Menu

Global

ബ്രിട്ടനിലേക്ക് വരുന്നു 'മഞ്ഞ് ബോംബ് '

ബ്രിട്ടനിൽ കടുത്ത ചൂടിനും ശൈത്യത്തിനും പിന്നാലെ അടുത്ത മാസം മഞ്ഞു ബോംബ് സാധ്യതയെന്ന് സൂചന. ഫെബ്രുവരി ആദ്യവാരം ബ്രിട്ടനിലെ താപനില പുതിയ റെക്കോർഡിലേക്ക് താഴുമെന്നാണ് വിവിധ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന സൂചനകൾ.
കഴിഞ്ഞ വേനലിൽ 40 ഡിഗ്രിവരെ ചൂട് കൂടിയ ബ്രിട്ടനിൽ ഫെബ്രുവരിയിൽ മൈനസ് 10 ഡിഗ്രിവരെ താപനില കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഈ ആഴ്ചയും താപനില കുറഞ്ഞ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ ഏജൻസികൾ പറയുന്നത്.

മഞ്ഞു ബോംബ്?
ഗ്രീൻലാന്റിൽ നിന്ന് ശീതതരംഗം ഒരിക്കൽകൂടി ബ്രിട്ടനിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്. വിവിധ കാലാവസ്ഥ പ്രവചന മാതൃകകളും ഇക്കാര്യം ശരിവയ്ക്കുന്നു. ഈ ശീതതരംഗം വടക്കൻ അയർലന്റിലും വടക്കൻ സ്‌കോട്‌ലന്റിലും പ്രവേശിക്കും. ഫെബ്രുവരി രണ്ടോടെ ബ്രിട്ടൻ കൊടുംശൈത്യത്തിന്റെ പിടിയിലമരും. കനത്ത മഞ്ഞുവീഴ്ചയും മൈനസ് ഡിഗ്രി താപനിലയും ഫെബ്രുവരി ആദ്യവാരം ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ അനുഭവപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരും പറയുന്നു.
ഈ ആഴ്ച ആദ്യം ചൂട് കാലാവസ്ഥ തുടർന്ന സ്‌കോട്‌ലന്റിലാണ് അടുത്തയാഴ്ച അട്ടിമറി നടക്കാൻ പോകുന്നത്.

അത് പറക്കുംതളിക അല്ല; മേഘ പ്രതിഭാസം

തുർക്കിയുടെ ആകാശത്ത് കണ്ടത് പറക്കുംതളിക (Unidentified Flying Object (UFO) ) അല്ല. അതൊരു
മേഘ പ്രതിഭാസമാണ്. ദീർഘവൃത്താകൃതിയിൽ തുർക്കി ബുർസയിലാണ് കഴിഞ്ഞ ദിവസം ചുവന്ന നിറത്തിൽ മേഘത്തിന്റെ കറക്കം കണ്ടത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

അത് ലെന്റികുലാർ മേഘങ്ങൾ
തുർക്കി കാലാവസ്ഥാ ഡയരക്ടറേറ്റാണ് ഇത് ലെന്റികുലാർ മേഘങ്ങളാണെന്ന് സ്ഥിരീകരിച്ചത്. കുന്നിൻ മുകളിലും പർവത പ്രദേശത്തും അനുഭവപ്പെടുന്ന ശക്തമായ കാറ്റാണ് ഇതിനു കാരണം. ഇവയെ ലെൻസ് എന്നും വിളിക്കാറുണ്ട്. മർദവ്യതിയാനം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ആകാശച്ചുഴി (turbulence) താഴേക്ക് കറങ്ങി വരുന്നതിനാൽ പറക്കും തളിക താഴേക്ക് വരികയാണെന്ന് തോന്നും. foehn wind എന്നറിയപ്പെടുന്ന പർവതങ്ങളുടെയും മറ്റും മുകളിൽ മലയോട് ചേർന്നുണ്ടാകുന്ന ചുടുള്ള കാറ്റിന്റെ സാന്നിധ്യമുള്ള ഭൂപ്രകൃതിയിലാണ് ഇത്തരം പ്രതിഭാസം സാധാരണയുണ്ടാകുന്നത്.

മണിക്കൂറോളം കണ്ടു ഈ പ്രതിഭാസം
ബർസയിൽ ഈ പ്രതിഭാസമുണ്ടായ 2023 ജനുവരി 19 ന് ബർസയിലെ വിവിധ ജില്ലകളിലും ഇതുപോലെ പ്രതിഭാസമുണ്ടായെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രോപരിതലത്തിൽ നിന്ന് 2000 മുതൽ 5000 മീറ്റർ ഉയരമുള്ളിടങ്ങളിലാണ് ഇത്തരം പ്രതിഭാസം സാധാരണ കാണുന്നത്. ബസ്‌റയും പർവതത്തിന്റെ താഴ്‌വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കാലിഫോർണിയയിൽ അന്തരീക്ഷ പുഴ പ്രതിഭാസം : പ്രളയം, കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്: 17 മരണം

യു.എസിലെ കാലിഫോർണിയയിൽ ആകാശപ്പുഴ പ്രതിഭാസത്തെ തുടർന്ന് 17 മരണം. കാലിഫോർണിയ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. 100 കി.മി ലേറെ വേഗത്തിലാണ് പലയിടത്തും കാറ്റു വീശുന്നത്. 127 കി.മി വേഗത്തിൽ വരെ കാറ്റ് പാലിസേഡിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ മുതൽ കാലിഫോർണിയയിൽ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെയും കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 17 പേർ മരിച്ചെന്ന് ഗവർണർ അറിയിച്ചു. പ്രളയ മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി. പർവത മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അഞ്ചു വർഷം മുൻപ് ഉരുൾപൊട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100 വീടുകൾ തകരുകയും ചെയ്ത പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മഴക്കൊപ്പം മഞ്ഞുവീഴ്ചയും ശക്തമാണ്. സെയ്‌റ നെവാഡ സ്‌കൈ റിസോർട്ടിൽ 1.5 മീറ്റർ ഉയരത്തിൽ മഞ്ഞുവീണു. റോഡുകളിൽ പാറകളും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്തയാഴ്ചയും മഴയും മഞ്ഞും വീഴ്ചയും മേഖലയിൽ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.

ഇന്തോനേഷ്യയിൽ 7.7 തീവ്രതയുള്ള ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

കിഴക്കൻ ഇന്തോനേഷ്യയിലെ തനിബാർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 12 ഓടെ ആണ് ഭൂചലനം ഉണ്ടായത്. ഇന്ത്യയിൽ സുനാമി മുന്നറിയിപ്പ് ഇല്ല .
കടലിൽ കാര്യമായ രീതിയിൽ തിരമാലകളുടെ ഉയരത്തിൽ വ്യത്യാസമില്ലാത്തതിനാലാണ് സുനാമി മുന്നറിയിപ്പ് പിൻവലിച്ചതെന്ന് ഇന്തോനേഷ്യൻ ദുരന്ത നിവാരണ ഏജൻസി BMKG അറിയിച്ചു. നാലുതവണ തുടർ ചലനങ്ങൾ ഉണ്ടായി. വടക്കൻ ആസ്ട്രേലിയയിലും തുടർ ചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിൽ കെട്ടിടങ്ങൾക്ക് നേരിയതോതിൽ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു.
ആളപായം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഇല്ല. പ്രാദേശിക സമയം രാത്രി 2.47 ന് ഭൗമോപരിതലത്തു നിന്ന് 130 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭകേന്ദ്രം. പുലർച്ചെ 5.43 സുനാമി BMKG മുന്നറിയിപ്പ് പിൻവലിച്ചു.

യു.എസിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിൽ നടന്ന മൂന്നു ഇന്ത്യക്കാർ മരിച്ചു

വാഷിങ്ടൺ: തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 3.35ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയിൽ വൂഡ്സ് കാന്യൻ തടാകത്തിലാണ് മൂവരും മുങ്ങിമരിച്ചത്.

മുദ്ദന നാരായണ റാവു (49), ഗോകുൽ മെഡിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ചാൻഡ്ലറിലാണ് ഇവർ താമസിച്ചിരുന്നത്.

ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാൻ സാധിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരും ഭാര്യാഭർത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുൽ. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. സോഫ്റ്റ് വെയർ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

ബേംബ് സൈക്ലോൺ: മഞ്ഞു വീണ് US ൽ 57 മരണം

അമേരിക്കയിൽ കനത്ത ഹിമപാതത്തെ തുടർന്ന് 57 പേർ മരിച്ചു. കാനഡയിലും അതിശൈത്യവും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. 27 പേർ പടിഞ്ഞാറൻ ന്യൂയോർക്കിലെ എറി കൗണ്ടിയിൽ മാത്രം മരിച്ചു. ന്യൂയോർക്കിൽ 45 വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ബോംബ് സൈക്ലോൺ എന്ന പേരിലാണിത് അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അതിശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ന്യൂയോർക്കിനെയാണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. ഹിമക്കാറ്റും ആർട്ടിക് ഹിമപാതവും യു.എസിലെ മിക്ക സംസ്ഥാനങ്ങളെയും ബാധിച്ചു.

വിമാനങ്ങൾ റദ്ദാക്കി
2085 വിമാനങ്ങളാണ് ഇന്നലെ ഉച്ചവരെ റദ്ദാക്കിയത്. ഡെൻവർ, അറ്റ്‌ലാന്റ, ലാസ് വേഗാസ്, സേറ്റൽ, ബാൾട്ടിമോർ, ഷിക്കാഗോ വിമാനത്താവളങ്ങളെ ഹിമപാതം ബാധിച്ചു.അമേരിക്കയിലെ 60 ശതമാനം പേരെയും മഞ്ഞു വീഴ്ച ബാധിച്ചു. ഒരുലക്ഷം വീടുകൾ മഞ്ഞിനടിയിലായി.

ഏറ്റവും കൂടുതൽ മരണം ന്യൂയോർക്കിൽ
ന്യൂയോർക്കിലെ എറി കൗണ്ടിയിലെ ബഫാലോയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 18 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇവിടെ റോഡുകളെല്ലാം മഞ്ഞിനടിയിലാണ്. യാത്രാ സംവിധാനം പൂർണമായി തടസ്സപ്പെട്ടു. ഇനിയും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. യു.എസിലെ മറ്റു പ്രദേശങ്ങളിലും ശൈത്യം തുടരുകയാണ്. ബഫാലോയിൽ മൂന്നു ദിവസത്തിനിടെ 49.2 ഇഞ്ചും, വാട്ടർടൗണിൽ 41.1 ഇഞ്ചും മഞ്ഞുവീണു. ജനങ്ങൾ വീട്ടിൽ കഴിയണമെന്ന് പലയിടത്തും നിർദേശം നൽകി.
കാനഡയിലും കടുത്ത ശൈത്യവും വൻ മഞ്ഞുവീഴ്ച തുടരുകയുമാണ്. മെക്‌സിക്കൻ അതിർത്തിയിലെ ഗ്രേറ്റ് ലേയ്ക് കാനഡ മുതൽ റിയോ ഗ്രാന്റ് വരെ ഹിമപാതം ശക്തമാണ്. യു.എസിലെ 12 സംസ്ഥാനങ്ങളെയാണ് അതിശൈത്യം ബാധിച്ചത്. കൊളറാഡോ, ഇല്ലിനോയ്‌സ്, കനാസസ്, കെന്റുകി, മിഷിഗൺ, മിസൗറി, നെബ്രാസ്‌ക, ന്യൂയോർക്ക്, ഒഹിയോ, ഒക്‌ലഹോമ, ടെന്നിസി, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത ഹിമപാതം തുടരുന്നത്. ബഫാലോയിൽ മണിക്കൂറിൽ 2 മുതൽ 3 ഇഞ്ച് മഞ്ഞാണ് വീഴുന്നത്. 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകാമെന്നാണ് കാലാവസ്ഥാ ഏജൻസിയായ നാഷനൽ വെതർ സർവിസ് പറയുന്നത്.

ന്യൂനമർദമല്ല: ഫിലിപ്പൈൻസിൽ പെട്ടെന്നുണ്ടായ പ്രളയത്തിലും ഉരുൾ പൊട്ടലിലും 13 മരണം

ക്രിസ്മസ് ദിനത്തിൽ തെക്കൻ ഫിലിപ്പൈൻസിലുണ്ടായ തീവ്രമഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. 23 പേരെ കാണാനില്ല. 46,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. രണ്ടു ദിവസമായി തുടർച്ചയായി പെയ്ത മഴയാണ് ക്രിസ്മസ് ദിനത്തിൽ പ്രളയമുണ്ടാക്കിയത്. 1.66 ലക്ഷം പേരെ ഈ പ്രളയം ബാധിച്ചുവെന്നാണ് നാഷനൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആന്റ് മാനേജ്‌മെന്റ് കൗൺസിൽ ( National Disaster Risk Reduction and Management Council) കണക്കുകൾ.
ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ഈ മേഖലകളിൽ പൊലിസും അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പുഴകൾ റോഡുകളിലൂടെ കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. പന്നി, കന്നുകാലികൾ, കോഴി, ആട് എന്നിവയും ഒഴുക്കിൽപ്പെട്ട് ചത്തുവെന്ന് ക്ലാരിൻ ടൗൺ മേയർ എമെറ്റെറിയോ റോവ പറഞ്ഞു.

മഴക്ക് കാരണം ന്യൂനമർദമല്ല
ക്രിസ്മസ് ഫിലിപ്പൈൻസിലെ പ്രധാന ആഘോഷമാണ്. ഈ സമയത്ത് ന്യൂനമർദമോ മറ്റോ കനത്ത മഴ നൽകാറില്ല. ഇത്തവണ മഴ നൽകിയതും ന്യൂനമർദമില്ല. ചൂടുള്ള വായുവും തണുത്ത കാറ്റും സംയോജിച്ച് മേഘങ്ങൾ രൂപപ്പെട്ടതാണ് പേമാരിക്ക് കാരണം. തെക്കൻ ഫിലിപ്പൈൻസിൽ ഇത് കനത്ത മഴ നൽകി. മുൻപ് കൊച്ചിയിലും ചക്രവാതച്ചുഴിയിൽ സമാനരീതിയിൽ കനത്ത മഴയുണ്ടാകുകയും നഗരം വെള്ളത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ ഫിലിപ്പൈൻസിൽ ചൂടുള്ള കാറ്റും തണുത്ത കാറ്റുമാണ് മഴക്ക് കാരണമായത്.

അതിശൈത്യം, മഞ്ഞുവീഴ്ച: യു.എസിൽ മരണം 32 ആയി

അമേരിക്കയിൽ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 32 ആയി. ക്രിസ്മസ് ദിനത്തിൽ വടക്കൻ യു.എസിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പുറത്തിറങ്ങാനായില്ല. കിഴക്കൻ യു.എസിലും മഞ്ഞുവീഴ്ചയും ശൈത്യവും രൂക്ഷമാണ്.
വീടുകളും വാഹനങ്ങളും മഞ്ഞുവീഴ്ചയിൽ പുതഞ്ഞു. പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫാലോ മേഖലയിൽ മഞ്ഞു വീഴ്ച മുലം രക്ഷാപ്രവർത്തനം പോലും തടസ്സപ്പെട്ടു. ഇവിടെ മൈനസ് ഡിഗ്രിയാണ് താപനില. ജനങ്ങൾ വീടുകളിൽ ചൂടുള്ള സ്ഥലത്ത് കഴിയണമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.യു.എസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ നാഷനൽ വെതർ സർവിസും 6 അടിയിലേറെ മഞ്ഞു പുതഞ്ഞ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. റോഡുകളിൽ വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞു പോയ ദൃശ്യങ്ങളും പുറത്തുവന്നു.


വില്ലനായി ഹിമക്കാറ്റ്

ക്രിസ്മസ് ദിനത്തിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ട് ലക്ഷത്തിലധികം പേർക്ക് വൈദ്യുതി മുടങ്ങി. അഞ്ചു ദിവസത്തോളം യു.എസിൽ മഞ്ഞുവീഴ്ച തുടരുകയും ഹിമക്കാറ്റ് ശക്തമാകുകയും ചെയ്തിരുന്നു. ഇതാണ് മഞ്ഞു വീഴ്ച ആറടിയോളം എത്തിച്ചത്. യു.എസിലെ 48 സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്. ഹിമക്കാറ്റിന് നേരിയ ശമനമുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്.

വിമാനങ്ങൾ റദ്ദാക്കി

ആയിരക്കണക്കിന് വിമാന സർവിസുകളും വിവിധ ദിവസങ്ങളിലായി റദ്ദാക്കി. ഞായറാഴ്ച 2,400 വിമാനങ്ങളും ശനിയാഴ്ച 3,500 സർവിസുകളും വെള്ളിയാഴ്ച 6000 വിമാന സർവിസുകളും റദ്ദാക്കി. ഷിക്കാഗോ, ഡെൻവർ, ഡിട്രോയിറ്റ്, ന്യൂയോർക്ക് എന്നീ വിമാനതാവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. ഏറ്റവും തിരക്കുള്ള റോഡുകളും അടച്ചിട്ടു. യു.എസിൽ മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥാ ഏജൻസിയായി നാഷനൽ വെതർ സർവിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു.എസിൽ ശക്തമായ ഭൂചലനം : വീടുകൾ തകർന്നു, 80 തുടർചലനങ്ങളും

വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 75,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാലിഫോര്‍ണിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 80 ഓളം തുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം മുടങ്ങി. പലയിടത്തും റോഡുകള്‍ വിണ്ടുകീറിയതു മൂലം കുടിവെള്ള പൈപ്പുകളും വൈദ്യുതി കേബിളുകളും മുറിഞ്ഞു. രണ്ടു പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 20 ഓളം പേര്‍ക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഹംബോള്‍ഡ് കൗണ്ടിയിലെ സാന്‍ഫ്രാന്‍സിസ്‌കോക്ക് വടക്ക് 350 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ചുവന്ന മരങ്ങളുടെ വനം എന്നറിയപ്പെടുന്ന മേഖലയിലാണ് പ്രഭവ കേന്ദ്രം. കൗണ്ടിയില്‍ ഭൂചലനത്തിനു പിന്നാലെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിമാനം ആകാശ ചുഴിയിൽ പെട്ട് 11 പേരുടെ നില ഗുരുതരം

അമേരിക്കയിലെ ഹവായിയിൽ വിമാനം ആകാശച്ചുഴിയിൽ പെട്ട് 20 പേർക്ക് പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. ഹവായിയൻ എയർലൈൻസാണ് യു.എസ് നഗരമായ ഫൊനിക്‌സിനും ഹൊനോലുലുക്കും ഇടയിലുള്ള യാത്രയിൽ ആകാശച്ചുഴിയിൽപ്പെട്ടത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ വിമാന ജീവനക്കാരുമുണ്ടെന്നും തങ്ങളുടെ വിമാനം സമീപ കാലത്ത് ഇത്തരം അപകടത്തിൽപ്പെട്ടിട്ടില്ലെന്നും വിമാനക്കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൻ സ്‌നൂക് പറഞ്ഞു. 278 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒരാളെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും 11 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.യാത്രക്കാർ തലയിടിച്ചു വീണതിനെ തുടർന്നാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. ഛർദി, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ആശുപത്രിയിലെത്തിച്ചവർ പ്രകടിപ്പിക്കുന്നുണ്ട്.

എന്താണ് ആകാശച്ചുഴി, കാലാവസ്ഥ മുന്നറിയിപ്പുണ്ടായില്ല

അന്തരീക്ഷത്തിൽ മർദം കുറഞ്ഞ മേഖലയിൽ വിമാനം എത്തുമ്പോൾ കുഴിയിൽ വീഴുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടാകുന്നതിനെ ആകാശച്ചുഴിയിൽ പെടുക എന്നത് കൊണ്ട് അർഥമാക്കുന്നത്. വിമാന ഗതാഗതത്തിന് ഉപയോഗിക്കുന്ന ഏവിയേഷൻ മീറ്റിയോറോളജി വിഭാഗം ഇക്കാര്യം കണ്ടെത്താറുണ്ട്. എന്നാൽ ഹവായയൻ എയർലൈൻസ് അപകടത്തിൽപ്പെട്ട മേഖലയിൽ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നില്ല. അമേരിക്കൻ കാലാവസ്ഥാ വകുപ്പായ നാഷനൽ വെതർ സർവിസ് ഹൊനുലുലുവിലെ മീറ്റിയോറളജിസ്റ്റ് തോമസ് വോഗൻ പറഞ്ഞു. വിമാനം കടന്നു പോയ ഓയാഹു മേഖലയിൽ ഇടിയോടുകൂടെ മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയിരുന്നത്. എന്നാൽ വിമാനത്തിലെ കാലാവസ്ഥാ വിവരത്തിൽ മേഖലയിൽ അസ്ഥിരമായ വായുവിന്റെ മേഖല ഉള്ളതായി അറിയിപ്പുണ്ടായിരുന്നുവെന്നും എന്നാൽ മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും വിമാനക്കമ്പനി സി.ഇ.ഒ പറഞ്ഞു. എത്ര ഉയരത്തിലാണ് ആകാശച്ചുഴിയെന്ന് പൈലറ്റിന് അറിയില്ലായിരുന്നു. അപകടത്തെ കുറിച്ച് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ ഉൾപ്പെടെ അന്വേഷണത്തിന് ഉപയോഗിക്കും.