ഹൈഡ്രജൻ വിമാനവുമായി എയർബസ്, പരീക്ഷണങ്ങൾ തുടങ്ങി

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ലോകം ഒന്നടങ്കം ചർച്ചചെയ്യവെ ഹൈഡ്രജൻ വാഹനങ്ങൾ വിപണിയിലേക്കെത്തുകയാണ്. ഇതിനകം ഹൈഡ്രജൻ ചെറു വിമാനവും ട്രെയിനും സർവിസ് നടത്തിക്കഴിഞ്ഞു. ഇനിയിതാ വരുന്നു എയർബസ് വിമാനവും. ഇതിന്റെ പരീക്ഷണങ്ങൾ തുടങ്ങിയെന്ന് എയർബസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി. എയർബസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസ് വായു മലിനീകണം ഉണ്ടാക്കാത്ത ഹൈഡ്രജൻ വിമാന എൻജിൻ പരീക്ഷണങ്ങളാണ് നടത്തുന്നത്. കാർബൺ എമിഷൻ ഇല്ല എന്നതാണ് ഇതിന്റെ സവിശേഷത. വിമാനങ്ങൾ പുറത്തുവിടുന്ന കാർബൺ ആഗോള താപനത്തിന് മറ്റൊരു കാരണമാണ്. അന്തരീക്ഷത്തെ മലിനപ്പെടുത്തിയാണ് വിമാനങ്ങൾ ഇപ്പോൾ സർവിസ് നടത്തുന്നത്. കാലാവസ്ഥ മാറ്റുന്നതിലും വിമാനങ്ങൾക്ക് കാലാവസ്ഥാ പ്രവചനത്തെ സഹായിക്കുന്നതു പോലെ പങ്കുണ്ട്.
2035 ൽ വലിയ വിമാനമായ എയർബസിന്റെ ഹൈഡ്രജൻ വിമാനം സർവിസ് നടത്തുമെന്നാണ് കമ്പനി പറയുന്നത്. ഹെഡ്രജൻ എൻജിനിന്റെ ഗ്രൗണ്ട്, ഫ്‌ളൈറ്റ് ടെസ്റ്റുകൾ കമ്പനി തുടങ്ങി. എ380 എന്ന വലിയ എയർബസ് വിമാനത്തിനാണ് പരീക്ഷണം നടക്കുന്നത്. എ 380 എം.എസ്.എൻ001 എന്ന വിമാനമാണ് ഹൈഡ്രജൻ എൻജിൻ പരീക്ഷണം നടത്തുന്നത്. ദ്രവീകൃത ഹൈഡ്രജൻ ഇന്ധനമാണ് വിമാനത്തിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് എൻജിൻ പോലെ മറ്റു ഉപകരണങ്ങളും എൻജിനൊപ്പം ഉണ്ടാകും.
1000 നോട്ടിക്കൽ മൈൽ വരെ 100 യാത്രക്കാരുമായി പറക്കാൻ കഴിയുന്ന ഹൈഡ്രജൻ വിമാനം ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. ഹൈഡ്രജൻ എൻജിൻ പ്രവർത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നില്ലെന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ പുറംതള്ളൽ ഇല്ലാതാക്കാനാകും. നൈട്രജൻ ഓക്‌സൈഡുകളും ഇവ പുറത്തുവിടുന്നില്ല. ഹൈഡ്രജൻ തന്മാത്ര വിഘടിച്ച് പ്രോട്ടോണും ഇലക്ട്രോണുമായി മാറി വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് ഇതിന്റെ സവിശേഷത.

Leave a Comment