2022 ലെ തുലാവർഷം നാളെ വിടവാങ്ങും

2022 ലെ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) നാളെ (വ്യാഴം) കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിടവാങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കൽ, കേരളം, മാഹി, തീരദേശ ആന്ധ്ര, യാനം, രായലസീമ. തെക്കു ഉൾനാടൻ കർണാടക എന്നീ മേഖലകളിലാണ് തുലാവർഷം ലഭിക്കുന്നത്. കാറ്റിന്റെ പാറ്റേണിൽ മാറ്റം വന്നതോടെ ഇവിടെ നിന്ന് തുലാവർഷം വിടവാങ്ങുമെന്നാണ് കരുതുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കാലവർഷവും തുലാവർഷവും എത്തുന്നതും വിടവാങ്ങുന്നതും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
തുലാവർഷത്തിന്റെ ഔദ്യോഗിക കണക്കെടുപ്പ് ഡിസംബർ 31 ന് അവസാനിച്ചിരുന്നു. 3 ശതമാനം മഴക്കുറവാണ് ഇത്തവണ കേരളത്തിലുണ്ടായത്.

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള മഴയാണ് തുലാവർഷ കലണ്ടറിൽ ഉൾപ്പെടുത്തുന്നത്. ഇതു പ്രകാരം കേരളത്തിൽ 492 എം.എം മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 476.1 എം.എം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മൂന്നു ശതമാനം മഴക്കുറവുണ്ടെങ്കിലും സാങ്കേതികമായി ഇത് സാധാരണ മഴയാണ്. ലക്ഷദ്വീപിൽ 10 ശതമാനം മഴക്കുറവുണ്ടെങ്കിലും സാധാരണ മഴ ലഭിച്ചു.

കണക്ക് കണക്കുന്നത് ഇങ്ങനെ

19 ശതമാനം മഴ കൂടുതലോ മഴ കുറവോ സാധാരണ മഴയും 20 മുതൽ 59 ശതമാനം വരെ മഴ കൂടുതൽ മഴ കൂടുതലായും 60 മുതൽ മുകളിലേക്കുള്ള ശതമാനം മഴ കൂടുതൽ വളരെ കൂടുതലുമായാണ് കണക്കാക്കുക. 20 മുതൽ 59 ശതമാനം കുറവ് മഴക്കുറവും 60 മുതൽ 99 ശതമാനം വരെ മഴക്കുറവ് വളരെ കുറവുമായാണ് കണക്കാക്കുക. 100 ശതമാനം മഴക്കുറവിനെ മഴയില്ലാതെയും കണക്കാക്കും.

2021 ൽ 109 % കൂടുതൽ ഇപ്പോൾ 3 % കുറവ്

2021 ൽ ന്യൂനമർദങ്ങൾ ശക്തമായതു കാരണം തുലാമഴയിൽ കേരളത്തിൽ 109 ശതമാനത്തിന്റെ വർധനവുണ്ടായിരുന്നു. അന്ന് കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) 14 ശതമാനം കുറയുകയും ചെയ്തു. ഈ വർഷം കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ കുറഞ്ഞത്. 41 ശതമാനം മഴക്കുറവിലാണ് കണ്ണൂരുള്ളത്. തൃശൂർ 31 ശതമാനവും കാസർകോട് 21 ശതമാനവും മലപ്പുറം 25 ശതമാനവും പാലക്കാട് 22 ശതമാനവും മഴ കുറഞ്ഞു.

കോട്ടയം (15%, എറണാകുളം (11%, ആലപ്പുഴ (2%), കാഴിക്കോട് (2%)തിരുവനന്തപുരം (0%), വയനാട് (18%) കൊല്ലം (14%)സാധാരണ മഴ ലഭിച്ചു.പത്തനംതിട്ടയിലും(37%) ഇടുക്കിയിലും (23%) കൂടുതൽ ലഭിച്ചു.
Photo : A Sanesh

Leave a Comment