മരുഭൂമിയിൽ ഒരു ഗോതമ്പു പാടം. യു.എ.ഇയിലെ ഷാർജയിലെ മലീഹയിലാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് അത്യാധൂനിക ഗോതമ്പു കൃഷി നടത്തുന്നത്. രണ്ടു മാസം മുൻപ് ഞാറു നട്ട ഗോതമ്പ് ചെടി തളിരിട്ടു തുടങ്ങിയിരിക്കുകയാണ്. 400 ഹെക്ടർ പാടത്താണ് ഇപ്പോൾ കൃഷിയുള്ളത്. 2025 നുള്ളിൽ 1400 ഹെക്ടർ സ്ഥലത്തക്ക് ഗോതമ്പ് കൃഷി വ്യാപിപ്പിക്കും. ഗോതമ്പ് പാടം കാണാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച എത്തി.
ഗോതമ്പ് പാടം ഒന്നാകെ പച്ചപുതച്ചത് അപൂർവ കാഴ്ചയായി മാറുകയാണ്. അത്യാധുനിക കൃഷി രീതികളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. മലീഹയിലെ ഗോതമ്പ് പാടത്ത് നവംബറിലാണ് വിത്തിറക്കിയത്.
ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം നവംബറിൽ നിർവഹിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകുന്നത്. മാരക രാസകീടനാശിനികൾ ഇല്ലാതെ വേണം കൃഷി നടത്താനെന്നും നിർദേശിച്ചിരുന്നു. 2024 ൽ ഗോതമ്പ് കൃഷി 880 ഹെക്ടറിലേക്കും 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പദ്ധതി ഷാർജക്ക് തുണയാകും.
കാലാവസ്ഥയും മണ്ണും എ.ഐ പരിശോധിക്കും
500 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലാണ് പാടമുള്ളത്. 13 കി.മി അകലെ നിന്നുള്ള ജലാശയത്തിൽ നിന്നാണ് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്. ആറു വലിയ പമ്പുകൾ ഇതിനായി ഉപയോഗിക്കുന്നു. 60,000 ക്യുബിക് മീറ്റർ വെള്ളമാണ് ഇവ ദിവസവും പമ്പു ചെയ്യുന്നത്.
പാടത്തെ കാലാവസ്ഥയും മണ്ണിന്റെ ആരോഗ്യവും ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗിച്ചാണ് വിലയിരുത്തുന്നത്. അതിനാൽ ഒരു തുള്ളി വെള്ളം പോലും നഷ്ടമാകില്ല. ഷാർജ സർക്കാർ പദ്ധതി വിപുലപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം 880 ഹെക്ടറിലും മൂന്നാം ഘട്ടം 2025 ൽ 1,400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും.
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഗോതമ്പിന്റെ ഉത്പാദനത്തിന് കുറവുണ്ടായിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്നാണിത്. ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന രാജ്യങ്ങളാണ് ഉക്രൈനും റഷ്യയും. യു.എ.ഇ 80 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. മിഡിൽ ഈസ്റ്റും നോർത്ത് ആഫ്രിക്കയും തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണത്തിന്റെ പകുതിയും ഇറക്കുമതി ചെയ്യുകയാണ്.