തണ്ണീര്‍ത്തടം നികത്തലും തുടരുന്ന പ്രളയവും

തണ്ണീര്‍ത്തടം നികത്തലും തുടരുന്ന പ്രളയവും

ഡോ. ഗോപകുമാര്‍ ചോലയില്‍

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം -2)

ആര്‍ദ്രോഷ്ണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തില്‍ പ്രധാനമായും രണ്ട് മഴക്കാലങ്ങളാണുള്ളത്. കാലവര്‍ഷവും (South West Monsoon) തുലാവര്‍ഷവും (North East Monsoon). സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ വ്യക്തമായ രണ്ട് മഴക്കാലങ്ങളും അനുഭവപ്പെടുമ്പോള്‍ വടക്കന്‍ കേരളത്തില്‍ പ്രധാനമായും ഒരു മഴക്കാലം (കാലവര്‍ഷം) മാത്രമാണ് ലഭിക്കുന്നത്.

മഴ കൂടിയിട്ടും തെക്ക് നാളികേര ഉല്‍പാദനം കൂടുതല്‍

മികച്ച നാളികേരോത്പാദനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്ന വേരുചീയല്‍ രോഗത്തിന്റെ സാന്നിധ്യമുണ്ടായിട്ടുകൂടി ദക്ഷിണ ജില്ലകളില്‍ നിന്നുള്ള നാളികേരോത്പാദനം, ദൈര്‍ഘ്യമേറിയ വരള്‍ച്ചാ വേളകള്‍ അനുഭവപ്പെടുന്ന വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. കനത്ത മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് നെല്‍കൃഷിക്ക് ഹാനികരമാണ്. എന്നാല്‍ തോട്ടവിളകള്‍ക്കാവട്ടെ, വേനല്‍ മാസങ്ങളില്‍ ഇടമഴ ലഭിക്കാത്ത സാഹചര്യങ്ങളില്‍ നീണ്ടു നില്‍ക്കുന്ന വരള്‍ച്ച ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവ് സൃഷ്ടിക്കുന്നു. 1983, 2004, 2013, 2016 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വേനലില്‍ അനുഭവപ്പെട്ട നീണ്ട വരള്‍ച്ച മൂലം തോട്ടവിളകളില്‍ നിന്നുള്ള ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.

തണ്ണീര്‍ത്തടങ്ങള്‍ കുറയുന്നു, പ്രളയം കൂടുന്നു

തന്മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയൊരളവോളം പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ മഴക്കാലത്ത് ജലസംഭരണികളായും വേനല്‍ മാസങ്ങളില്‍ ജലസ്രോതസ്സുകളായും വര്‍ത്തിക്കുന്നവയാണ്. എന്നാല്‍, കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ ആകെ വിസ്തൃതി അതിവേഗം കുറഞ്ഞുവരികയാണ്. ഇവ മണ്ണിട്ട് നിരപ്പാക്കി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയേറിവരുന്നു. സംസ്ഥാനത്ത് സമീപ വര്‍ഷങ്ങളില്‍ മഴക്കാലത്ത് വെള്ളപ്പൊക്കം സര്‍വ സാധാരണമാവുന്നതിനും വേനലിലെ രൂക്ഷമായ ജലക്ഷാമത്തിനും ഒരു കാരണം തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതാണ്.

ക്രമം തെറ്റിയ കാലവര്‍ഷം

മണ്‍സൂണിന്റെ ആരംഭത്തിലും മഴയുടെ വ്യാപനത്തിലും സമീപവര്‍ഷങ്ങളില്‍ ക്രമരാഹിത്യം അനുഭവപ്പെടുന്നതായി കാണുന്നു. കാലവര്‍ഷം തുടര്‍ച്ചയായി ക്രമം തെറ്റുന്നതും മഴക്കാലത്തിനിടക്ക് ദീര്‍ഘമായ ഇടവേളകള്‍ അനുഭവപ്പെടുന്നതും മൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ് താഴുകയും ജലവൈദ്യുതി ഉല്‍പാദനം അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു. വിവിധ വിളകളുടെ കൃഷിയിട വിസ്തൃതിയിലും സമീപ വര്‍ഷങ്ങളില്‍ മാറ്റങ്ങള്‍ കാണപ്പെടുന്നു. നെല്ലിന്റെയും കശുമാവിന്റെയും കൃഷിയിട വിസ്തൃതി കുറഞ്ഞു വരുമ്പോള്‍ തെങ്ങ്, റബ്ബര്‍, എന്നിവയുടെ വിസ്തൃതി കൂടുന്നതായിട്ടാണ് കാണപ്പെടുന്നത്.

വിളകളില്‍ വിസ്തൃതി കൂടിയും കുറഞ്ഞും

വാനിലയും കൊക്കോയും തുടക്കത്തില്‍ ആവേശത്തോടെ കൃഷി ചെയ്യാന്‍ തുടങ്ങിയെങ്കിലും വിപണിയിലെ അനിശ്ചിതത്വം മൂലം വാനിലക്കൃഷിക്ക് പിടിച്ചുനില്‍ക്കാനായില്ല. കൊക്കോ കൃഷിയിടവിസ്തൃതിയും കുറഞ്ഞു വരികയാണ്. കുരുമുളകിന്‍ തോപ്പുകളുടെ വിസ്തൃതി ഇടക്കാലത്ത് വര്‍ദ്ധിച്ചു വന്നിരുന്നത് ഇപ്പോള്‍ കുറയുന്നതായി കാണുന്നു. വയനാട്ടിലെ നെല്പാടങ്ങള്‍ ഇന്ന് കവുങ്ങിന്‍ തോപ്പുകളും വാഴത്തോട്ടങ്ങളുമായി രൂപാന്തരം പ്രാപിച്ചു.

ഭക്ഷ്യവിള സൂചിക കുറയുന്നു

കാലാവസ്ഥാപരവും, സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങളാല്‍ സംസ്ഥാനത്തെ ഭക്ഷ്യവിളകളുടെ സൂചിക കുറഞ്ഞുവരികയും ഭക്ഷ്യേതര വിളകളുടേത് വര്‍ധിച്ചുവരികയുമാണ്. മഴക്കുറവ്, അന്തരീക്ഷ താപനിലാ വര്‍ധനവ്, കര, കടല്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയിലെ ജൈവവൈവിധ്യ ശോഷണം, സമുദ്രനിരപ്പ് ഉയരല്‍, വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂഗര്‍ഭജല ശോഷണം, ഓരുവെള്ളക്കയറ്റം, വനവിസ്തൃതിയിലെ കുറവ്, കാട്ടുതീ, അസ്വാഭാവിക വേനല്‍ മഴ, ആലിപ്പഴം വീഴ്ച, തുടങ്ങിയ തീക്ഷ്ണകാലാവസ്ഥാ സാഹചര്യങ്ങള്‍ സമീപകാലത്തായി ഉണ്ടാകുന്നത് സംസ്ഥാനത്തെ കാര്‍ഷികമേഖലയെയാണ് ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചത്.

പൊതുവെ, ആര്‍ദ്രോഷണ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലകള്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് കൂടുതല്‍ വിധേയമാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഉത്പാദനം, ഉല്‍പാദനക്ഷമത എന്നിവയിലുണ്ടാകുന്ന ശോഷണം ഇതിന്റെ പ്രതിഫലനമാണ്. ആര്‍ദ്രോഷണ മേഖലയില്‍ സ്ഥിതിചെയ്യുന്ന കേരളത്തില്‍ വളരുന്ന വിവിധയിനം കാര്‍ഷിക വിളകള്‍ കാലാവസ്ഥാ വ്യതിയാനകാലഘട്ടത്തില്‍ നേരിടുന്ന, നേരിടാവുന്ന പ്രതിസന്ധികള്‍ താഴെ പറയുന്നു.

തോട്ടവിളകള്‍

തോട്ടവിളകളുടെ നാടാണ് കേരളം. സംസ്ഥാനത്തിന് കാലാവസ്ഥാപരമായ ഒരു വര്‍ഗീകരണം നല്‍കുകയാണെങ്കില്‍ ആര്‍ദ്രോഷണ മേഖലയിലെ B4/ B3 വിഭാഗത്തിലാണ് കേരളത്തിന്റെ സ്ഥാനം. അതായത്, ഈര്‍പ്പമാനം കൂടിയ മേഖലയെന്ന് ചുരുക്കം. സംസ്ഥാനത്തെ വാര്‍ഷിക വര്‍ഷപാതം കഴിഞ്ഞ ആറ് പതിറ്റാണ്ടായി കുറയ്ക്കുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുന്നു.

