2003ന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ പ്രളയത്തിൽ മരണസംഖ്യ 200 നോട് അടുക്കുന്നു

രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ശുദ്ധജല വിതരണവും മുടങ്ങി. രാജ്യത്ത് ഡിസംബര്‍ നാലു വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രസിഡന്റ് അനുര കുമാര ദിസാനായകെ പ്രഖ്യാപിച്ചിരുന്നു.

Sinju P
1 min mins read

2003ന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ പ്രളയത്തിൽ മരണസംഖ്യ 193 ആയി. 
ശ്രീലങ്ക വഴി കഴിഞ്ഞ ദിവസം കടന്നുപോയ ഡിറ്റ് വ ചുഴലിക്കാറ്റ് ഇപ്പോൾ തമിഴ്നാട് തീരത്താണ്. 2003 ജൂണിന് ശേഷം ശ്രീലങ്കയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണ് ഇത്. 2003 ലെ ദുരന്തത്തില്‍ 254 പേരാണ് മരണപ്പെട്ടത്. 200 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. 20,000 പേരുടെ വീടുകള്‍ തകര്‍ന്നു. 1.8 ലക്ഷം പേരെ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക മാറ്റിപാര്‍പ്പിച്ചതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ശുദ്ധജല വിതരണവും മുടങ്ങി. രാജ്യത്ത് ഡിസംബര്‍ നാലു വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രസിഡന്റ് അനുര കുമാര ദിസാനായകെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 16 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊളംബൊയില്‍ കെലാനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.

വടക്കു മധ്യ ജില്ലയായ കരുനേഗലയില്‍ വയോജന കേന്ദ്രത്തില്‍ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി. അനുരാധപുരയില്‍ ബസില്‍ കുടുങ്ങിയ 69 പേരെയും രക്ഷപ്പെടുത്തി. തൊട്ടടുത്ത കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറാന്‍ ഇവരെ നാവിക സേന സഹായിക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര സഹായം സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. വെള്ളിയാഴ്ച മുതലാണ് ശ്രീലങ്കയില്‍ ഡിറ്റ് വ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വരുത്തിയത്.

Metbeat news