ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടാതെ ഒഡീഷ തീരത്ത് തുടരുന്നു. നേരത്തെയുള്ള ഞങ്ങളുടെ പോസ്റ്റ് പ്രകാരം ഇന്ന് ന്യൂനമർദ്ദം ശക്തിപ്പെടുമെന്നായിരുന്നു നിരീക്ഷണം. എന്നാൽ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിലെ ശക്തിപ്പെടാൻ സാധ്യതയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും മറ്റ് സ്വകാര്യ ഏജൻസികളുടെയും നിഗമനം. ന്യൂനമർദ്ദം ശക്തിപ്പെട്ട ശേഷം ഒഡീഷ ആന്ധ്ര തീരങ്ങൾക്ക് സമീപത്തേക്ക് നീങ്ങാനാണ് സാധ്യത.
കേരളത്തിലെ മഴ സാധ്യത ഇങ്ങനെ
ദക്ഷിണേന്ത്യയിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായി മഴ ലഭിക്കാനുള്ള അന്തരീക്ഷ സ്ഥിതിയാണ് നിലവിലുള്ളതെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. മൺസൂൺ മഴപ്പാത്തി എന്ന മൺസൂൺ ട്രഫ് തെക്ക് അതിൻറെ സാധാരണ നിലയിലാണ്. കൊങ്കൺ മേഖലയിൽ നിന്ന് ന്യൂനമർദ്ദ മേഖലയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം തെക്കൻ ഉൾനാടൻ കർണാടകയിൽ തുടർന്നിരുന്ന ചക്രവാതചുഴി ദുർബലപ്പെട്ടെങ്കിലും ഈ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനംമൂലം വടക്കൻ കേരളത്തിൽ ഇടവിട്ടുള്ള മഴ ഇനിയും തുടരും . കൂടാതെ അറബിക്കടലിൽ ശക്തിപ്പെട്ട കാലവർഷക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും സ്ട്രീം ചെയ്യപ്പെടുന്നുണ്ട്. ഇതിനാൽ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിന് മുകളിൽ എത്തുന്ന മുറക്ക് മഴ പെയ്യാനുള്ള സാഹചര്യമാണ് അടുത്ത 48 മണിക്കൂറിൽ ഉള്ളത്. അറബി കടലിൽ താരതമ്യേന മേഘരൂപീകരണം കുറവായതിനാലാണ് കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തിൽ ലഭിക്കാത്തത് . മധ്യകേരളത്തിലോ വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. കിഴക്കൻ മേഖലകളിലും ശക്തമായ മഴ വൈകുന്നേരങ്ങളിലും രാത്രിയിലും പ്രതീക്ഷിക്കാം. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത എന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് മെറ്റ്ബീറ്റ് വെതർ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.