മരിക്കുകയാണോ ചാവുകടൽ

ഡോ: ഗോപകുമാർ ചോലയിൽ

ഭൂമിയിലെ ഏറ്റവും കൂടുതൽ ലവണ സാന്നിധ്യമുള്ള ജലാശയമാണ് ചാവുകടൽ. സാധാരണ ഗതിയിൽ യാതൊരുവിധ ജീവജാലങ്ങൾക്കും ജീവൻ നിലനിർത്തുവാൻ സാധിക്കാത്തത്ര ലവണാംശമുള്ള ജലമായതിനാൽ ലാവണത്വത്തോട് ആഭിമുഖ്യം പുലർത്തുന്ന ജീവികൾ (Halophiles) മാത്രമാണ് ചാവുകടലിൽ അതിജീവിക്കുന്നത്. ചാവുകടലിന്റെ അഗാധ തലങ്ങളിലുള്ള അവസാദങ്ങൾ ഇനിയും പൂർണമായും അപഗ്രഥന വിധേയമാക്കുവാൻ സാധിച്ചിട്ടില്ല. ആ അവസാദങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്ന പ്രത്യേക ഇനം ജീവജാലങ്ങളും അവിടെയുണ്ട്. അവയെയും പഠന വിധേയമാക്കി വരുന്നതേയുള്ളു. പ്രാണവായുവോ പ്രകാശമോ ശുദ്ധരൂപത്തിലുള്ള ആഹാരപദാർഥങ്ങളോ കൂടാതെയാണ് ഇവനിലനിൽക്കുന്നത്.

പേരു പോലെ ജീവന് ഭീഷണി
അത്യധികമായ ലവണ സാന്നിധ്യം മൂലം ചാവുകടലിലെ ജലപാളികളിൽ ജീവന്റെ നിലനിൽപ് എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഇത്തരം ഇടങ്ങളിൽ ജീവൻ എപ്രകാരം പൊരുത്തപ്പെട്ട് പോകുന്നു എന്ന വസ്തുത തന്നെ ഏറെ ഗവേഷണ സാധ്യതയുള്ള വിഷയമാണ്. സമുദ്രനിരപ്പിനേക്കാൾ 400-450 മീറ്റർ താഴ്ന്നാണ് ചാവുകടൽ നിലകൊള്ളുന്നത്. തടാകത്തിലെ ജലനിരപ്പ് പ്രതിവർഷം ഉദ്ദേശം ഒരു മീറ്ററിനേക്കാൾ ഏറെ താഴ്ന്നുകൊണ്ടിരിക്കയാണ്. ഈ തടാകത്തിലേക്ക് ജലം എത്തിക്കുന്ന ഒരേയൊരു നദിയായ ജോർദാൻ നദിയിൽ നിന്നുള്ള കനത്ത ജല ഉപഭോഗമാണ് ഇതിന് പ്രധാന കാരണം. എന്നാൽ, അടിത്തട്ടിൽനിന്നുള്ള 15,000 വർഷത്തോളം പഴക്കമുള്ള അവസാദങ്ങൾ പഠന വിധേയമാക്കിയാണ് ഈ വിഷയം സംബന്ധിച്ച് കൃത്യമായ നിഗമനകളിലെത്തിച്ചേർന്നിട്ടുള്ളത് (Scientific Reports, May 2022).

100 വർഷം നീണ്ടുനിന്ന മഴക്കാലം

പുരാതനകാലത്ത്, അതിദീർഘമായ വരൾച്ചാവേളകൾക്കിടയിൽ 10 മുതൽ 100 വർഷങ്ങൾ വരെ നീണ്ടു നിന്ന മഴക്കാലങ്ങൾ ഉണ്ടായിട്ടുള്ളതായി ഈ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം എപ്രകാരമാണ് ചാവുകടൽ മേഖലയിലെ ജൈവസാന്നിധ്യം, മനുഷ്യരുടെ കുടിയേറ്റ ചരിത്രം, സാംസ്‌കാരിക വികസനം എന്നിവയെ സ്വാധീനിച്ചത് എന്നതു സംബന്ധിച്ച പുതിയ അറിവുകൾ കൂടി ഇത്തരം നിരീക്ഷണങ്ങൾ വഴി ഉരുത്തിരിയപ്പെട്ടിട്ടുണ്ട്.
ജലലഭ്യത ഒരു വെല്ലുവിളിയാകുന്ന ഇടങ്ങളിലെല്ലാം കാലാവസ്ഥ വ്യതിയാനം എപ്രകാരം അവിടങ്ങളിലെ ജലസാന്നിധ്യത്തെ തീരുമാനിക്കുന്നു എന്ന വസ്തുതക്കും ഏറെ പ്രസക്തിയുണ്ട്. ലക്ഷോപലക്ഷം വർഷങ്ങളിലെ വിവര സംസ്കരണത്തിൽ നിന്നാണ് കാലാകാലങ്ങളിൽ ജലചക്രത്തിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തപ്പെട്ടത്. കിഴക്കൻ മധ്യധരണ്യാഴി പോലെയുള്ള അതിപരിസ്ഥിതിലോല മേഖലകളിൽ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാര്യപരിപാടികളിൽ ജലലഭ്യത വളരെ മുഖ്യമായ ഒരു ഘടകമാണ്. അതിനാൽ കാലാവസ്ഥാ വ്യതിയാന പ്രകൃതങ്ങൾക്കനുസരിച്ച് ജലപരിക്രമണത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതും അതിപ്രധാനമാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന കാലാവസ്ഥയിൽ, ജലചക്രം എപ്രകാരമാണ് ശക്തവും പ്രകടവുമായ വ്യതിയാനങ്ങൾക്ക് വിധേയമാക്കപ്പെട്ടിരുന്നുവെന്നതിനുള്ള ധാരണ ലഭിക്കുന്നതിലൂടെ മാത്രമേ ഇക്കാര്യം കൃത്യമായി നിർണ്ണയിക്കാനാവൂ. വർഷങ്ങൾ മുൻപുണ്ടായ ഏറ്റവും അവസാനത്തെ ഹിമയുഗകാലഘട്ടത്തിൽ നിന്ന് ഹോളോസീൻ (holocene) കാലഘട്ടത്തിലേക്കുള്ള പരിവർത്തന വേളയിലാണ് ഇന്ന് “ചാവുകടൽ” എന്നറിയപ്പെടുന്ന ലിസാൻ (Lizan) തടാകത്തിലെ ജലനിരപ്പ് 240 മീറ്ററോളം താഴ്ന്നത്. കഴിഞ്ഞ 24000 വർഷങ്ങൾ മുതൽ 11000 വർഷങ്ങൾക്കിടയിലുള്ള കാലഘട്ടത്തിലായിരുന്നു ഇത് സംഭവിച്ചത്. തുടർന്നാണ് ലിസാൻ തടാകം ഇന്നത്ത ചാവുകടലായി രൂപപ്പെട്ടത്. (തുടരും )

(കാലാവസ്ഥ വ്യതിയാന ശസ്ത്രഞ്ജനും കോളമിസ്റ്റും ഗവേഷകനും ആണ് ലേഖകൻ)

Leave a Comment