‍ച്ച് 21 വരെയുള്ള അടുത്ത ആറ് മാസം രാത്രികൂടുതലും തണുപ്പ് കാലവുമായിരിക്കും. ഡിസംബര്‍ 21ന്  ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രി. ദക്ഷിണാര്‍ധഗോളത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നേരെ വിപരീതമായിരിക്കും. ഭൂമധ്യ രേഖയില്‍ വര്‍ഷം മുഴുവന്‍ സമരാത്രദിനമാണ്. എന്നാല്‍  ഉദയാസ്തമയങ്ങള്‍ മാര്‍ച്ച് 21 ന് ശേഷം വടക്കോട്ടും സെപ്തംബര്‍ 22 ന് ശേഷം തെക്കോട്ടും നീങ്ങും.

വര്‍ഷം എന്ന കാലസങ്കല്‍പം രൂപപ്പെടുന്നത് ഋതുക്കള്‍ മാറിവരാന്‍ എടുക്കുന്ന കാലയളവിലൂടെയാണല്ലോ. എന്നാല്‍ അത് 365.25 ദിവസമായി കണക്കാക്കാന്‍ പ്രാചീന കാലത്തുതന്നെ കഴിഞ്ഞത്  സൂര്യന്റെ ഈ അയനചലനം മനസ്സിലാക്കിയാണ്. പകല്‍ കൂടാന്‍ തുടങ്ങുന്ന സമരാത്രദിനത്തെ ചിലര്‍ വര്‍ഷാരംഭമായി കണക്കാക്കി. വസന്തവിഷുവം എന്ന് വിളിക്കപ്പെട്ട ഈ ദിനം ഭാരതത്തില്‍ പലയിടത്തും വര്‍ഷാരംഭമാണ്. നമ്മുടെ വിഷുവും ആ വിധത്തിലാണ് ആചരിക്കാന്‍ തുടങ്ങിയത്. ചിലരാകട്ടെ തണുപ്പും രാത്രിയും വര്‍ധിക്കുന്ന കാലത്തിന് ശേഷം സൂര്യന്റെ തിരിച്ചുവരവ് തുടങ്ങുന്ന ദിവസമാണ് അതിനായി തിരഞ്ഞെടുത്തത്. ഡിസംബറില്‍ കടുത്ത തണുപ്പ് അനുഭവിക്കുന്ന പാശ്ചാത്യര്‍ക്ക് ജനുവരി വര്‍ഷാരംഭമായത് അങ്ങനെയാണ്.

സൂര്യന്റെ അയനചലനം അനുസരിച്ച് വര്‍ഷം കണക്കാക്കുന്നതിന് 5000 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. അത്ര തന്നെ പഴക്കം വരുന്ന ബ്രിട്ടനിലെ സാലിസ്ബറിയിലെ സ്റ്റോണ്‍ഗഞ്ച് എന്ന പുരാതന നിര്‍മ്മിതി ഇതിനായി തയ്യാറാക്കിയതാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഇതിനിടയില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നു വരാം. ഓരോ സ്ഥലത്തെയും  നിഴലില്ലാ ദിനം അക്ഷാംശരേഖക്കനുസൃതമായി വ്യത്യസ്തമല്ലേ? അപ്പോള്‍ സൂര്യന്റെ ഉദാസ്തമയസ്ഥലവും അതിനനുസരിച്ച് മാറേണ്ടെ?

ഇവിടെയാണ് ഭൂമിയുടെ സ്വയംഭ്രമണം മൂലം ആകാശവസ്തുക്കള്‍ക്ക് തോന്നിക്കുന്ന ചലനത്തിന്റെ സവിശേഷത നാം തിരിച്ചറിയേണ്ടത്. ഭൂമധ്യരേഖയില്‍ മാത്രമാണ് കുത്തനെ വെച്ച ഒരു അര്‍ധവൃത്ത പാതയിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നതായി അനുഭവപ്പെടുക. മറ്റുള്ളിടത്ത്  ആ സ്ഥലത്തിന്റെ അക്ഷാംശരേഖയുടയത്ര ചരിഞ്ഞാണ് സൗര പാതയുണ്ടാവുക. അതായത് അക്ഷാംശരേഖ വടക്ക് 12 ഡിഗ്രി യിലുള്ള ഒരാള്‍ മാര്‍ച്ച് 21 ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്നതായി കാണുമെങ്കിലുംതലക്ക് മുകളിലെത്തുമ്പോള്‍ 12 ഡിഗ്രി തെക്ക് മാറിയാവും സൂര്യനെ കാണുക. അസ്തമിക്കുമ്പോള്‍ നേരെ പടിഞ്ഞാറെത്തുകയും ചെയ്യും. (ഇവിടെ നേരിയമാറ്റം വരും.മൂന്ന് മാസംകൊണ്ട് 23.5 ഡിഗ്രി മാറുമ്പോള്‍ 12 മണിക്കൂര്‍കൊണ്ട് സംഭവിക്കാവുന്ന മാറ്റം).ഉത്തരായനരേഖ കടന്നു പോകുന്ന പ്രദേശത്തുള്ളവര്‍ക്ക്  സൂര്യന്‍ നേരെ കിഴക്കുദിച്ച് 23.5 ഡിഗ്രി തെക്ക് മാറിയാകും തലക്ക് മുകളില്‍ സൂര്യനെ കാണുക.

