ചക്രവാതച്ചുഴികള്‍ തുടരുന്നു; കേരളത്തില്‍ മഴയില്ലാത്ത ക്രിസ്മസ്
ഇത്തവണ ക്രിസ്മസ് ആഘോഷം മഴയില്‍ കുതിരില്ല. രണ്ടു ചക്രവാതച്ചുഴികള്‍ കേരളത്തിനു സമീപം സജീവമാണെങ്കിലും കേരളത്തില്‍ ഇവ മഴക്കു പകരം വെയിലിനാണ് സാധ്യതയെന്നും കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നുവല്ലോ. തെക്കുകിഴക്കന്‍ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നാണ് ഒരു ചക്രവാതച്ചുഴിയുള്ളത്. ഇത് സമുദ്ര നിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു ചക്രവാതച്ചുഴി ഭൂമധ്യരേഖാ പ്രദേശത്ത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണുള്ളത്. ഇതും 3.1 കി.മി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്നലത്തെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയതു പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റിനെ ഭൂമധ്യരേഖാ പ്രദേശത്തെ കാറ്റ് സ്വാധീനിക്കുകയാണ്. ഇതു മൂലം ഈ കാറ്റ് കേരളത്തിന്റെയോ തമിഴ്‌നാടിന്റേയോ കരയില്‍ പ്രവേശിക്കുന്നില്ല. ഈ കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെ തീരപ്രദേശത്ത് നേരിയ തോതില്‍ മഴയുണ്ടാകും.
പുതുച്ചേരിയിലും ചെന്നൈ തീരത്തും തഞ്ചാവൂരും ഇടത്തരം മഴക്കും സാധ്യത. തിരുനെല്‍വേലി, തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം. ചെന്നൈ, തഞ്ചാവൂര്‍, പുതുച്ചേരി മേഖലകളില്‍ ഇന്ന് ആകാശം മേഘാവൃതമാകും.
വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നും മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞു തുടരുമെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. പഞ്ചാബ്, ഹരിയാനയുടെ ഭാഗങ്ങള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, വടക്കന്‍ രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് ശക്തമാകും. പശ്ചിമവാതത്തിന്റെ സ്വാധീനമുള്ളതിനാല്‍ കശ്മിരില്‍ ഉള്‍പ്പെടെ മഞ്ഞുവീഴ്ചയുണ്ടാകും.
അടുത്ത 24 മണിക്കൂറില്‍ മുസാഫര്‍ബാദ്. ലഡാക്ക്, ജമ്മു കശ്മിര്‍, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാകും. ഉത്താരാഖണ്ഡില്‍ മഴയും ആലിപ്പഴയ വര്‍ഷവും ഇന്നും നാളെയും പ്രതീക്ഷിക്കാം. തമിഴ്‌നാട്ടിലും കേരളത്തിന്റെ കിഴക്കന്‍ ജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞുണ്ടാകും.
വായനക്കാര്‍ക്ക് metbeat weather, metbeatnews.com എന്നിവയുടെ ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