കൊൽക്കത്ത: പശ്ചിമബംഗാളിൽ വിജയദശമി ദിനത്തിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങി മരിച്ചു. നിരവധി പേരെ കാണാതായി. ജാൽപായ്ഗുരിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മാൽ നദിയിൽ വിഗ്രഹനിമഞ്ജനം നടത്തിയിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്പത് പേരെ രക്ഷപ്പെടുത്തിയെന്ന് ജാൽപായ്ഗുരി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോഡാര പറഞ്ഞു.
13 പേരെ ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.