അസാനി ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശ് തീരത്തേക്ക് കൂടുതൽ അടുത്തതോടെ കേരളത്തിലും സ്വാധീനം തുടരുകയാണ്. ഇന്നത്തെ metbeat വെതറിലെ പോസ്റ്റുകൾ വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. ഇന്നലെ രാത്രിയും ഇന്ന് പകലും ലഭിച്ചതു പോലുള്ള മഴ ഇന്ന് രാത്രിയും എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. അസാനി തീവ്ര ചുഴലിയിൽ നിന്ന് ദുർബലമായാൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇപ്പോൾ ഇതോടൊപ്പമുള്ള ഉപഗ്രഹ ചിത്രത്തിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവ പുൾ എഫക്ട് വഴി എത്തിയ മേഘങ്ങളാണ്. പൊതുവെ സാന്ദ്രത കുറഞ്ഞ ലോ ക്ലൗസുകൾ. കേരളം ഉൾപ്പെടുന്ന പ്രദേശം ഇപ്പോൾ മർദ്ദം കുറഞ്ഞ നിലയിലാണ്. അതിനാൽ മേഘം എത്താം. മഴ പെയ്യാം. കാറ്റിന് അസ്ഥിരതയുണ്ട്. അതിനാൽ മഴ പൊടുന്നനെ പെയ്യുകയും ബ്രേക്കിട്ട പോലെ നിൽക്കുന്നതും ചിലയിടങ്ങളിൽ കാണാം. രാത്രി വൈകിയും പുലർച്ചെയും രാവിലെയും ആണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നൽ പ്രതീക്ഷിക്കാം. നാളെത്തോടെ അസാനി സാന്നിധ്യം കേരളത്തിൽ കുറഞ്ഞു തുടങ്ങുമെങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ വരെ എന്തായാലും കേരള, ലക്ഷദ്വീപ് തീരത്ത് കടലിൽ പോകരുത്. തുടർന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പാലിക്കണം. കടൽ പ്രക്ഷുബ്ധമാകുകയും കാറ്റ് പെട്ടെന്ന് 50 കി.മീ എത്തുകയും ചെയ്യും.