ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം കരകയറി, കേരളത്തിൽ കാലാവസ്ഥ മാറ്റം
ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ( Deep Depression) ഒഡീഷക്ക് സമീപം കരകയറി. ഇന്നലെ രാത്രിയാണ് ന്യൂനമർദ്ദം കരകയറിയത്. കര കയറുമ്പോൾ കാറ്റിന് പരമാവധി വേഗം 75 കിലോമീറ്റർ വരെ വേഗതയുണ്ടായിരുന്നു.
തെക്കൻ ഒഡീഷക്ക് അടുത്ത് ഗോപാൽപൂരിന് സമീപമാണ് Deep Depression കര തൊട്ടത്. രാവിലെ തെക്കൻ ഒഡീഷ മുകളിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തികുറഞ്ഞു തീവ്ര ന്യൂനമർദം (Depression) ആകും. തുടർന്നുള്ള മണിക്കൂറുകളിൽ വീണ്ടും ശക്തികുറഞ്ഞു ന്യൂനമർദ്ദമാകും.
ഈ സിസ്റ്റം കഴിഞ്ഞദിവസം ചുഴലിക്കാറ്റ് ആയതായി അമേരിക്കൻ കാലാവസ്ഥ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകൾ സ്ഥിരീകരിക്കേണ്ട ഔദ്യോഗിക ഏജൻസി കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ആണ്.
IMD ചുഴലിക്കാറ്റ് മാനദണ്ഡം
കാലാവസ്ഥ വകുപ്പിന്റെയും മറ്റു വിദേശ ഏജൻസികളുടെയും മാനദണ്ഡങ്ങളിലെ വ്യതിയാനമാണ് ചുഴലിക്കാറ്റുകൾ സ്ഥിരീകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായത്തിന് കാരണമാകുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡപ്രകാരം ചുഴലിക്കാറ്റ് സ്ഥിരീകരിക്കാൻ കാറ്റിൻ്റെ വേഗത 34 നും 47 നും ഇടയിൽ നോട്ടിക്കൽ മൈൽ വേഗത വേണം. ഇത് ഏകദേശം 62 - 88 കി.മി വരും.
കാറ്റ് ഇന്നലെ ചുഴലി വേഗതയിൽ എത്തി
ഇന്നലെ തീവ്ര ന്യൂനമർദ്ദം കരകയറുമ്പോൾ കാറ്റിൻ്റെ വേഗത മിനിറ്റുകളോളം ചുഴലിക്കാറ്റിന്റെ വേഗത പരിധിയിൽ എത്തിയിരുന്നു. പക്ഷേ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായില്ല. 62 കിലോമീറ്റർ മുകളിൽ കാറ്റിന്റെ വേഗത maximum sustained wind speed (MSW) 3 മിനുട്ട് നീണ്ടു നിന്നാൽ ചുഴലിക്കാറ്റ് സ്ഥിരീകരിക്കാൻ കഴിയും. ഇന്നലെ കര കയറുമ്പോൾ കാറ്റിന്റെ വേഗത 75 കിലോമീറ്റർ എത്തിയിരുന്നു. 50 - 61 കി.മി വരെയുള്ള വേഗതയാണ് അതി തീവ്ര ന്യൂനമർദ്ദമായി കണക്കാക്കുന്നത്.
കേരളത്തിൽ മഴക്ക് കാരണമാകില്ല
ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം കരകയറി ദുർബലമാകുന്നതോടെ കേരളത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴ കുറയും. അറബിക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഒമാൻ ലക്ഷ്യമാക്കി നീങ്ങും. ഇതോടെ കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും മഴ കുറയും.
തമിഴ്നാട്ടിൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലം ഇടിയോടെ മഴ സാധ്യത. കേരളത്തിൻ്റെ കിഴക്കൻ വാളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടെ മഴ ഉണ്ടാകും. പകൽ വെയിലും രാത്രിയിലും പുലർച്ചെയും മഞ്ഞുമായുള്ള അന്തരീക്ഷ സ്ഥിതി ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതീക്ഷിക്കാം.
English Summary: Discover the effects of the extremely severe low pressure area in the Bay of Bengal on Kerala's weather. Stay updated with real-time information and forecasts.