ജോഷി മഠ്: ശാസ്ത്രീയ പഠനം അവഗണിച്ചു; ഇപ്പോൾ സ്ഥിതി ഗുരുതരം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഇപ്പോൾ താഴ്ന്നു പോകുന്ന ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 6,107 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ താഴ്‌വര. 23,000 പേരാണ് ഇവിടെ താമസിക്കുന്നത്. ബദ്രിനാഥും സിഖ് തീർഥാടന കേ്ന്ദ്രമായ ഹേംകുണ്ഡ് സാഹിബിലേക്കും പോകുന്ന പ്രധാന കവാടമാണ് ജോഷിമഠ്. യൂനെസ്‌കോയുടെ പൈതൃക പട്ടികയിലും ഈ മനോഹര താഴ്‌വാരം ഇടം നേടിയിട്ടുണ്ട്. ഇന്തോ – ചൈനാ അതിർത്തിയിലെ നിതി, മന ഗ്രാമങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. നിരവധി ട്രക്കിങ് ലൊക്കേഷനും ഇവിടേക്കടുത്താണ്. 1962 ലെ ഇന്ത്യ ചൈന യുദ്ധം മുതൽ ജോഷിമഠ് ദേശസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പ്രദേശമായി. ഇവിടെയായിരുന്നു അന്ന് ഇന്ത്യൻ സൈന്യം തമ്പടിച്ചിരുന്നത്. 2021 ഒക്ടോബർ മുതലാണ് വീണ്ടും ഇവിടെ വിള്ളൽ കണ്ടു തുടങ്ങിയത്. ഗാന്ധിനഗറിലെ സുനിൽ വാർഡിലായിരുന്നു ഇത്. 2022 സെപ്റ്റംബറോടെ വിള്ളലുകൾ വീടുകളിലേക്കും ബാധിച്ചു. ഇതിനു പിന്നിൽ ഇവിടത്തെ നിർമാണ പ്രവർത്തനങ്ങളാണെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ച രേഖയിലും കുറ്റപ്പെടുത്തിയിരുന്നു. അതീവ പരിസ്ഥിതി ദുർബല മേഖലയിൽ ടൂറിസവും തീർഥാടനവും സജീവമായതോടെ ഭൂമിയുടെ ഘടന പരിഗണിക്കാതെ നിരവധി കെട്ടിടങ്ങൾ വന്നു.

ശാസ്ത്രീയ റിപ്പോർട്ട് അവഗണിച്ചു

ഓരോ വർഷവും ജോഷിമഠ് ഒരു സെ.മി വീതം താഴുന്നുവെന്ന് 2006 ൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോഷിമഠ്, സെമ ഗ്രാമം, കാമെത് എന്നിവിടങ്ങൾ അതീവ പരിസ്ഥിതി ദുർബലമാണെന്നായിരുന്നു ശാസ്ത്രീയ പഠനം. ഡൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞ സ്വപ്‌നമിത ചൗധരിയാണ് പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. സുനിൽ, രവിഗ്രാം എന്നീ പ്രദേശങ്ങളിൽ വേഗത്തിൽ വിള്ളൽ വീഴുന്നത് സംഘം കണ്ടെത്തി. ഗ്രൗണ്ട് ഡിസ്‌പ്ലേ്‌സ്‌മെന്റ് സർവേയും സോയിൽ ക്രീപ് പഠനവുമാണ് ഇവർ നടത്തിയത്. ഇതനുസരിച്ച് വർഷം 80 മില്ലി മീറ്റർ മണ്ണ് തെന്നിനീങ്ങുന്നതായി കണ്ടെത്തി. ഇവിടെയാണ് എൻ.ടി.പി.സിയുടെ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ജനുവരി രണ്ടു മുതൽ നിർമാണം തുടങ്ങിയത്. സ്‌ഫോടനവും ഇവിടെ നടത്തി. ഈ കോളനിയാണ് ആദ്യം വിള്ളൽ കണ്ടതും. ജിയോ ഫിസിക്കൽ, ഹൈഡ്രോളജിക്കൽ പഠനങ്ങൾ നടത്താതെയായിരുന്നു ഇതെന്ന് വ്യക്തം. ഹൈവേ നിർമാണത്തിനും ജലവൈദ്യുത പദ്ധതിക്കും വേണ്ടി നടത്തിയ നിർമാണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

Leave a Comment