കേരളത്തിൽ അടുത്ത നാലു ദിവസം മഴ സജീവമാകും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനുള്ള തയാറെടുപ്പുകൾ നടക്കുന്നതോടൊപ്പം അറബിക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കിഴക്കൻ മേഖലയ്‌ക്കൊപ്പം പടിഞ്ഞാറൻ തീരത്തും മഴ ലഭിക്കാൻ അനുകൂല സാഹചര്യമാണ് അടുത്ത ഏതാനും ദിവസമുള്ളത്. അറബിക്കടലിലെ ചക്രവാതച്ചുഴി കേരള തീരത്തോട് അടുത്ത് രൂപപ്പെട്ടതും ഇതിൽ നിന്ന് കേരളത്തിനു കുറുകെ ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദപാത്തി രൂപപ്പെടുന്നതും ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കി.മി ഉയരത്തിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. അറബിക്കടലിന്റെ മധ്യമേഖലയിൽ മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനമർദം വ്യാഴാഴ്ചയേ രൂപപ്പെടാൻ സാധ്യതയുള്ളൂ. ഇപ്പോൾ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെടാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഇത് അടുത്ത രണ്ടു ദിവസം ഏറെയൊന്നും ശക്തിപ്പെട്ടേക്കില്ല. 20 ഓടെ ഈ ചക്രവാതച്ചുഴി ന്യൂനമർദമാകാനും തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനുമാണ് സാധ്യത. ഈ സിസ്റ്റവും തുലാവർഷത്തെ സമയത്തിന് ദക്ഷിണേന്ത്യയിലെത്തിക്കും. കേരളത്തിൽ അടുത്ത രണ്ടു ദിവസം താരതമ്യേന കൂടുതൽ മഴ സാധ്യത മധ്യ, തെക്കൻ ജില്ലകളിലാണ്. വടക്കൻ കേരളത്തിലും നാളെ മുതൽ മഴ സാധ്യതയുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയും തുടരും.
മഴക്കുറവിന് പരിഹാരം
ഒക്ടോബർ 1 മുതൽ 15 വരെ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ചേർക്കാറുള്ളത്. ഇതു പ്രാകാരം കേരളത്തിൽ 45 ശതമാനം മഴക്കുറവുണ്ട്. കേരള തീരത്തെ ചക്രവാതച്ചുഴിയും അനുബന്ധ വെതർ സിസ്റ്റവും ഈ മഴക്കുറവ് നികത്താൻ കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. തുലാവർഷകാലത്ത് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കേണ്ടത്. പുതിയ സിസ്റ്റവും തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ നൽകുക. ഒപ്പം വടക്കൻ ജില്ലകളിലും മഴ ലഭിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട ഇടത്തരം മഴ വടക്കൻ ജില്ലകളിൽ ലഭിക്കുന്നുണ്ട്.