അഷറഫ് ചേരാപുരം
ദുബൈ:ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിലൂടെ മഴ വര്‍ധിപ്പിച്ച് യു.എ.ഇ. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ പരമാവധി മഴ ലഭ്യമാക്കാനുള്ള നടപടികളാണ് രാജ്യം നടത്തുന്നത്. വിമാനം ഉപയോഗിച്ച് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അബൂദബിയില്‍ നടന്ന ഇന്റര്‍നാഷനല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിലാണ് അധികൃതര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ല്‍ 177 വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്.
പദ്ധതിക്കായി 66 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചതായി കണക്കുകള്‍ പറയുന്നു.മഴ വര്‍ധിപ്പിക്കുക, ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് മഴ പെയ്യിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.ഒരു വര്‍ഷത്തില്‍ ശരാശരി 79 മില്ലിമീറ്റര്‍ സ്വാഭാവിക മഴ മാത്രമാണ് യു.എ.ഇയില്‍ ലഭിക്കുന്നത്.
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വിമാനങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്. രാസപദാര്‍ഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയെക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്.