വിദേശ സാങ്കേതികവിദ്യയോടെ നിർമ്മിച്ച റോഡ് ആദ്യ വേനൽ മഴയെ പോലും അതിജീവിക്കാതെ തകർന്നു

2018ലെ പ്രളയ പശ്ചാത്തലത്തിൽ വീണ്ടും പ്രളയം വന്നാൽ തകരാത്ത റോഡ് വേണമെന്ന കാഴ്ചപ്പാടിൽ വിദേശ സാങ്കേതികവിദ്യയോടെകെ എസ് ടി പി യുടെ നേതൃത്വത്തിൽ പണിത റോഡ് ആദ്യ വേനൽ മഴയിൽ തകർന്നതായി ആരോപണം. കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച റീ ബിൽഡ് കേരള റോഡ് ആണ് ആദ്യ വേനൽ മഴയിൽ തകർന്നത്.

പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി. പാലത്തിൻകടവിൽ അര മീറ്റർ മുതൽ 1 മീറ്റർ വരെ വീതിയിലാണ് റോഡ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലിൽ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികിൽ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞു. സംസ്ഥാനപാതയുടെ നിലവാരത്തിലുള്ള ടാറിങ് വീതി പോലുമില്ലാത്ത ഈ റോഡിനായി വൻതുക മുടക്കുന്നത് അഴിമതിക്കാണെന്ന് തുടക്കം മുതലേ ആരോപണം ഉണ്ടായിരുന്നു.

റോഡിന്റെ അടിത്തറ ഒരുക്കൽ, വീതി കൂട്ടാൻ പാർശ്വഭിത്തി നിർമ്മാണം, ഓവുചാൽ നിർമ്മാണം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരാതി ഉയർന്നിരുന്നു. റോഡിന്റെ വീതിക്ക് ആനുപാതികമല്ലാത്ത കലുങ്കുകളാണ് പണിതതെന്ന് ആക്ഷേപമുണ്ട്. റീബിൽഡ് കേരള റോഡിൽ പാലത്തിൻകടവ് പള്ളിക്ക് ഏതിർവശത്ത് ടാറിങ് ഒലിച്ചു പോയ സംഭവം വിവാദമായതോടെ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തി റോഡ് അടച്ചു. മെറ്റൽ നിറച്ച് ഉപരിതലം നന്നാക്കിയതിനാൽ ഒറ്റനോട്ടത്തിൽ ടാറിങ് ഒലിച്ചു പോയത് പുതുതായി കാണുന്നവർക്ക് തിരിച്ചറിയാനാവില്ല.

ഇതോടെ പ്രളയ പുനർനിർമ്മാണ പദ്ധതിയിൽ പെടുത്തി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ, കമ്പനി നിരത്ത്, ആനപ്പന്തി, അങ്ങാടിക്കടവ് വാണിയപ്പാറ, ചരൽ, വളവുപാറ, കച്ചേരി കടവ്, പാലത്തുംകടവ് റോഡ് നിർമ്മാണം ഇതോടെ സംശയനിഴലുമായി. 24.5 കിലോമീറ്റർ വരുന്ന റോഡ് 128.43 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. രണ്ടുവർഷം മുൻപ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഈ പദ്ധതിക്ക് പിറകെ വിവാദങ്ങളും ഉണ്ട്.

സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ജെറി, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയ് പ്ലാത്തോട്ടം സെറീന ബിനോയ് പാലത്തിൻകടവ് പള്ളി വികാരി ഫാദർ ജിന്റോ പന്തലാനിക്കാൽ, കമ്മറ്റി അംഗം ഷിബു കൊച്ചു വേലിക്കകത്ത് എന്നിവർ റോഡ് സന്ദർശിച്ചു.

പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

വൻതുക ചിലവഴിച്ചു നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ റോഡ് ഒലിച്ചു പോയെന്ന ആരോപണത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. രണ്ടുദിവസം മുൻപത്തെ മഴയിലാണ് അയ്യൻകുന്നിലെ റീ ബിൽഡ് കേരള റോഡിൽ തകർച്ച ഉണ്ടായത്. പാലത്തിൻകടവിൽ ടാറിങ് അടിത്തറ അടക്കം ഒലിച്ചു പോയെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് പണിയുടെ തുടക്കം മുതൽ തന്നെ അപാകതകൾ ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കിലോമീറ്ററിന് 5.24 കോടി രൂപ പ്രകാരം വകയിരുത്തിയ റോഡിൽ കച്ചേരിക്കടവിൽ 650 മീറ്റർ ദൂരം ഒരു പണിയും ചെയ്യാതെ അവശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് 2 ആഴ്ച മുൻപ് നാട്ടുകാർ റോഡ് പണി തടഞ്ഞിരുന്നു. യുക്തിക്കു നിരക്കാത്ത മറുപടിയാണ് കരാറുകൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഓരോ തവണയും നൽകുന്നത് എന്നാണ് ആരോപണം.

വേനൽ മഴയിൽ റോഡ് ഒലിച്ചു പോയതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment