തുലാവർഷം നേരിടാൻ തമിഴ്നാട് സജ്ജം: സ്വകാര്യ നിരീക്ഷകരെയും ഉപയോഗിക്കും

വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) നേരിടാൻ തമിഴ്‌നാട്ടിൽ ഒരുക്കങ്ങൾ തുടങ്ങി. ഇത്തവണ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരെയും തമിഴ്‌നാട് സർക്കാർ കാലാവസ്ഥാ പ്രവചനത്തിനു നിയോഗിക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ യോഗം നടന്നു. ഈ വർഷം സാധാരണയിൽ കൂടുതൽ തുലാവർഷം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിലാണ് തുലാവർഷം പ്രധാനമായി ലഭിക്കുന്നത്. 35 മുതൽ 75 ശതമാനം കൂടുതൽ മഴ ഇത്തവണയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിൽ 2048 ദുരന്ത നിവാരണ സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. ഇതിൽ 799 പേർ സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും 1249 പേർ കേന്ദ്ര സേനയുടെയും അംഗങ്ങളാണ്. 121 മൾട്ടി പർപസ് കേന്ദ്രങ്ങളും തുറക്കും. 131 ലൊക്കേഷനുകളിൽ സെക്യൂരിറ്റി സെന്ററുകളും തുറക്കും. ജില്ലാ തലങ്ങളിൽ ജില്ലാ കലക്ടർമാരാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ വിവരങ്ങളും ഇതിനായി ഉപയോഗിക്കും. തമിഴ്‌നാട് സർക്കാരിന് വേണ്ടി മാത്രം കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കാൻ 10 കോടി രൂപ സർക്കാർ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നു. സംസ്ഥാനത്ത് 100 ഓട്ടോമേറ്റഡ് വെതർ സ്‌റ്റേഷനുകളും 1400 ഓട്ടോമേറ്റഡ് മഴ മാപിനികളും സ്ഥാപിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ദുരന്ത നിവാരണ ചുമതല റനവ്യൂ മന്ത്രി കെ.കെ.എസ് ആർ രാമചന്ദ്രനാണ്.

Leave a Comment