55 ഡിഗ്രി ചൂടിലുരുകിയ കുവൈത്തിലെ റോഡുകളിൽ മഞ്ഞു പുതഞ്ഞു

കുവൈത്തിൽ മഴക്കൊപ്പം പെയ്ത മഞ്ഞിൽ റോഡുകളിലും മറ്റും ഗതാഗത തടസം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റോഡുകളിൽ മഞ്ഞിന്റെ വലിയ പാളികൾ ദൃശ്യമായത്. മഞ്ഞു നിറഞ്ഞ പാതയിലൂടെ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തദ്ദേശീയർക്കും വിദേശികൾക്കും നവ്യാനുഭൂതിയായി ഈ കാഴ്ചയെന്ന് കുവൈത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്രയും മഞ്ഞു മൂടിയ വെളുത്ത റോഡുകൾ കണ്ടിട്ടില്ലെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പിലെ മുൻ ഡയരക്ടർ മുഹമ്മദ് കരാം പറഞ്ഞു.

ഇതിനകം 63 എം.എം മഴ ലഭിച്ചെന്നും തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും കുവൈത്ത് കാാലാവസ്ഥാ വകുപ്പ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇടിയോടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. ഇനിയും ഇടിയോടുകൂടെ മഴയും മണിക്കൂറിൽ 55 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷം കനത്ത ചൂടാണ് കുവൈത്തിൽ ഭൂരിഭാഗം സമയത്തും അനുഭവപ്പെട്ടത്. 55 ഡിഗ്രിവരെ ചൂട് ഇത്തവണ കുവൈത്തിൽ അനുഭവപ്പെട്ടിരുന്നു. കുവൈത്തിൽ മഞ്ഞു വീഴ്ച പതിവുള്ളതല്ല.

Leave a Comment