ദക്ഷിണായനരേഖയിലുള്ളവര്‍ക്കാകട്ടെ 23.5 ഡിഗ്രി വടക്ക് ഭാഗത്തായാണ് സൂര്യന്‍ കാണപ്പെടുക. അപ്പോള്‍ ഉത്തരധ്രുവത്തില്‍ ഒരാള്‍ നിന്നാല്‍ വസന്തവിഷുവത്തില്‍ സൂര്യന്റെ ഉദയാസ്തമയം എങ്ങിനെയാണ് വീക്ഷിക്കുക? ഉത്തര ധ്രുവം ഭൂമധ്യരേഖയില്‍ നിന്ന് 90 ഡിഗ്രി മാറി ആയതിനാല്‍ 90 ഡിഗ്രി ചരിഞ്ഞ പാതയിലൂടെയാവുമല്ലോ സൂര്യന്‍ സഞ്ചരിക്കുക. അതായത് ചക്രവാളത്തിലൂടെ സൂര്യന്‍ വലം വെക്കുന്നതായാണ് (Clockwise)അവിടെ അനുഭവപ്പെടുക. (കഴിഞ്ഞ ആറുമാസം സൂര്യനെ ഉത്തരധ്രുവത്തില്‍ നിന്ന് കാണുമായിരുന്നില്ല). ഇനി ദക്ഷിണധ്രുവത്തില്‍ നില്ക്കുന്ന ഒരാള്‍ക്കോ? അവിടെയും സൂര്യന്റെ പാത ചക്രവാളത്തിലൂടെ തന്നെ. പക്ഷേ  ദിശ ഇടംവെക്കലായിരിക്കും.( Anticlockwise). അവിടെ അടുത്ത ആറുമാസം സൂര്യനെ കാണുകയില്ല!.

ഇനി ജൂണ്‍ 22 ന്റെ സൗരചലനം കാണപ്പെടുന്നത്  എങ്ങിനെയെന്ന് നോക്കാം. ഭൂമധ്യ രേഖയിലുള്ള ഒരാള്‍ക്ക് 23.5 ഡിഗ്രി വടക്ക് മാറി ഉദിച്ച് ഉച്ചിയിലെത്തുമ്പോഴും അത്രതന്നെ വടക്ക് മാറിയാകും സൂര്യനെ  കാണുക. എന്നാല്‍ ഉത്തരായനരേഖയിലുള്ളവര്‍ക്കാകട്ടെ ഉദയം 23.5 ഡിഗ്രി വടക്കാണെങ്കിലും ഉച്ചിയിലെത്തുമ്പോള്‍ കുത്തനെയായിരിക്കും സൂര്യന്‍ ഉണ്ടാവുക. ദക്ഷിണായന രേഖയിലുള്ളവര്‍ക്ക്  47 ഡിഗ്രി വടക്കാവും തലയ്ക്ക് മുകളില്‍ എത്തുമ്പോള്‍ സൂര്യനെ കാണുക .66.5 ഡിഗ്രി തെക്കുള്ളവര്‍ക്ക് അന്ന് സൂര്യനെ നട്ടുച്ചയിലും ചക്രവാളത്തിലേ കാണാനാവൂ. അതായത് അതിനും തെക്കുള്ളവര്‍ ആ ദിവസം സൂര്യനെ കാണുകയേ ഇല്ല.66.5 ഡിഗ്രി മുതല്‍ വടക്കുള്ളവര്‍ക്ക്  ആകട്ടെ അന്ന് സൂര്യന്‍ അസ്തമിക്കയേ ഇല്ല. ഉത്തരധ്രുവത്തിലായാലോ, സൂര്യന്‍ 23.5 ഡിഗ്രി ഉയര്‍ന്ന് ചക്രവാളത്തിന് സമാന്തരമായി കറങ്ങുന്നതായി അനുഭവപ്പെടും..

ഇനി രണ്ടാമതൊരു സംശയം വരാവുന്നത് മാര്‍ച്ച്21 ന് അല്ലല്ലോ നാമിന്ന് വിഷു ആചരിക്കുന്നത് എന്നതിനെ ചൊല്ലിയാവും. ശരിയാണ്. നമ്മള്‍ ഇപ്പോള്‍ ആചരിക്കുന്നത് യഥാര്‍ത്ഥ വിഷുവല്ല എന്നതാണ് വാസ്തവം. ഏകദേശം 1700 വര്‍ഷം മുമ്പ്  കണക്കാക്കിയ വിഷുവാണത്. അതെന്തുകൊണ്ടെന്ന് നോക്കാം.

സമരാത്രത്തെ അടിസ്ഥാനപ്പെടുത്തി വര്‍ഷം കണക്കാക്കുന്നതിനേക്കാള്‍ എളുപ്പം നക്ഷത്രങ്ങളെ നോക്കി അത് കണക്കാക്കുന്നതാണ്. ഇക്കാര്യം വളരെ മുമ്പേ തന്നെ മനസ്സിലാക്കിയിരുന്നു. സൂര്യന് ചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്നതിനനുസരിച്ച് നാം രാത്രിയില്‍ കാണുന്ന നക്ഷത്രങ്ങളും വിത്യാസപ്പെടുന്നു. ഒരു നക്ഷത്രത്തെ അതേ സ്ഥാനത്ത് അതേ സമയം വീണ്ടും കാണാനാവുക  കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ്. അതിനാല്‍ സമരാത്രദിനത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനം തിട്ടപ്പെടുത്തിയാല്‍ വര്‍ഷാരംഭം അതിന്റെയടിസ്ഥാനത്തില്‍ കണക്കാക്കാം. സൂര്യന്‍ മേടം നക്ഷത്രഗണത്തിനടുത്തെത്തുമ്പോള്‍ അഥവാ നേരെ എതിര്‍ഭാഗത്തുള്ള ചിത്തര നക്ഷത്രം അര്‍ധരാത്രിയില്‍ ഉച്ചിയിലെത്തുന്ന സമയമായിരുന്നു മുമ്പ് സമരാത്രദിനം. സൂര്യന്റെ അന്നത്തെ സ്ഥാനം മുതലാണ് മേടം രാശി. സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസം (മേടം 1)വസന്ത വിഷുവവും. എന്നാല്‍ ഈ കണക്കാക്കല്‍ പിന്നെ തെറ്റുവാന്‍ തുടങ്ങി. ആ ദിവസം സമരാത്രദിനമല്ലാതായി. 72 വര്‍ഷം കൂടുമ്പോള്‍ സമരാത്രദിനം ഓരോ ദിവസം പിറകോട്ട് പോയി. ഭൂമിയുടെ പുരസ്സരണം എന്ന പ്രതിഭാസമാണ് ഇതിന് കാരണം.

ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ അച്ചുതണ്ട് സൂര്യന് ചുറ്റുമുള്ള പ്രദക്ഷിണതലത്തിന് 23.5 ഡിഗ്രി ചരിഞ്ഞിട്ടാണല്ലോ. എന്നാല്‍ ഈ ചരിവിന്  25800 വര്‍ഷത്തിനിടയില്‍ ഒരു ചുറ്റല്‍ സംഭവിക്കുന്നുണ്ട്. പമ്പരം കറങ്ങുമ്പോള്‍ അതിന്റെ അച്ചുതണ്ട് സാവധാനം പുളയുന്നകണ്ടിട്ടില്ലേ,അതു പോലെ. അതിനാല്‍ 13000 വര്‍ഷം കൊണ്ട് ഭൂമിയുടെ ചരിവ് എതിര്‍വശത്തേക്കാകും. അപ്പോള്‍ ഉത്തര ദക്ഷിണ അര്‍ധഗോളങ്ങളിലെ കാലാവസ്ഥ  നക്ഷത്രസ്ഥാനവുമായി ബന്ധപ്പെടുത്തിയാല്‍ ഇപ്പോഴുള്ളതിന്റെ വിപരീതമാവും. അതായത് മകരമാസത്തില്‍ ചൂട് കാലവും കര്‍ക്കിടകത്തില്‍ തണുപ്പ് കാലവും.

ഇതിനനുസരിച്ച് വിഷുവും രാശികളുമെല്ലം ക്രമപ്പെടുത്തിയാല്‍ എന്തെല്ലാമാണ് സംഭവിക്കുക. വിഷു മാര്‍ച്ച് 21 ന്. ഇപ്പോഴത്തെ രാശിചക്രമെല്ലാം അതിര്‍ത്തി മാറ്റിവരയ്ക്കയും വേണം.!എന്റെ

വായനക്കാർക്ക് Metbeat Weather ന്റെ വിഷു ആശംസകൾ

Photo: Nidhish Krishnan

(ലൂക്ക ശാസ്ത്ര വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്)

Share this post

Leave a Comment