അറബിക്കടലില്‍ ചക്രവാതച്ചുഴി, ന്യൂനമര്‍ദം ഉടന്‍ രൂപപ്പെട്ടേക്കും

അറബിക്കടലില്‍ ചക്രവാതച്ചുഴി, ന്യൂനമര്‍ദം ഉടന്‍ രൂപപ്പെട്ടേക്കും

അറബിക്കടലില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിന് മുന്നോടിയായി ചക്രവാത ചുഴി രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമാണ് ചക്രവാതച്ചുഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ രൂപ്പപെട്ടത്. സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലാണ് ചക്രവാതച്ചുഴിയുള്ളത്.

ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ ഈ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. എന്നാല്‍ ഈ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ പറയുന്നു. എന്നാല്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടെങ്കിലും ന്യൂനമര്‍ദം രൂപപ്പൈടാന്‍ സാധ്യതയുണ്ടോ ഇല്ലെയോ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.

ലക്ഷദ്വീപില്‍ മഴ കനക്കും, കേരളത്തിലും ഭാഗികം

കേരളത്തില്‍ നിന്ന് അകന്നാണ് ഇപ്പോള്‍ ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇത് ശക്തിപ്പെട്ട് ന്യൂനമര്‍ദമാകുന്നതോടെ ലക്ഷദ്വീപില്‍ അടുത്ത 3 ദിവസം മഴ കനക്കും. തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ അടുത്ത മൂന്നു ദിവസം ഭാഗികമായി ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തില്‍ ഇടിയോടെ മഴ സാധ്യത

ലക്ഷദ്വീപില്‍ നാളെ ഇടിയോടെയും ഇടിയില്ലാതെയും മഴ ലഭിക്കും. അമിനി ദേവി, മിനിക്കോയ്, അഗത്തി എന്നിവിടങ്ങളില്‍ മഴ ശക്തിപ്പെടും. ഇന്ന് മേഘാവൃതമായ അന്തരീക്ഷമാണ് ഇവിടെ ഉടലെടുക്കുക. ഈ മേഖലയില്‍ മേഘങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കേരളത്തിലേക്ക് കടലില്‍ രൂപംകൊള്ളുന്ന മേഘങ്ങള്‍ എത്തിയിട്ടില്ല.

എന്നാല്‍ കാറ്റിന്റെ അഭിസരണ സാധ്യത കേരളത്തിനു മുകളില്‍ വര്‍ധിപ്പിക്കും. ഇതാണ് നാളെ മുതല്‍ ഇടിയോടെ മഴക്ക് കാരണമാകുക. കിഴക്കന്‍ മലയോര മേഖലയിലും ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മഴയുണ്ടാകാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. കേരളത്തില്‍ എല്ലായിടത്തും നേരിയ തോതിലെങ്കിലും മഴ സാധ്യത അടുത്ത മൂന്നു ദിവസം പ്രതീക്ഷിക്കണം. കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷമാണ് ഇടിയോടെ മഴ സാധ്യതയുള്ളത്.

ചുഴലിക്കാറ്റ് സാധ്യതയില്ല

കഴിഞ്ഞ ദിവസങ്ങളിലെ അവലോക റിപ്പോര്‍ട്ടുകളില്‍ ഈ സിസ്റ്റം റിമാല്‍ ചുഴലിക്കാറ്റായേക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ചുഴലിക്കാറ്റ് സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ അവലോകനം. ന്യൂനമര്‍ദം രൂപപ്പെട്ടത് താഴ്ന്ന ഉയരത്തിലാണ് എന്നതാണ് ഒരു കാരണം. ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനെ തടയുന്ന മറ്റു അന്തരീക്ഷ ഘടകങ്ങളും സംജാതമാകുന്നുണ്ട്. ഇവയെ അതിജീവിക്കാതെ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെടാനും ചുഴലിക്കാറ്റാകാനും സാധ്യതയില്ല.

സമുദ്രോപരിതാപനില അനുകൂലമായിരുന്നെങ്കിലും ഉയര്‍ന്ന അന്തരീക്ഷ മേഖലയിലെ തിരശ്ചീനമായ കാറ്റും കാറ്റിന്റെ ഖണ്ഡധാരയും അനുകൂലമല്ല എന്നാതാണ് കാരണമെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു. വടക്കന്‍ മേഖലയിലേക്ക് സഞ്ചരിച്ചേക്കാമെന്ന മുന്‍ നിരീക്ഷണത്തിലും മാറ്റമുണ്ട്. കടലിന്റെ തെക്ക് മധ്യ മേഖലയിലേക്ക് നീങ്ങാനാണ് കൂടുതല്‍ സാധ്യത. മധ്യ അറബിക്കടലിനു മുകളിലെ എതിര്‍ച്ചുഴലിയാണ് ഇതിനു കാരണം. കടലില്‍ വച്ചു തന്നെ നാലു ദിവസത്തിനു ശേഷം ഈ ന്യൂനമര്‍ദം ഇല്ലാതാകും.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തെക്കന്‍ തമിഴ്നാട് തീരത്ത് 0.3 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment