റിമാല്‍ ചുഴലിക്കാറ്റ് അറബിക്കടലിലോ? റിമാലിനു ശേഷം അസ്‌ന

റിമാല്‍ ചുഴലിക്കാറ്റ് അറബിക്കടലിലോ? റിമാലിനു ശേഷം അസ്‌ന

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പപെട്ട് ആന്ധ്രപ്രദേശില്‍ കരകയറിയ മിഗ്‌ജോം ചുഴലിക്കാറ്റിന് ശേഷം ഇനി വരാനുള്ളത് റിമാല്‍ ചുഴലിക്കാറ്റ്. അറബിക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദം റിമാല്‍ ചുഴലിക്കാറ്റാകുമോയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടാലും അത് ചുഴലിക്കാറ്റിലേക്ക് എത്താനുള്ള സൂചനയൊന്നും പ്രാഥമിക നിരീക്ഷണത്തിലില്ലെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. ന്യൂനമര്‍ദം വലിയ തോതില്‍ ശക്തിപ്പെടുന്നത് ചെറുക്കുന്ന ഒന്നിലേറെ അന്തരീക്ഷ ഘടകങ്ങള്‍ സംജാതമാകുന്നതാണ് കാരണം.

മിഗ്‌ജോം ആറാമത്തെ ചുഴലി

ബംഗാള്‍ ഉള്‍ക്കടലില്‍ അവസാനമായി രൂപപ്പെട്ട മിഗ്‌ജോം ചുഴലിക്കാറ്റ് ഈ വര്‍ഷം ഇന്ത്യന്‍ കടലില്‍ രൂപപ്പെടുന്ന ആറാമത്തെ ചുഴലിക്കാറ്റാണ്. ഇതില്‍ മൂന്നെണ്ണം അതി തീവ്ര ചുഴലിക്കാറ്റായി ( Extremely Severe Cyclonic Storm) ആയി. ഇതില്‍ ബിപര്‍ജോയ്, തേജ് എന്നിവ അറബിക്കടലിലും മോക്ക ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലുമാണ് രൂപപ്പെട്ടത്. മിഗ്‌ജോമിനെ കൂടാതെ ആന്ധ്രാപ്രദേശില്‍ രണ്ടു വര്‍ഷം മുന്‍പാണ് മറ്റൊരു ചുഴലിക്കാറ്റ് കരകയറിയത്. 2021 സെപ്റ്റംബര്‍ 28 ന് ഗുലാബ് ചുഴലിക്കാറ്റാണ് ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തില്‍ നേരത്തെ കരകയറിയത്.

ഡിസംബറിലെ ചുഴലി തമിഴ്‌നാട്ടിലേക്ക്

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മാന്‍ഡൗസ് ചെന്നൈക്ക് സമീപത്തേക്ക് അടുത്ത ശേഷം തീവ്രന്യൂനമര്‍ദമായാണ് കരകയറിയത്. നേരത്തെ അസാനി ചുഴലിക്കാറ്റും തെക്കന്‍ ആന്ധ്രാപ്രദേശില്‍ കരകയറും മുന്‍പ് അതിതീവ്ര ന്യൂനമര്‍ദമായിരുന്നു.

ഇനി വരാനുള്ളത് റിമാല്‍, പിന്നെ അസ്‌ന

ഒമാന്‍ പേരിട്ട റിമാല്‍ ചുഴലിക്കാറ്റാണ് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുക. ഈ മേഖലയില്‍ എവിടെയും രൂപപ്പെടുന്ന അടുത്ത ചുഴലിക്കാറ്റിന് റിമാല്‍ എന്നു പേരിടും. ഒമാനാണ് പേര് നിര്‍ദേശിച്ചത്. മൃദുലം എന്നാണ് ഇതിന്റെ അര്‍ഥം. റിമാലിനു ശേഷം രൂപപ്പെടുന്ന ചുഴലിക്കാറ്റിന് അസ്‌ന എന്നാകും പേര്. ഇത് പാകിസ്താനാണ് നിര്‍ദേശിച്ചത്.

തുടര്‍ന്ന് ഖത്തറിന്റെ ദന, സൗദി അറേബ്യയുടെ ഫെന്‍ഗാല്‍, ശ്രീലങ്കയുടെ ശക്തി, തായ്‌ലന്റിന്റെ മോന്ത, യു.എ.ഇയുടെ സെന്‍യാര്‍, യമനിന്റെ ദിത്‌വാഹ് എന്നിവയാണ്. ഈ പട്ടികയക്ക് ശേഷമാണ് ഇന്ത്യയുടെ ഊഴം വരുന്നത്. ദിത് വാഹിന് ശേഷമുള്ള ചുഴലിക്കാറ്റിന് ഇന്ത്യ മുരശു എന്നു പേരിടും. ഇതിനു മുന്‍പ് ഇന്ത്യയിട്ട പേരുകളാണ് ഗതിയും തേജും. മുരശുവിന് ശേഷം ആഗ് എന്നാണ് ഇന്ത്യ നിര്‍ദേശിച്ച പേര്.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment