Menu

Insurence

ബേംബ് സൈക്ലോൺ: മഞ്ഞു വീണ് US ൽ 57 മരണം

അമേരിക്കയിൽ കനത്ത ഹിമപാതത്തെ തുടർന്ന് 57 പേർ മരിച്ചു. കാനഡയിലും അതിശൈത്യവും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. 27 പേർ പടിഞ്ഞാറൻ ന്യൂയോർക്കിലെ എറി കൗണ്ടിയിൽ മാത്രം മരിച്ചു. ന്യൂയോർക്കിൽ 45 വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ബോംബ് സൈക്ലോൺ എന്ന പേരിലാണിത് അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അതിശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ന്യൂയോർക്കിനെയാണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. ഹിമക്കാറ്റും ആർട്ടിക് ഹിമപാതവും യു.എസിലെ മിക്ക സംസ്ഥാനങ്ങളെയും ബാധിച്ചു.

വിമാനങ്ങൾ റദ്ദാക്കി
2085 വിമാനങ്ങളാണ് ഇന്നലെ ഉച്ചവരെ റദ്ദാക്കിയത്. ഡെൻവർ, അറ്റ്‌ലാന്റ, ലാസ് വേഗാസ്, സേറ്റൽ, ബാൾട്ടിമോർ, ഷിക്കാഗോ വിമാനത്താവളങ്ങളെ ഹിമപാതം ബാധിച്ചു.അമേരിക്കയിലെ 60 ശതമാനം പേരെയും മഞ്ഞു വീഴ്ച ബാധിച്ചു. ഒരുലക്ഷം വീടുകൾ മഞ്ഞിനടിയിലായി.

ഏറ്റവും കൂടുതൽ മരണം ന്യൂയോർക്കിൽ
ന്യൂയോർക്കിലെ എറി കൗണ്ടിയിലെ ബഫാലോയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 18 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇവിടെ റോഡുകളെല്ലാം മഞ്ഞിനടിയിലാണ്. യാത്രാ സംവിധാനം പൂർണമായി തടസ്സപ്പെട്ടു. ഇനിയും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. യു.എസിലെ മറ്റു പ്രദേശങ്ങളിലും ശൈത്യം തുടരുകയാണ്. ബഫാലോയിൽ മൂന്നു ദിവസത്തിനിടെ 49.2 ഇഞ്ചും, വാട്ടർടൗണിൽ 41.1 ഇഞ്ചും മഞ്ഞുവീണു. ജനങ്ങൾ വീട്ടിൽ കഴിയണമെന്ന് പലയിടത്തും നിർദേശം നൽകി.
കാനഡയിലും കടുത്ത ശൈത്യവും വൻ മഞ്ഞുവീഴ്ച തുടരുകയുമാണ്. മെക്‌സിക്കൻ അതിർത്തിയിലെ ഗ്രേറ്റ് ലേയ്ക് കാനഡ മുതൽ റിയോ ഗ്രാന്റ് വരെ ഹിമപാതം ശക്തമാണ്. യു.എസിലെ 12 സംസ്ഥാനങ്ങളെയാണ് അതിശൈത്യം ബാധിച്ചത്. കൊളറാഡോ, ഇല്ലിനോയ്‌സ്, കനാസസ്, കെന്റുകി, മിഷിഗൺ, മിസൗറി, നെബ്രാസ്‌ക, ന്യൂയോർക്ക്, ഒഹിയോ, ഒക്‌ലഹോമ, ടെന്നിസി, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത ഹിമപാതം തുടരുന്നത്. ബഫാലോയിൽ മണിക്കൂറിൽ 2 മുതൽ 3 ഇഞ്ച് മഞ്ഞാണ് വീഴുന്നത്. 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകാമെന്നാണ് കാലാവസ്ഥാ ഏജൻസിയായ നാഷനൽ വെതർ സർവിസ് പറയുന്നത്.

യു.എസിൽ ശക്തമായ ഭൂചലനം : വീടുകൾ തകർന്നു, 80 തുടർചലനങ്ങളും

വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 75,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാലിഫോര്‍ണിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 80 ഓളം തുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം മുടങ്ങി. പലയിടത്തും റോഡുകള്‍ വിണ്ടുകീറിയതു മൂലം കുടിവെള്ള പൈപ്പുകളും വൈദ്യുതി കേബിളുകളും മുറിഞ്ഞു. രണ്ടു പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 20 ഓളം പേര്‍ക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഹംബോള്‍ഡ് കൗണ്ടിയിലെ സാന്‍ഫ്രാന്‍സിസ്‌കോക്ക് വടക്ക് 350 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ചുവന്ന മരങ്ങളുടെ വനം എന്നറിയപ്പെടുന്ന മേഖലയിലാണ് പ്രഭവ കേന്ദ്രം. കൗണ്ടിയില്‍ ഭൂചലനത്തിനു പിന്നാലെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മൺസൂണിനിടെ മലേഷ്യയിൽ മണ്ണിടിച്ചിലിൽ 19 മരണം

മലേഷ്യയിലെ മൺസൂണിനിടെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു. സെലാൻഗൊർ സംസ്ഥാനത്തെ അവധിക്കാല ക്യാംപ് സൈറ്റിലാണ് ദുരന്തം. 20 ലേറെ പ്രൈമറി സ്‌കൂൾ അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് രാത്രികാല ക്യാംപിനെത്തിയിരുന്നത്. ഇവരാണ് അപകടത്തിൽപ്പെട്ടത്.
ബതാങ് കാലി ടൗൺഷിപ്പിലെ ടെന്റുകളിൽ ഉറങ്ങുകയായിരുന്ന കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. പ്രദേശത്ത് കാര്യമായ മഴ ഉണ്ടായിരുന്നില്ലെന്നും ഭൂചലനം സംഭവിച്ചോയെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. 30 മീറ്റർ ഉയരത്തിൽ ചെരിവുള്ള ഭാഗമാണ് ഇടിഞ്ഞത്.
ടെന്റുകൾക്ക് മുകളിലേക്ക് പൊടുന്നനെ മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്ന് മലേഷ്യൻ പത്രം ബെരിട്ട ഹരിയൻ റിപ്പോർട്ട് ചെയ്തു.
ക്യാംപിൽ 51 മുതിർന്നവരും 30 കുട്ടികളും രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ഫാം മാനേജർ പറയുന്നത്. 14 പേരെ കാണാനില്ലെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 700 പേരടങ്ങുന്ന ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമും മറ്റു മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി. തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 50 കി.മി വടക്കാണ് ദുരന്തമുണ്ടായ പ്രദേശം. സെലൻഗോർ നേരത്തെയും നിരവധി ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെടും: കേരളത്തിൽ ചൊവ്വ വരെ മഴ വിട്ടു നിൽക്കും

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം സമാന ശക്തിയിൽ തുടരുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ വീണ്ടും ശക്തിപ്പെട്ട് വെൽ മാർക്ഡ് ലോ പ്രഷർ ആയി മാറും. തുടർന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരം ലക്ഷ്യമാക്കി നീങ്ങും.

അതിനിടെ, അറബി കടലിൽ കഴിഞ്ഞ ദിവസം രൂപംകൊണ്ട മന്ദൂസ് ചുഴലിക്കാറ്റിന്റെ ശേഷിപ്പായ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദം ആയി മാറി. ഇത് മധ്യ കിഴക്കൻ അറബി കടലിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഗോവയിൽ നിന്ന് ഏകദേശം 700 കി.മീ ഉം ഒമാനിലെ സലാലയിൽ നിന്ന് 1400 കി.മീ ഉം അകലെയാണ്. അടുത്ത 12 മണിക്കൂർ കൂടി ഈ സിസ്റ്റവും സമാന ശക്തിയിൽ തുടരും .

കേരളത്തിലെ മഴ സാധ്യത
കേരളത്തിൽ ചൊവ്വാഴ്ച വരെ മഴ വിട്ടു നിൽക്കും. മികവാറും ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. അതിന് ശേഷം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മഴ തിരികെ എത്താൻ കാരണമാകും. കൂടുതലും തെക്കൻ കേരളത്തിനാണ് മഴ സാധ്യത. ന്യൂനമർദത്തിന്റെ ട്രാക്ക് അനുസരിച്ച് മഴ സാധ്യതയിൽ മാറ്റം ഉണ്ടാകും. ഞങ്ങളുടെ അപ്ഡേഷൻ ശ്രദ്ധിക്കുക.

അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി: കേരളത്തിൽ മഴ കുറയും

കഴിഞ്ഞദിവസം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെട്ടു അതി തീവ്ര ന്യൂനമർദ്ദം അഥവാ ഡീപ് ഡിപ്രഷൻ ആയി മാറി. മധ്യ കിഴക്കൻ അറബിക്കടലിൽ ആണ് ഡീപ് ഡിപ്രഷൻ നിലനിൽക്കുന്നത്. ഇത് ഇന്ത്യൻ തീരത്തു നിന്ന് അകലെയാണ്. ഗോവക്ക് സമാന്തരമായാണ് ന്യൂനമർദ സ്ഥാനം.

ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്ന് 580 കി.മീ പടിഞ്ഞാറ് വടക്കു പടിഞ്ഞാറും ഗോവയിൽ നിന്ന് 630 കി മി. പടിഞ്ഞാറ് തെക്കു പടിഞാറുമാണ് സ്ഥാനം. ഈ ന്യൂനമർദ്ദം ഒമാനിനെ ബാധിക്കില്ല. തണുത്ത സമുദ ഉപരിതലം ന്യൂനമർദ്ദത്തെ ദുർബലപ്പെടുത്തും. കേരളത്തിൽ ഇന്നു മുതൽ ഏതാനും ദിവസത്തേക്ക് മഴ കുറയും.