ഇന്ന് ആൻഡമാൻ കടലിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രൂപപ്പെട്ടില്ല. ചക്രവാതച്ചുഴി ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മി ഉയരത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ നാളെയോടെ ഇത് ന്യൂനമർദമായേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടർന്ന് പതിയെ ശക്തിപ്പെട്ട് തെക്കേ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങും. ന്യൂനമർദം രൂപപ്പെട്ട് രണ്ട് ദിവസം കൊണ്ട് ശക്തിപ്പെട്ട് തീവ്രന്യൂനമർദം (ഡിപ്രഷൻ) ആയി മാറും. ഈ സിസ്റ്റം നിലവിൽ മണ്ടൂസ് ചുഴലിക്കാറ്റാകുമെന്ന് പ്രവചനമില്ല. സിസ്റ്റം ഏതു പാതയിൽ സഞ്ചരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും ന്യൂനമർദം ചുഴലിക്കാറ്റാകുമോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
തിങ്കൾ വരെ മഴ വിട്ടുനിൽക്കും
കേരളത്തിൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ വിശദീകരിച്ചതുപോലെ മഴ ഏതാനും ദിവസം കുറയും. തിങ്കൾ വരെ ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ന്യൂനമർദം കിഴക്കൻ കാറ്റിനെ തടസപ്പെടുത്തുന്നതും പടിഞ്ഞാറൻ കാറ്റിനെ അറബിക്കടലിലെ ചക്രവാതച്ചുഴി തടസപ്പെടുത്തുന്നതുമാണ് കാരണം. കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്‌നാട്ടിൽ കരകയറി കേരളത്തിനു മുകളിലൂടെ അറബിക്കടലിലെത്തിയ ന്യൂനമർദം ഇപ്പോൾ തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4.5 കി.മി ഉയരത്തിൽ ചക്രവാതച്ചുഴിയായി നിലകൊള്ളുകയാണ്. കേരളതീരത്തോട് ചേർന്ന് മറ്റൊരു ചക്രവാത ചുഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ നിലകൊള്ളുന്നതിനാൽ പുലർച്ചെയും രാവിലെയും തീരപ്രദേശത്ത് ഏറെ നേരം നീണ്ടു നിൽക്കാത്ത മഴ പ്രതീക്ഷിക്കാം. ഇത് താൽക്കാലികമാണ്. ഇതു ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് വരണ്ട കാലാവസ്ഥയിലേക്ക് ഇനിയുള്ള നാലു ദിവസം നീങ്ങുമെന്നാണ് നിരീക്ഷണം. തിങ്കളാഴ്ചക്ക് ശേഷം പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്.