ആഗോളതാപനവും വെല്ലുവിളി

അന്തരീക്ഷ താപനിലയില്‍ വര്‍ധനവിന്റെ പ്രവണതയും നിരീക്ഷിക്കപ്പെടുന്നു. മഴക്കുറവും അന്തരീക്ഷതാപനിലയിലെ വര്‍ധനവും മൂലമാകാം സംസ്ഥാനം ആര്‍ദ്രോഷണ മേഖലയിലെ ഈര്‍പ്പമാനം കൂടിയ നിലയില്‍ നിന്ന് (B4) താരതമ്യേന ഈര്‍പ്പമാനം കുറഞ്ഞ മേഖലയിലേക്ക് (B3) നീങ്ങുന്നതിനുള്ള പ്രവണത നിലനില്‍ക്കുന്നു. മഴകുറയുകയും താപനില കൂടുകയും ചെയ്യുന്ന വര്‍ഷങ്ങളില്‍ ഈ പ്രവണത കൂടുതലാണ്.

കേരളത്തിന്റെ തീരദേശ മേഖലകള്‍ ചൂടേറുന്നതിന്റെ കാര്യത്തില്‍ മുന്നിലാണ്. ഹൈറേഞ്ച് മേഖലകളാണ് തൊട്ടുപുറകില്‍. കനത്ത കാലവര്‍ഷ മഴ, മേഘാവൃതമായ അന്തരീക്ഷം, സൂര്യപ്രകാശത്തിന്റെ കുറവ്, ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷത്തിന്റെ അഭാവത്തില്‍ മെയ് വരെ നീളുന്ന കടുത്ത വേനല്‍ വേളകള്‍ ഇവയാണ് പൊതുവെ കേരളത്തിന്റെ പൊതുവെയുള്ള കാലാവസ്ഥാപരമായ പ്രത്യേകത.

രണ്ട് മഴക്കാലങ്ങളുള്ളതിനാല്‍ ദക്ഷിണ കേരളത്തില്‍ തോട്ടവിള ഉല്‍പാദനം ഉത്തര കേരളത്തെ അപേക്ഷിച്ച് ഉയര്‍ന്നതാണ്.
കശുമാവ്, കാപ്പി, കുരുമുളക് എന്നീ വിളകളുടെ ഉത്പാദനം മലനാട്ടിലെ ഇടനാട്ടിലും മികച്ചതായി കാണപ്പെടുന്നു. നവംബര്‍ മുതല്‍ മെയ് വരെ നീളുന്ന വരണ്ട വേനല്‍ക്കാലം ഈ വിളകളുടെ ഉല്പാദനത്തില്‍ പ്രതികൂല പ്രഭാവമുളവാക്കുന്നില്ലെന്ന് കാണാം. കാപ്പിച്ചെടിയെ സംബന്ധിച്ചിടത്തോളം പൂവിടുന്നതിനും കാപ്പിക്കുരു പിടിക്കുന്നതിനും മഴ അത്യവശ്യമാണ്.

വേനല്‍ മഴ ലഭിക്കാത്ത സാഹചര്യങ്ങളില്‍ സ്പ്രിംഗ്‌ളര്‍, തുള്ളിനന തുടങ്ങിയ രീതികള്‍ കര്‍ഷകര്‍ സ്വീകരിക്കുന്നുണ്ട്. കുരുമുളകിന് വേനല്‍ മഴ ഗുണം ചെയ്യില്ല. കടുത്ത വേനലില്‍ ചെറിയ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങി പോകാറുണ്ട്. മണ്‍സൂണിലെ കനത്ത മഴ കുരുമുളക്, കശുമാവ്, കാപ്പി, തേയില, റബ്ബര്‍ എന്നിവക്ക് ദോഷം ചെയ്യാറില്ല. എന്നാല്‍, വെള്ളക്കെട്ട് മൂലം തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബര്‍, ഏലം എന്നിവക്ക് ദോഷം ചെയ്യാം. (തുടരും)

(മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനും കാര്‍ഷിക സര്‍വകലാശാല മുന്‍ സയിന്റിഫിക് ഓഫിസറുമാണ് ലേഖകന്‍)

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment