ഉരുകി തീരുമോ ഉറഞ്ഞ മണ്ണിടങ്ങൾ – 2

ഡോ.ഗോപകുമാർ ചോലയിൽ
മഞ്ഞുമണല്‍ ഉരുകുന്നു
മണ്ണിലടങ്ങിയിരിക്കുന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ച് അന്തരീക്ഷത്തില്‍ എത്തുന്നതുവഴിയും അന്തരീക്ഷത്തില്‍ നൈട്രസ്ഓക്സൈഡിന്റെ അളവ് ഏറുന്നു. ഇതിന്റെ അനന്തരഫലമെന്നോണം അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഹരിതഗൃഹവാതകങ്ങളില്‍ നൈട്രസ് ഓക്സൈഡ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കൂടാതെ, അതിശീതാവസ്ഥയില്‍ ഉറഞ്ഞ നിലയില്‍ കാണുന്ന ഹിമമണല്‍ മിശ്രിതത്തിലെ ഹിമാംശം ചൂടേറുന്ന അവസ്ഥയില്‍ ഉരുകുമ്പോഴും നൈട്രസ്ഓക്സൈഡ് വിമോചിതമായി അന്തരീക്ഷത്തില്‍ എത്തുന്നു. ഇതും ആഗോള താപന പ്രക്രിയക്ക് ആക്കം കൂട്ടുന്നു. സമീപകാലംവരെ, കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍ എന്നീ രണ്ട് ഹരിതഗൃഹവാതകങ്ങളെയാണ് ആഗോളതാപനഹേതുവായി പ്രധാനമായും കരുതിപ്പോന്നിരുന്നത്. അളവില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന നൈട്രസ്ഓക്സൈഡിന്റെ പങ്ക് അവഗണിച്ച് തള്ളൂകയായിരുന്നു. നൈട്രസ് ഓക്സൈഡ് ഉത്സര്‍ജനം ‘നാമമാത്രം’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോഴാകട്ടെ, മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 12 ഇരട്ടിയോളം വരും ഈ വാതകത്തിന്റെ നിലവിലെ ഉത്സര്‍ജനതോത് എന്ന് അടുത്തയിടെയാണ് തിരിച്ചറിഞ്ഞത്. മാത്രമല്ല, ഈ വാതകത്തിന്റെ അന്തരീക്ഷ സാന്ദ്രതയിലുണ്ടാകുന്ന സൂക്ഷ്മമായ വര്‍ധനവിന്‌പോലും കാര്‍ബണ്‍ഡയോക്സൈഡിന്റെ ഭീമമായ അന്തരീക്ഷസാന്ദ്രതക്ക് കാലാവസ്ഥയില്‍ സൃഷ്ടിക്കാനാവുന്ന അതേ പ്രഭാവങ്ങള്‍ ഉളവാക്കാനാവും. താപനപ്രക്രിയക്ക് ആക്കം കൂട്ടുന്നതില്‍ കാര്‍ബണ്‍ഡയോക്സൈഡിനെ അപേക്ഷിച്ച് ഉദ്ദേശം 300 ഇരട്ടിയോളം ശക്തിയേറിയതാണ് നൈട്രസ്ഓക്സൈഡ്. തന്മൂലം ആര്‍ടിക്പ്രദേശങ്ങളിലെ മാത്രമല്ല, ആഗോളകാലാവസ്ഥ തന്നെ അപകടകരമായ താപന പ്രത്യാഘാതങ്ങള്‍ അഭിമിഖീകരിക്കേണ്ടി വരും.
നൈട്രസ്ഓക്സൈഡിന്റെ മാത്രമല്ല, കാര്‍ബണിന്റെയും സമ്പന്ന സ്രോതസാണ് ഉറഞ്ഞ ഹിമമണല്‍ (പെര്‍മാഫ്രോസ്റ്റ്). ചൂട് കൂടുന്ന അവസ്ഥയില്‍ മണ്ണിലെ സൂക്ഷമജീവികള്‍ പ്രവര്‍ത്തനനിരതരാവുകയും മണ്ണിലടങ്ങിയിരിക്കുന്ന ജീര്‍ണ്ണാവസ്ഥയിലുള്ള സസ്യാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍ എന്നീ വാതകങ്ങള്‍ വന്‍തോതില്‍ പുറംതള്ളാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ വാതകങ്ങളോടൊപ്പം നൈട്രസ്ഓക്സൈഡിന്റെ സാന്നിധ്യവും കൂടി ചേരുമ്പോള്‍ അന്തരീക്ഷതാപന പ്രക്രിയ ദ്രുതഗതിയിലാവുന്നു.
മണ്ണും ഉറഞ്ഞ മഞ്ഞും കൂടിച്ചേർന്ന മിശ്രിതം ഒരു ശീതീകരണി എന്ന പോലെ സസ്യങ്ങൾ, ജന്തുക്കൾ എന്നിവയുടെ മൃതാവശിഷ്ടങ്ങളെ സംരക്ഷിക്കുന്നു. എന്നാൽ, ഈ മിശ്രിതത്തിലെ ഹിമാംശം ഉരുകുന്നതോടെ സൂക്ഷ്മജീവികളുടെ വിഘടന പ്രവർത്തനം ആരംഭിക്കുന്നു. എന്നാൽ, ഈ പ്രക്രിയയുടെ പ്രഹരശേഷിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. മാരകപ്രത്യാഘാതങ്ങളുള്ള ഒന്നാണ് ഉറഞ്ഞ മണ്ണിൽ നിന്ന് വിമുക്തമാകുന്ന ഹരിതഗൃഹ വാതകങ്ങൾ എന്ന ഒരു വിഭാഗം ശാസ്‌ത്രകാരന്മാർ ഉൽക്കണ്ഠാകുലരാകുമ്പോൾ വളരെ ചെറിയ തോതിലുള്ള ഹരിതഗൃഹവാതകഉത്സർജനം മാത്രമേ മഞ്ഞുരുകുമ്പോൾ ഉറഞ്ഞ മണ്ണിൽ നിന്ന് പുറത്തുവരാനിടയുള്ളു എന്ന് മറ്റൊരു പക്ഷം ഗവേഷകർ സമാശ്വസിക്കുന്നു. എന്നാൽ, ഈ രണ്ട് ധാരണകളും പൂർണ്ണമായും ശരിയല്ല. ഹിമമണൽ മിശ്രിതത്തിൽ നിന്ന് വൻ തോതിൽ ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും എന്ന് വിശ്വസിക്കുവാൻ മതിയായ കാരണങ്ങൾ നിലവിലില്ല. എന്നാൽ, നിലവിലെ ആഗോളതാപന സാഹചര്യങ്ങളെ നിസ്സാരവൽക്കരിച്ച് കാണാനുമാവില്ല. ഇപ്പോൾ തന്നെ ജർമനി പ്രതിവർഷം പുന്തള്ളപ്പെടുന്ന ഹരീതഗൃഹവാതകഉത്സർജനത്തിന് തുല്യമായ വാതകപുറന്തള്ളല് ഉറഞ്ഞ മണ്ണ് ഉരുകുന്നതുമൂലം ഉണ്ടാകുന്നുണ്ട്. മാത്രമല്ല, അടുത്ത രണ്ട് നൂറ്റാണ്ടുകളുടെ അവസാനത്തോടെ ആയിരക്കണക്കിന് ബില്യൺ മെട്രിക് ടൺ കാർബൺഡയോക്‌സൈഡിന് സൃഷ്ടിക്കാവുന്ന അതെ പ്രഭാവം ഉറഞ്ഞ മണൽ ഉരുകുമ്പോൾ പുറന്തള്ളപ്പെടുന്ന വാതകങ്ങൾക്ക് സൃഷ്ടിക്കാനാവും. തണുത്തുറഞ്ഞ് കിടക്കുന്ന ഇടങ്ങളിലെ ഹിമമണൽ മിശ്രിതത്തെ ആവരണം ചെയ്യുന്ന മഞ്ഞ് പാളികളും മഞ്ഞ് കട്ടകളും ഉരുകിയൊലിക്കുമ്പോൾ തത് പ്രദേശം കൂടുതൽ കൂടുതൽ ഇരുണ്ടനിറം കൈവരിക്കുന്നു. പ്രതലങ്ങൾ വളരെപ്പെട്ടെന്ന് ചൂടാകും എന്ന് മാത്രമല്ല മഞ്ഞ് പാളികളുടെ വെണ്മ കുറയുന്നതോടെ താപവികിരണങ്ങൾ പ്രതിഫലിപ്പിക്കുവാനുള്ള ശേഷിയും പ്രസ്തുതപ്രതലങ്ങൾക്ക് കുറയുന്നു. ഈ രണ്ട ഘടകങ്ങളുടെയും സമ്മിശ്ര പ്രഭാവം ഭൂമിയുടെ കാലാവസ്ഥ തന്നെ തിരുത്തികുറിക്കുവാൻ കാരണമായേക്കാം.
(കാലാവസ്ഥ ശാസ്ത്രജ്ഞനും കോളമിസ്റ്റും കാർഷിക സർവകലാശാലയിലെ സയന്റിഫിക് ഓഫീസറും ആണ് ലേഖകൻ)

ഭാഗം ഒന്ന് വായിക്കാം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment