കേരളം വരണ്ടുതന്നെ, കാട്ടുതീ സാധ്യതയും നിലനിൽക്കുന്നു

കാര്യമായ അന്തരീക്ഷ മാറ്റങ്ങൾ ഇല്ലാത്തതു കാരണം കേരളത്തിലും ദക്ഷിണേന്ത്യയിലും വരണ്ട കാലാവസ്ഥ അടുത്ത ഒരാഴ്ച തുടരും. ശ്രീലങ്കയിൽ ഫെബ്രുവരി 19 മുതൽ ഏതാനും ദിവസം മഴക്ക് സാധ്യതയുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് മഴ സാധ്യത.


ദക്ഷിണേന്ത്യ വരണ്ടു തന്നെ

കേരളത്തിന്റെ പടിഞ്ഞാറ് അറബിക്കടലിൽ മേഘരൂപീകരണത്തിനും ഒറ്റപ്പെട്ട ചാറ്റൽ മഴക്കോ അടുത്തയാഴ്ച നേരിയ സാധ്യതയുണ്ട്. പക്ഷേ കരയിൽ മഴ പ്രതീക്ഷ തൽക്കാലമില്ല. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഇപ്പോഴില്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. 

ഉത്തരേന്ത്യയിൽ കാലാവസ്ഥ മാറ്റം
കിഴക്കൻ ബംഗ്ലാദേശിലും സമീപ മേഖലയിലും സമുദ്രോപരിതലത്തിൽ നിന്ന് 3.1 കി.മി ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതു കാരണം മ്യാൻമർ ഉൾപ്പെടെയുള്ള മേഖലകളിൽ അടുത്ത 3 ദിവസം മഴക്ക് സാധ്യത. ബംഗ്ലാദേശിലും മഴ പ്രതീക്ഷിക്കാം. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അരുണാചൽ പ്രദേശിലും മഴ സാധ്യതയുണ്ട്.

കശ്മിരിലും ഹിമാചലിലും മഴ സാധ്യത
ജമ്മു കശ്മിരിൽ ജെറ്റ് സ്ട്രീം വിന്റിന്റെ സ്വാധീനം നിലനിൽക്കുന്നതും പശ്ചിമവാതം വീണ്ടും എത്തിയതും കാരണം  ലഡാക്ക്, ഗിൽജിത് ബാൽട്ടിസ്ഥാൻ, മുസഫറാബാദ് എന്നിവിടങ്ങളിൽ അടുത്ത 3 ദിവസം മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. പശ്ചിമാവാതത്തിന്റെ സ്വാധീനം മൂലം പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും വെള്ളിയാഴ്ച മുതൽ മഴ സാധ്യതയുണ്ട്. 

കേരളത്തിലും ചൂട് കൂടുന്നു, തീപിടുത്തം സുക്ഷിക്കണം
ഉത്തരേന്ത്യയിലെ വരണ്ട കാറ്റിന്റെ സ്വാധീനം കേരളത്തിലും എത്തുന്നതിനാലും കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് എത്തുന്നത് കുറഞ്ഞതിനാലും കേരളത്തിൽ കാട്ടുതീയും മറ്റു തീപിടിത്ത സാധ്യതയും നിലനിൽക്കുന്നു. പകൽ സമയത്ത് തീയിടുന്നത് ഒഴിവാക്കണം. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും മഹാരാഷ്ട്രയിലും അടുത്ത 5 ദിവസം ചൂട് കൂടാനാണ് സാധ്യത. 2 മുതൽ 4 ഡിഗ്രിവരെ താപനില പകൽ വർധിക്കും. ഇതിന്റെ സ്വാധീനം കേരളത്തിലെ കാലാവസ്ഥയിലും പ്രകടമാകും. 

രാത്രിയും ചൂട് കൂടുന്നു
കേരളത്തിൽ രാത്രി താപനിലയിലും മാറ്റം വരും. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ തണുപ്പ് കൂടിയിരുന്നുവെങ്കിൽ ഇനി രാത്രി താപനില കൂടി വരാനാണ് സാധ്യത. 23 ഡിഗ്രി സെൽഷ്യസ് വരെ രാത്രിയിലെ താപനില കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പകൽ താപനില മിക്കയിടങ്ങളിലും 35 ഡിഗ്രിക്ക് മുകളിലാണ്. 

വടക്കൻ ജില്ലകളിൽ പകൽ താപനില ശരാശരിയേക്കാൾ ഒരു ഡിഗ്രിവരെ കൂടുതലാണ്. കശ്മിരും ഹിമാചലും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ വരുന്നതിനാൽ അതിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. 
Photo- Ivin Varughese

Share this post

Leave a Comment