വടക്കൻ കേരളത്തിൽ മഴ തുടരും: ജാഗ്രത പാലിക്കണം

വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളത്തിനോട് അടുത്ത് കർണാടക തീരം വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി ഈ മേഖലയിൽ മഴയെ സജീവമായി നിലനിർത്തും. മൺസൂൺ ട്രഫ് തെക്ക് അതിന്റെ നോർമൽ പൊസിഷനിലേക്ക് വീണ്ടും മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ മഴക്ക് ദീർഘ ഇടവേളകൾ ലഭിച്ചിരുന്നു. മൺസൂൺ ട്രഫ് പാക്കിസ്ഥാൻ ഭാഗത്തുള്ള ന്യൂനമർദ്ദത്തെ തുടർന്ന് അല്പം വടക്കോട്ടേക്ക് മാറിയതായിരുന്നു മഴയിൽ ഇടവേള വരാൻ കാരണം. ആ ന്യൂനമർദ്ദം ദുർബലമായതോടെ കാലവർഷ പാത്തി വീണ്ടും തെക്ക് അതിൻറെ സാധാരണ നിലയിലേക്ക് തന്നെ മാറിയിരിക്കുകയാണ്. ഇതാണ് വീണ്ടും മഴ പൂർവ്വസ്ഥിതിയിലേക്ക് വരാൻ കാരണം. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അടുത്ത ദിവസങ്ങളിലും ഇടവേളകൾ ഉണ്ടെങ്കിലും ശക്തമായ മഴ തുടരും . അതേസമയം, തെക്കൻ കേരളത്തിൽ ഇടവേളകളോടുകൂടിയ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കേണ്ടത്. മധ്യകേരളത്തിൽ ഇടവേളകളോട് കൂടിയ മഴ രാത്രിയിലും പകലും തുടരും . തെക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. ആ മേഖലകളിലും പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കാണുന്നു.

വടക്കൻ കേരളത്തിൽ ജാഗ്രത വേണം
10 ദിവസത്തോളമായി കനത്ത മഴ തുടരുന്ന വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ജാഗ്രത പാലിക്കണം. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. ഈ മേഖലകളിലേക്ക് അനാവശ്യ രാത്രികാല യാത്ര ഒഴിവാക്കണം. വടക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും പുഴ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. നിങ്ങളുടെ അടുത്തുള്ള പുഴയിലെ ജലനിരപ്പിനെ കുറിച്ച് അതത് പ്രദേശത്തെ ജനങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഇതിനായി നിങ്ങളുടെ വാർഡ് മെമ്പർമാർ / കൗൺസിലർമാർ തുടങ്ങിയവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. ഔദ്യോഗിക ഏജൻസികളും റവന്യൂ, പോലീസും ഫയർഫോഴ്സും നൽകുന്ന സുരക്ഷ മുന്നറിയിപ്പുകൾ പ്രദേശവാസികൾ പാലിക്കുക. മാറി താമസിക്കാൻ നിർദ്ദേശം ലഭിച്ചാൽ അമാന്തിച്ച് നിൽക്കരുത്. ബുധനാഴ്ചക്ക് ശേഷം ന്യൂനമർദ്ദ സാധ്യത ഉള്ളതിനാല്‍ മഴ കൂടുതൽ ശക്തിപ്പെടാൻ ആണ് സാധ്യത.

നാളെ പെരുന്നാളിന് മഴ ഉണ്ടാകും
നാളെ കേരളത്തിൽ മുസ് ലിംകൾ ഈദുൽ അദ്ഹ (ബലി പെരുന്നാൾ) ആഘോഷിക്കുകയാണ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെയും ശക്തമായ മഴ പ്രതീക്ഷിക്കാം. എറണാകുളം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ഉണ്ടാകും. കൊല്ലം തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ള തെക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും നാളെ ഒറ്റപ്പെട്ട ഇടത്തരം മഴ പ്രതീക്ഷിക്കാം. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഇടവേളകൾ കൂടിയ നേരിയ മഴയോ ഇടത്തരം മഴയോ ഉണ്ടാകും.

ഉല്ലാസ യാത്രയും വിനോദവും നിയന്ത്രിക്കാം , സുരക്ഷിതരാകാം

കനത്ത മഴ തുടരുന്ന വടക്കൻ ജില്ലകളിൽ ഉള്ളവർ പെരുന്നാൾ പ്രമാണിച്ചുള്ള ഉല്ലാസയാത്രകളും വിനോദങ്ങളും സുരക്ഷാ മുൻകരുതലുകൾ പാലിച്ചേ നടത്താവൂ. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ അത്തരം വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം. കടൽ പ്രക്ഷുബ്ധം ആകുന്നതിനാൽ ബീച്ചിൽ സന്ദർശനം നടത്തുന്നവർ കടലിൽ ഇറങ്ങാനും പാടില്ല. പുഴകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയായതിനാൽ പുഴയോരത്ത് സെൽഫി എടുക്കുന്നതും മറ്റും അപകടം ക്ഷണിച്ചു വരുത്തും. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലുണ്ടാകും. ഇത് പെട്ടെന്ന് ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാൻ കാരണമാകും. അരുവികളിലും തോടുകളിലും കുളിക്കുന്നതും ഇറങ്ങുന്നതും സുരക്ഷിതമല്ല. പുഴയോര നിവാസികൾ ജാഗ്രത പാലിക്കണം. പെരുന്നാളിന്റെ ഭാഗമായി എത്തുന്ന അതിഥികളെയും കുട്ടികളെയും വെള്ളക്കെട്ട് അടുത്തേക്ക് പോകുന്നതും നിയന്ത്രിക്കാം. മഴ തുടരുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കാം. കാഴ്ചപരിധി കുറയുന്നതിനാലും റോഡിലെ തെന്നുന്ന അവസ്ഥയും ഇരുചക്രവാഹനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Leave a Comment