പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വൻ ദ്വാരം; 9 തീവ്രതയുള്ള ഭൂചലന സാധ്യത, അമേരിക്ക നാമാവശേഷമാകുമോ?

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വൻ ദ്വാരം കണ്ടെത്തി. റിക്ടർ സ്‌കെയിലിൽ 9 തീവ്രത വരെയുള്ള ഭൂചലനത്തിന് ഇത് കാരണമാകാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ദ്വാരത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദ്വാരം കണ്ടെത്തിയത് മോശം വാർത്തയാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. സമുദ്രത്തിൽ ഇത്രയും വലിയ ഭൂചലനമുണ്ടായാൽ സുനാമിക്കും അത് കാരണമായേക്കും.

വൻ ഭൂചലനത്തിന് കാരണമായേക്കും
വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് ദ്വാരം കണ്ടെത്തിയത്. വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് ദ്വാരത്തെ കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടത്. യു.എസ് സംസ്ഥാനമായ ഒറിഗോണിലെ തീരത്തു നിന്ന് ഏറെ അകലെയല്ലാത്ത പ്രദേശത്താണ് സമുദ്രത്തിന്റെ അടിത്തട്ടിയിൽ ദ്വാരം പ്രത്യക്ഷപ്പെട്ടത്. ഇത് പതിവുള്ളതല്ലെന്നും മേഖലയിൽ വലിയ ഭൂചലനം പ്രതീക്ഷിക്കാമെന്ന സൂചനയാണ് നൽകുന്നതെന്നും ഭൗമശാസ്ത്രജ്ഞർ അറിയിച്ചു.

ദ്വാരത്തിൽ നിന്ന് പുറത്തുവരുന്നത് ശുദ്ധജലം
ഫെത്തിയാസ് ഒയായിസ് എന്നാണ് ദ്വാരത്തിന് പേരിട്ടത്. വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ചലിക്കുന്ന ഭൗമഫലകങ്ങളുടെ മുകളിലാണ് ഈ ദ്വാരമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 2015 ൽ തന്നെ നേരിയ തോതിൽ ദ്വാരം ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് ഫൈത്തിയ ഓയാസിസ് എന്ന് ഈ ദ്വാരത്തിന് പേരിടുകയും ചെയ്തു. ദ്വാരത്തിൽ നിന്ന് പുറത്തേക്ക് ചൂടുള്ള വെള്ളവും പ്രവഹിക്കുന്നുണ്ട്. ഈ ശുദ്ധജലമാണെന്നാണ് കരുതുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ശുദ്ധജലത്തിന്റെ സാന്നിധ്യം കൂടുന്നത് ടെക്ടോണിക് പ്ലേറ്റുകളെ ദുർബലമാക്കിയേക്കുമെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ടെക്ടോണിക് ലൂബ്രിക്കന്റാകും
ദ്വാരത്തെ കുറിച്ച് നടന്ന പുതിയ പഠനത്തിലെ റിപ്പോർട്ട് ഈയിടെ സയൻസ് അഡ്വാൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ദ്വാരത്തിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവകം ടെക്ടോണിക് ലൂബ്രിക്കന്റ് ആയി പ്രവർത്തിക്കുമെന്നാണ് ജേണലിൽ ഗവേഷകർ അഭിപ്രായപ്പെടുന്നത്. ദ്വാരത്തിൽ നിന്ന് പുറത്തുവരുന്ന വെള്ളത്തിന് ചുറ്റുമുള്ളതിനേക്കാൾ 16 ഡിഗ്രി ചൂട് ഉണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഈ വെള്ളം കസ്‌കാഡിയ മെഗാത്രസ്റ്റ് എന്നറിയപ്പെടുന്ന സമുദ്രഫലകത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചാൽ സംഗതി ഗുരുതരമാകും. 150 മുതൽ 260 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഭൗമാന്തർഭാഗത്തു നിന്ന് വന്നാൽ ടെക്ടോണിക് പ്ലേറ്റുകളെ പ്രതികൂലമായി ബാധിച്ചേക്കും.

അമേരിക്ക നാമാവശേഷമാകുമോ?
1000 വർഷം മുൻപ് സമാനമായ കസ്‌കാഡിയ മെഗാത്രസ്റ്റ് സംഭവിച്ച് ചിലിയിൽ ശക്തമായ ഭൂചലനമുണ്ടായിരുന്നു. അതിനേക്കാൾ നാശനഷ്ടം ഇത്തരമൊരു സാഹചര്യം വീണ്ടുമുണ്ടായാൽ സംഭവിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഈ മേഖലയിലെ ടെക്ടോണിക് പ്ലേറ്റുകളെ കുറിച്ച് കൂടുതൽ പഠിക്കാൻ ഗവേഷകർ തീരുമാനിച്ചിട്ടുണ്ട്.

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment